CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Minutes Ago
Breaking Now

സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ലഭിക്കും, മദ്യം, പുകയില ഉല്‍പ്പന്നങ്ങള്‍, ഓണ്‍ലൈന്‍ ഗെയിമുകള്‍ എന്നിവ വാങ്ങാന്‍ സാധിക്കില്ല ; നെഗറ്റീവ് ലിസ്‌റിറിലുള്ളവ ഒഴിവാക്കണം

ഡിജിറ്റല്‍ രൂപ വാലറ്റിലുള്ള തുക സര്‍ക്കാര്‍ അംഗീകരിച്ച അവശ്യ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ.

ഡല്‍ഹി സര്‍ക്കാരിന്റെ പുതുതായി അംഗീകരിച്ച ഡല്‍ഹി ലക്ഷ്മി യോജന പദ്ധതിയുടെ ഗുണഭോക്താക്കള്‍ക്ക് ലഭിക്കുന്ന പ്രതിമാസ ധനസഹായം മദ്യം, പുകയില ഉല്‍പ്പന്നങ്ങള്‍, ഓണ്‍ലൈന്‍ ചൂതാട്ടം എന്നിവയ്ക്കായി ഉപയോഗിക്കുന്നത് വിലക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. ഇതിനായി 'നെഗറ്റീവ് ലിസ്റ്റ്' അടിസ്ഥാനമാക്കിയുള്ള ചെലവ് നിയന്ത്രണ സംവിധാനം നടപ്പാക്കാനാണ് നീക്കം.

പദ്ധതി പ്രകാരം സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന പേയ്‌മെന്റ് മാതൃക തിരഞ്ഞെടുക്കുന്ന സ്ത്രീകള്‍ക്ക് പ്രതിമാസം 2,500 രൂപ ലഭിക്കും. ഇതില്‍ 1,500 രൂപ റിക്കറിംഗ് ഡെപ്പോസിറ്റിലോ ഫിക്‌സഡ് ഡെപ്പോസിറ്റിലോ  നിക്ഷേപിക്കും. ശേഷിക്കുന്ന 1,000 രൂപ സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി വാലറ്റിലേക്കാണ് ക്രെഡിറ്റ് ചെയ്യുക.

ഡിജിറ്റല്‍ രൂപ വാലറ്റിലുള്ള തുക സര്‍ക്കാര്‍ അംഗീകരിച്ച അവശ്യ സാധനങ്ങള്‍ക്കും സേവനങ്ങള്‍ക്കും മാത്രമേ ഉപയോഗിക്കാന്‍ കഴിയൂ. 'നെഗറ്റീവ് ലിസ്റ്റില്‍' ഉള്‍പ്പെടുത്തിയിട്ടുള്ള ഉല്‍പ്പന്നങ്ങളും സേവനങ്ങളും വാങ്ങാന്‍ ശ്രമിച്ചാല്‍ ഇടപാട് സ്വമേധയാ തടയപ്പെടും.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വിവരമനുസരിച്ച്, നെഗറ്റീവ് ലിസ്റ്റില്‍ മദ്യം, പാന്‍, ഗുട്ട്ക, സിഗരറ്റ്, ബീഡി തുടങ്ങിയ പുകയില ഉല്‍പ്പന്നങ്ങളും മറ്റ് ലഹരി വസ്തുക്കളും ഉള്‍പ്പെടും. കൂടാതെ, ഓണ്‍ലൈന്‍ ഗെയിമിങ്ങിനും ചൂതാട്ട സേവനങ്ങള്‍ക്കും ഡിജിറ്റല്‍ രൂപ വാലറ്റിലെ തുക ഉപയോഗിക്കാന്‍ സാധിക്കില്ല.

പൊതുധനം കുടുംബത്തിന്റെ അവശ്യ ചെലവുകള്‍ക്കും ക്ഷേമപരമായ ആവശ്യങ്ങള്‍ക്കും മാത്രമായി ഉപയോഗിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചെലവ് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നതെന്ന് പദ്ധതിയുടെ മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.