
















കൂട്ടക്കൊലപാതകത്തില്‍ വിറച്ച് തെലങ്കാന. പോക്‌സോ കേസ് ഇരയായ 16കാരിയെ അടക്കം ആറുപേരെ കൊലപ്പെടുത്തി യുവാവിന്റെ പരാക്രമം. റായ്‌വാലഗുഡ സ്വദേശിയായ രാജു കുമാര്‍ (35) ആണ് കൂട്ടക്കൊലപാതകം നടത്തിയത്. കൊല്ലപ്പെട്ടവരില്‍ ഇയാളുടെ സ്വന്തം ഭാര്യയും രണ്ട് മക്കളും ഉള്‍പ്പെടുന്നു. കൊല്ലപ്പെട്ട 16കാരിയുടെ പരാതിയില്‍ യുവാവിനെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. രംഗറെഡ്ഡി ജില്ലയിലെ ഷബാദ് ടൗണിലും റായ്‌വാലഗുഡയിലുമാണ് കൂട്ടക്കൊലപാതകം അരങ്ങേറിയത്. കാറില്‍ രക്ഷപ്പെട്ട പ്രതിക്കായി പൊലീസ് വ്യാപക തെരച്ചില്‍ നടത്തുകയാണ്.
വെള്ളിയാഴ്ച രാത്രി 10:45 ഓടെ ആണ് സംഭവങ്ങളുടെ തുടക്കം. ആറുകിലോമീറ്റര്‍ അപ്പുറത്തുള്ള ഷബാദ് ടൗണിലേക്ക് വാഹനമോടിച്ചെത്തിയ യുവാവ് പെണ്‍കുട്ടിയുടെ വീട്ടിലെത്തുകയായിരുന്നു. 42കാരിയായ പെണ്‍കുട്ടിയുടെ മാതാവ് വാതില്‍ തുറന്നതും യുവാവ് കത്തികൊണ്ട് ആക്രമിച്ചു. തുടര്‍ന്ന് വീടിനുള്ളിലേക്ക് അതിക്രമിച്ചു കടന്ന പ്രതി ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയുടെ മുത്തശ്ശിയെയും കൊലപ്പെടുത്തി. പെണ്‍കുട്ടിയെ ബലംപ്രയോഗിച്ച് കാറില്‍ കയറ്റി തന്റെ ഗ്രാമത്തിലെ തടാകത്തിന് സമീപം എത്തിച്ചു കുത്തിക്കൊലപ്പെടുത്തുകയും മൃതദേഹം ബണ്ടില്‍ തള്ളുകയുമായിരുന്നു.
മൂന്നുപേരെ കൊലപ്പെടുത്തിയ ശേഷം പ്രതി രാത്രി 11:21 ഓടെയാണ് സ്വന്തം വീട്ടിലേക്ക് എത്തിയതെന്നാണ് പൊലീസ് പറയുന്നത്. തുടര്‍ന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന 31കാരിയായ ഭാര്യയെയും നാലും 18 ഉം വയസ്സുള്ള രണ്ട് ആണ്‍മക്കളെയും കഴുത്തറുത്ത് കൊലപ്പെടുത്തി. പിന്നീട് ഷബാദില്‍ താമസിക്കുന്ന സ്വന്തം പിതാവിനെ വിളിച്ചു കൊലപാതക വിവരം അറിയിച്ച പ്രതി കാറില്‍ രക്ഷപ്പെട്ടു. പിതാവാണ് വിവരം പൊലീസിനെ അറിയിച്ചത്.
ഇക്കഴിഞ്ഞ മെയ് മാസമാണ് പ്രതിക്കെതിരെ പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും ഇതേ തുടര്‍ന്ന് പ്രതി ഒളിവിലായിരുന്നുവെന്നും ഷബാദ് പൊലീസ് അറിയിച്ചു. ജൂണ്‍ മാസം മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനെ തുടര്‍ന്നാണ് യുവാവ് പുറത്തിറങ്ങിയതും പിന്നീട് കൂട്ടക്കൊലപാതകം നടത്തിയതും. പ്രതി ഒളിവിലാണെന്നും തെരച്ചില്‍ തുടരുകയാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ തരുണ്‍ ജോഷി അറിയിച്ചു. സ്വന്തം കുടുംബത്തെ അടക്കം കൊലപ്പെടുത്താനുള്ള കാരണം അവ്യക്തമാണെന്നും കമ്മീഷണര്‍ അറിയിച്ചു.