CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
11 Hours 11 Seconds Ago
Breaking Now

ആത്മഹത്യ ഭീഷണി മുഴക്കി മകന്‍, രക്ഷിക്കാനെത്തി പിതാവ് ; നിയന്ത്രണം വിട്ട് രണ്ടുപേരും താഴേക്ക് ; കണ്ടു നിന്ന അമ്മയും ചാടി മരിച്ചു

സാല്‍റ്റ ഫാത്ത സ്വദേശികളായ കുനാല്‍ ചന്ദ്ഗുഡെ (19), പിതാവ് മുരളിധര്‍ ചന്ദ്ഗുഡെ (48), മാതാവ് സംഗീത ചന്ദ്ഗുഡെ എന്നിവരാണ് മരിച്ചത്.

മഹാരാഷ്ട്രയിലെ ഛത്രപതി സംഭാജിനഗറില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച മകനെ രക്ഷപെടുത്താനുള്ള മാതാപിതാക്കളുടെ ശ്രമം ദാരുണാന്ത്യത്തില്‍ കലാശിച്ചു. വെള്ളിയാഴ്ച നടന്ന സംഭവത്തില്‍ കൗമാരക്കാരനും മാതാപിതാക്കളും മിനിറ്റുകളുടെ വ്യത്യാസത്തില്‍ മരിച്ചു.

ടിസ്ഗാവ് മേഖലയിലെ ഖാവ്ദ്യ കുന്നുകളിലാണ് സംഭവം. വീട്ടിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൗമാരക്കാരന്‍ കുന്നിന്‍പ്രദേശത്തേക്ക് പോയതായാണ് വിവരം. സാല്‍റ്റ ഫാത്ത സ്വദേശികളായ കുനാല്‍ ചന്ദ്ഗുഡെ (19), പിതാവ് മുരളിധര്‍ ചന്ദ്ഗുഡെ (48), മാതാവ് സംഗീത ചന്ദ്ഗുഡെ എന്നിവരാണ് മരിച്ചത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം, പുതിയ ഐഫോണ്‍ വാങ്ങിനല്‍കണമെന്ന് കുനാല്‍ പിതാവിനോട് ആവശ്യപ്പെട്ടിരുന്നു. ഡ്രൈവറായി ജോലി ചെയ്യുന്ന മുരളീധറായിരുന്നു കുടുംബത്തിന്റെ ഏക വരുമാന ആശ്രയം. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മകന്റെ ആവശ്യം നിറവേറ്റാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്ന് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായതായാണ് വിവരം.

തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 10 മണിയോടെ കുനാല്‍ വീട്ടില്‍നിന്ന് ഇറങ്ങി കുന്നിന്‍പ്രദേശത്തേക്ക് പോയി. മകന്‍ അപകടകരമായ എന്തെങ്കിലും ചെയ്‌തേക്കുമെന്ന ആശങ്കയില്‍ മാതാപിതാക്കള്‍ പിന്നാലെ എത്തുകയായിരുന്നു.

മകനെ അനുനയിപ്പിച്ച് വീട്ടിലേക്ക് തിരികെ കൊണ്ടുവരാനുള്ള ശ്രമമാണ് പിന്നീട് വലിയ രക്ഷാദൗത്യമായി മാറിയത്. കുനാലിനെ രക്ഷിക്കാന്‍ നാട്ടുകാരും പോലീസും അഗ്‌നിരക്ഷാസേനാംഗങ്ങളും സ്ഥലത്തെത്തി. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ കാര്യങ്ങള്‍ നിയന്ത്രണാതീതമായി മാറുകയും കുടുംബത്തിലെ മൂന്ന് പേരുടെയും ജീവന്‍ നഷ്ടപ്പെടുകയുമായിരുന്നു.

കുന്നിന്‍വക്കില്‍ നിന്ന് കുനാലിനെ സുരക്ഷിതമായി മാറ്റുന്നതിനായി രക്ഷാപ്രവര്‍ത്തകര്‍ ഏകദേശം മൂന്ന് മണിക്കൂറോളം ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. കുന്നിന് താഴെ സുരക്ഷാവല വിരിക്കാന്‍ അഗ്‌നിരക്ഷാസേനാംഗങ്ങള്‍ ശ്രമിച്ചെങ്കിലും, കുത്തനെയുള്ള ചരിവിലൂടെ കുനാല്‍ നിരന്തരം നീങ്ങിക്കൊണ്ടിരുന്നത് രക്ഷാപ്രവര്‍ത്തകര്‍ക്ക് വെല്ലുവിളിയായി.

തുടര്‍ന്ന് മകനെ അനുനയിപ്പിച്ച് സുരക്ഷിതമായി തിരിച്ചെത്തിക്കുന്നതിനായി പിതാവ് മുരളീധര്‍ കുനാലിനടുത്തേക്ക് നീങ്ങി. ഇതിനിടെ കുനാല്‍ കുന്നില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു. മകനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ മുരളീധറും താഴേക്ക് വീണതായി പോലീസ് അറിയിച്ചു.

ഇവര്‍ ഇരുവരും താഴേക്ക് വീഴുന്നത് സമീപത്തുണ്ടായിരുന്ന സംഗീത നേരില്‍ കണ്ടു. പിന്നാലെ സംഗീതയും കുന്നില്‍നിന്ന് താഴേക്ക് വീഴുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഉള്‍പ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മിനിറ്റുകളുടെ വ്യത്യാസത്തിലാണ് കുടുംബത്തിലെ മൂന്നുപേരും മരിച്ചത്.

 




കൂടുതല്‍വാര്‍ത്തകള്‍.