
















കേരളത്തെ നടുക്കിയ നെന്മാറ ഇരട്ടക്കൊലക്കേസില്‍ കൊടും കുറ്റവാളി ചെന്താമരയ്ക്ക് വധശിക്ഷ വിധിച്ച് കോടതി. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ ഇരുഭാ?ഗങ്ങളുടേയും വിശദമായ വാദങ്ങള്‍ കേട്ട ശേഷമാണ് കോടതി ശിക്ഷ പുറപ്പെടുവിച്ചത്. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിവിധി. ചെന്താമര 20 ലക്ഷം പിഴയടക്കണമെന്നും ഈ തുക സുധാകരന്റെ മക്കള്‍ക്ക് നല്‍കണമെന്നും കോടതി ഉത്തരവിട്ടു. തുക നല്‍കാന്‍ ചെന്താമരക്ക് കഴിഞ്ഞില്ലെങ്കില്‍ സര്‍ക്കാര്‍ സഹായം നല്‍കണം. കൂടാതെ ചെന്താമര പിഴ അടച്ചില്ലെങ്കില്‍ 3 വര്‍ഷം തടവ് അനുഭവിക്കണമെന്നും കോടതി വിധിച്ചു.
ചെന്താമരയ്ക്ക് മാനസിക പ്രശ്‌നങ്ങളില്ലെന്നും സൈക്കോളജി, സൈക്ക്യാട്രി റിപ്പോര്‍ട്ടുകള്‍ ഇത് ശരിവെക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി. ഗാന്ധിയല്ല താനെന്ന് പ്രതി കോടതിയില്‍ പറഞ്ഞു. ഞാന്‍ അങ്ങോട്ട് പ്രശ്‌നത്തിന് പോകില്ല. ഇങ്ങോട്ട് വന്നാല്‍ വെറുതെ വിടില്ലെന്നും ചെന്താമര പറഞ്ഞെന്ന് കോടതി ചൂണ്ടിക്കാട്ടി. പ്രതിയെ പ്രകോപിപ്പിച്ചു എന്നതാണ് കുറ്റം ചെയ്യാനുള്ള കാരണം. കൊല്ലപ്പെട്ട സുധാകരന്റെ മകളുടെ കാര്യത്തില്‍ ഡിഫന്‍സ് കൗണ്‍സില്‍ മുന്‍പാകെ പ്രതി കുറ്റബോധം കാണിച്ചു. പ്രതിക്ക് മാനസാന്തരമുണ്ടാകില്ല. ഇരകളുടെ ഭാഗത്ത് നിന്ന് പ്രകോപനം ഉണ്ടായിട്ടില്ല. പ്രകോപനം ഇല്ലാതെയാണ് ചെന്താമരയുടെ കുറ്റകൃത്യം.
സമൂഹത്തിനു പ്രതി പ്രശ്‌നക്കാരന്‍ ആണെങ്കില്‍ വധശിക്ഷ നല്‍കാമെന്നു വിവിധ ഹൈക്കോടതി വിധികള്‍ ഉണ്ട്. സുധാകരന്റെ മക്കള്‍ക്ക് ചെന്താമര ഭീഷണിയാണ്. കൊലപാതകങ്ങള്‍ ചെയ്തതില്‍ പ്രതിക്ക് കുറ്റബോധം ഇല്ല. ജാമ്യം ലംഘിച്ച് ആണ് കൊലപാതകങ്ങള്‍ നടത്തിയത്. ചെന്താമര വീണ്ടും കുറ്റം ചെയ്യാന്‍ സാധ്യത ഉള്ളയാളാണെന്ന് ജില്ലാ പ്രോബേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് ഉണ്ടെന്നും കോടതി പറഞ്ഞു.