
















നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് മേല്‍ പൊലീസ് പെല്ലറ്റ് ഗണ്ണും ആണി തറച്ച ലാത്തികളും ഉപയോഗിച്ചുവെന്ന വാദത്തിന് ശക്തി പകര്‍ന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. സമരം ചെയ്ത ഷെയ്ഖ് ഇര്‍ഷാദ് മന്‍സൂരിയുടെ ശരീരത്തില്‍ നിന്നും ഒന്നിലധികം ലോകകഷ്ണങ്ങള്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തതായാണ് ലേഡി ഹാര്‍ഡിങ് മെഡിക്കല്‍ കോളജില്‍ നിന്നുള്ള റിപ്പോര്‍ട്ട്.
ജനറല്‍ അനസ്തീഷ്യ നല്‍കിയ 21ന് യുവാവിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെന്നും കഴുത്തിലും തലയിലുമാണ് ശസ്ത്രക്രിയ നടത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു
തലയുടേയും കഴുത്തിന്റെയും പല ഭാഗങ്ങളില്‍ നിന്ന് ലോഹകഷ്ണങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
തന്റെ ശരീരത്തില്‍ ഡല്‍ഹി പൊലീസ് പെല്ലറ്റ് ഗണ്‍ പ്രയോഗിച്ചുവെന്ന് കാണിച്ച് മന്‍സൂരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഏഴ് പെല്ലറ്റുകള്‍ ശരീരത്തില്‍ നിന്ന് ശസ്ത്രക്രിയ വഴി നീക്കം ചെയ്‌തെന്നും മുഖത്ത് പെല്ലറ്റ് പോലെയെന്തോ ഇപ്പോഴും തറച്ചിരിക്കുകയാണെന്നും പുറത്തെടുത്താല്‍ ആരോഗ്യപ്രശ്‌നമുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായും മന്‍സൂരി വ്യക്തമാക്കുന്നു.
നീക്കം ചെയ്ത പെല്ലറ്റുകള്‍ ആശുപത്രി തനിക്ക് നല്‍കിയില്ലെന്നും മന്‍സൂരി പറഞ്ഞു.
ജൂലൈ 20ന് വിദ്യാര്‍ത്ഥികള്‍ നടത്തിയ പാര്‍ലമെന്റ് മാര്‍ച്ചിനിടെയാണ് ഡല്‍ഹി പൊലീസില്‍ നിന്ന് ക്രൂരമായ ആക്രമണം നേരിട്ടത്. പെല്ലറ്റ് ഗണ്‍ ഉപയോഗിച്ചെന്നത് സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണമെന്നാണ് ഡല്‍ഹിപൊലീസിന്റെ വാദം.