
















സൈബര്‍ സുരക്ഷാ കോഴ്സില്‍ പ്രവേശനം ലഭിക്കാത്ത വിദ്യാര്‍ഥി ഐഐടി-കാണ്‍പൂരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു. കോഴ്സിലേക്ക് അപേക്ഷ നല്‍കിയെങ്കിലും ഷോര്‍ട്ട്ലിസ്റ്റില്‍ ഇടം ലഭിക്കാതിരുന്നതിനെ തുടര്‍ന്നാണ് വിദ്യാര്‍ഥി ഇങ്ങനെ ചെയ്തത്.
കാണ്‍പുര്‍, മദ്രാസ് ഐ.ഐ.ടി.കളുടെ വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്ത വിദ്യാര്‍ഥിക്ക് എതിരായ നിയമനടപടിക്ക് പകരം ഈ വിദ്യാര്‍ത്ഥിയുടെ കഴിവ് പരിശോധിച്ച് പ്രവേശനം നല്‍കാനാണ് അധികൃതരുടെ നീക്കം.
വിദ്യാര്‍ഥിയുടെ ഭാവി മുന്നില്‍ കണ്ട് തിരുത്താനുള്ള അവസരം നല്‍കാനാണ് അധികൃതരുടെ തീരുമാനം. എങ്കിലും ഇത്തരം നിയമവിരുദ്ധമായ പ്രവൃത്തികള്‍ ഒരിക്കലും അംഗീകരിക്കാനാകില്ലെന്ന് ഐഐടി ഡയറക്ടര്‍ മനീന്ദ്ര അഗര്‍വാള്‍ വ്യക്തമാക്കി.
ഫീസും ആവശ്യമായ രേഖകളും സമര്‍പ്പിച്ചിട്ടും സൈബര്‍ സുരക്ഷയിലെ പ്രവൃത്തിപരിചയക്കുറവ് പറഞ്ഞ് അപേക്ഷ തള്ളിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥി ഈ കടുംകൈ ചെയ്തത്.
വെബ്‌സൈറ്റില്‍ പ്രവേശിച്ച് 'വെബ്‌സൈറ്റ് ഹാക്ക് ചെയ്തു, എനിക്ക് ന്യായമായ ഒരവസരം നല്‍കണം' എന്ന് രേഖപ്പെടുത്തുകയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ വൈറലായതോടെയാണ് സംഭവം പുറത്തറിഞ്ഞത്. സ്ഥാപനത്തിന്റെ സുരക്ഷാ സംവിധാനങ്ങള്‍ ഭേദിച്ചെങ്കിലും വിദ്യാര്‍ഥിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കാണ്‍പുര്‍ ഐ.ഐ.ടിയുടെ സൈബര്‍ സെക്യൂരിറ്റി റിസര്‍ച്ച് സെന്ററില്‍ ഇന്റേണ്‍ഷിപ്പ് നല്‍കുന്ന കാര്യം പരിഗണിക്കുകയാണ്.
കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കരുതെന്ന് പറഞ്ഞ് ഒരുവിഭാഗം ഈ നീക്കത്തെ വിമര്‍ശിക്കുന്നു. എന്നാല്‍ കഴിവുള്ളവര്‍ ഈ മേഖലയിലേക്ക് വരണമെന്നും അര്‍ഹതയുള്ളവരെ പ്രവേശിപ്പിക്കണമെന്നും ഈ സംഭവത്തെ ന്യായീകരിച്ച് ചിലര്‍ നിലപാട് വ്യക്തമാക്കുന്നു.