
















മാഞ്ചസ്റ്റര്‍: മാഞ്ചസ്റ്ററിലെ ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്റെ (ടി.എം.എ) ഈ വര്‍ഷത്തെ ഓണാഘോഷമായ 'പൊന്നോണം 2026' വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സെപ്റ്റംബര്‍ 5 ശനിയാഴ്ച മാഞ്ചസ്റ്റര്‍ ഫോറം സെന്ററിലായിരുന്നു ആഘോഷങ്ങള്‍ സംഘടിപ്പിച്ചത്.

രാവിലെ 10-ന് കുട്ടികളുടെ മിട്ടായി പെറുക്കല്‍, മുതിര്‍ന്നവരുടെയും കുട്ടികളുടെയും കസേരകളി, വടംവലി തുടങ്ങിയ കായികമത്സരങ്ങളോടെ ആഘോഷങ്ങള്‍ക്ക് തുടക്കമായി. തുടര്‍ന്ന് നടന്ന വിഭവസമൃദ്ധമായ ഓണസദ്യയില്‍ നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുത്തു. ചെണ്ടമേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലി തമ്പുരാനെ വരവേറ്റ ശേഷമായിരുന്നു സാംസ്‌കാരിക സമ്മേളനം. കലാപരിപാടികളുടെ ഉദ്ഘാടനം അസോസിയേഷന്‍ പ്രസിഡന്റ് ഡോണി ജോണ്‍ കരോടന്‍ നിര്‍വഹിച്ചു. അഡ്വ. റെന്‍സണ്‍ തുടിയന്‍പ്ലാക്കല്‍ സ്വാഗതവും ദീപക് ഡേവിഡ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് അസോസിയേഷനിലെ എണ്‍പതോളം കലാകാരന്മാര്‍ അണിനിരന്ന വെല്‍ക്കം ഡാന്‍സ് അരങ്ങേറി. ഡിജിറ്റല്‍ സ്‌ക്രീന്‍, ലൈറ്റ് & സൗണ്ട് സംവിധാനങ്ങളുടെ മികവില്‍ പ്രൊഫഷണല്‍ സ്റ്റേജ് ഷോകളെ വെല്ലുന്ന രീതിയിലാണ് നൃത്തം അവതരിപ്പിക്കപ്പെട്ടത്.



തിരുവാതിരകളി, ഭരതനാട്യം, വിവിധ നൃത്തനൃത്യങ്ങള്‍, നാടകം, ഒപ്പന, ഓണപ്പാട്ടുകള്‍, വള്ളംകളി ദൃശ്യാവിഷ്‌കാരം തുടങ്ങി വൈവിധ്യമാര്‍ന്ന പരിപാടികള്‍ സാംസ്‌കാരിക സന്ധ്യയ്ക്ക് മാറ്റുകൂട്ടി. വിവിധ കായികമത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും ചടങ്ങില്‍ നിര്‍വഹിച്ചു. അനീഷ് തോമസ്, സിന്ധു സ്റ്റാന്‍ലി, ജോര്‍ജ് തോമസ്, ടിന്‍സി ഷിജു, ഭാഗ്യലക്ഷ്മി ആദര്‍ശ്, മേബിള്‍ അജിന്‍, ഷൈന്‍ സിജു, ആകാശ് ബിജുമോന്‍, അഹീന അനീഷ്, നേഹ ബിജു, ഒലിവിയ സിബി എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. രാത്രി 10-ഓടെ ആഘോഷങ്ങള്‍ സമാപിച്ചു.


കൂടുതല്‍ ഫോട്ടോകള്‍ക്ക് ലിങ്ക് ക്ലിക്ക് ചെയ്യാവുന്നതാണ്. https://drive.google.com/drive/folders/1ScNv6dP0EdbwiOCWSTrpH-L_Rk1v8KCj?usp=drive_link
(ന്യുസ് അയച്ചത്: റെന്‍സണ്‍ സഖറിയാസ്, മാഞ്ചസ്റ്റര്‍)