
















എന്‍ജിനിയറിങ് ബിരുദധാരികളുടെ തൊഴില്‍യോഗ്യതയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ച തെലങ്കാന മുഖ്യമന്ത്രി എ. രേവന്ത് റെഡ്ഡിയുടെ പരാമര്‍ശം രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചു. 'ക്രിമിനല്‍ വേസ്റ്റ്' എന്ന പ്രയോഗം ഉപയോഗിച്ചതിനെ തുടര്‍ന്ന് ഭാരത് രാഷ്ട്ര സമിതിയും ബിജെപിയും മുഖ്യമന്ത്രിക്കെതിരെ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തി.
ഹൈദരാബാദില്‍ നടന്ന ഒരു ചടങ്ങില്‍ സംസാരിക്കവെ, വിദ്യാഭ്യാസവും നൈപുണ്യ വികസനവും തന്റെ കാഴ്ചയില്‍ രണ്ട് കണ്ണുകളാണെന്ന് രേവന്ത് റെഡ്ഡി പറഞ്ഞു. സംസ്ഥാനത്ത് ഓരോ വര്‍ഷവും ഏകദേശം 1.10 ലക്ഷം എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികള്‍ ബിരുദം നേടുന്നുണ്ടെങ്കിലും, അവരില്‍ പലര്‍ക്കും ഒരു സാധാരണ തൊഴില്‍ അപേക്ഷ പോലും തയ്യാറാക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഒരു വെറും പേപ്പര്‍ നല്‍കി ഒരു ജോലി അപേക്ഷ എഴുതാന്‍ പറഞ്ഞാല്‍ പോലും പലര്‍ക്കും കഴിയുന്നില്ല. അവര്‍ എന്‍ജിനിയറിങ് പഠിച്ചതിനാല്‍ ചെറിയ ജോലികള്‍ക്ക് അപേക്ഷിക്കാനും തയ്യാറാകുന്നില്ല. ആവശ്യമായ നൈപുണ്യവും അവര്‍ നേടുന്നില്ല,' എന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ഇതിനിടെ 'ക്രിമിനല്‍ വേസ്റ്റ്' എന്ന പ്രയോഗവും അദ്ദേഹം ഉപയോഗിച്ചു.
പരാമര്‍ശം വിവാദമായതോടെ, താന്‍ വിദ്യാര്‍ത്ഥികളെയോ എന്‍ജിനിയറിങ് ബിരുദധാരികളെയോ കുറ്റപ്പെടുത്തുകയല്ല, മറിച്ച് നിലവിലെ വിദ്യാഭ്യാസ സംവിധാനത്തിലെ പോരായ്മകളെയാണ് വിമര്‍ശിച്ചതെന്ന് മുഖ്യമന്ത്രി പിന്നീട് വിശദീകരിച്ചു.
അതേസമയം, മുഖ്യമന്ത്രി എന്‍ജിനിയറിങ് ബിരുദധാരികളെ അപമാനിച്ചുവെന്ന് ആരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.
'അദ്ദേഹം ജീവിതത്തില്‍ ഏതെങ്കിലും മത്സര പരീക്ഷ എഴുതിയിട്ടുണ്ടോ? ഒരു ജോലിക്കായി അഭിമുഖത്തില്‍ പങ്കെടുത്തിട്ടുണ്ടോ? ഏതെങ്കിലും പ്രൊഫഷണല്‍ സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുണ്ടോ? അങ്ങനെയൊരാള്‍ എന്‍ജിനിയറിങ് ബിരുദധാരികളെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല,' എന്ന് കെ. ടി. രാമറാവു പ്രതികരിച്ചു.