
















തലച്ചോറില്‍ അര്‍ബുദ മുഴയുണ്ടെന്നും മാസങ്ങള്‍ മാത്രമേ ആയുസ്സുള്ളൂവെന്നും ഡോക്ടര്‍ വിധിയെഴുതിയതിനെ തുടര്‍ന്ന് 11 വര്‍ഷം കീമോതെറാപ്പി ചികിത്സ നടത്തിയ ബ്രിട്ടീഷ് യുവതിക്ക് ഒടുവില്‍ ഞെട്ടിക്കുന്ന സത്യം. തനിക്ക് അര്‍ബുദമല്ലെന്നും സ്റ്റിറോയിഡുകള്‍ ഉപയോഗിച്ച് ചികിത്സിക്കാവുന്ന മസ്തിഷ്‌ക വീക്കമായിരുന്നുവെന്നും 2025 മേയിലാണ് ബെക്കി ജോണ്‍സിന് തിരിച്ചറിയാനായത്.
2012ല്‍ രോഗനിര്‍ണയം നടത്തുമ്പോള്‍ ബെക്കിക്ക് 21 വയസായിരുന്നു. പൊലീസ് ഉദ്യോഗസ്ഥയാകണമെന്ന സ്വപ്നവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് ജീവിതം അപ്രതീക്ഷിതമായി മാറിയത്. പരിചയസമ്പന്നനായ അര്‍ബുദ വിദഗ്ധന്‍ പ്രൊഫസര്‍ ഇയാന്‍ ബ്രൗണ്‍ തലച്ചോറില്‍ അര്‍ബുദത്തിന്റെ തീവ്ര വകഭേദമായ ഗ്ലിയോബ്ലാസ്റ്റോമയാണെന്ന് കണ്ടെത്തുകയായിരുന്നു. മാസങ്ങള്‍ മാത്രമേ ആയുസ്സുള്ളൂവെന്നും ചികിത്സ ആരംഭിക്കണമെന്നും നിര്‍ദേശിച്ചു.
തുടര്‍ന്ന് ദീര്‍ഘകാല കീമോതെറാപ്പിക്ക് ബെക്കി വിധേയയായി. ടെമോസോളോമൈഡ് എന്ന മരുന്ന് ജീവിതകാലം മുഴുവന്‍ കഴിക്കേണ്ടിവരുമെന്ന് ഡോക്ടര്‍ പറഞ്ഞതായി ബെക്കി പറയുന്നു. ചികിത്സയെ തുടര്‍ന്ന് നിരന്തരമായ ഓക്കാനം, കടുത്ത ക്ഷീണം തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു. കുടുംബ പരിപാടികളില്‍ പങ്കെടുക്കാനും കരിയര്‍ സ്വപ്നങ്ങള്‍ പിന്തുടരാനും കഴിയാത്ത അവസ്ഥയിലായി.
തലച്ചോറില്‍ മുഴയുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും തുടര്‍ന്നുള്ള നിരവധി സ്‌കാനുകളിലും മുഴ കണ്ടെത്താനായില്ല. ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ മുഴ നഗ്‌നനേത്രങ്ങള്‍ക്ക് കാണാന്‍ കഴിയാത്തതാണെന്നായിരുന്നു ഡോക്ടറുടെ വിശദീകരണമെന്നാണ് ബെക്കിയുടെ ആരോപണം.
2024ല്‍ ഡോക്ടര്‍ ഇയാന്‍ ബ്രൗണ്‍ വിരമിച്ചതിനെ തുടര്‍ന്ന് ചികിത്സ അവസാനിപ്പിക്കുകയാണെന്ന സന്ദേശം ലഭിച്ചതാണ് സംഭവത്തില്‍ വഴിത്തിരിവായത്. സന്ദേശത്തിലെ അസ്വാഭാവികതയെ തുടര്‍ന്ന് ബെക്കിയുടെ അഭിഭാഷകര്‍ സ്വതന്ത്ര പരിശോധനകള്‍ നടത്തുകയായിരുന്നു.
പരിശോധനകളിലാണ് ബെക്കിക്ക് ഒരിക്കലും അര്‍ബുദമുണ്ടായിരുന്നില്ലെന്നും യഥാര്‍ഥത്തില്‍ മസ്തിഷ്‌ക വീക്കമായിരുന്നുവെന്നും കണ്ടെത്തിയത്. സ്റ്റിറോയിഡുകള്‍ ഉപയോഗിച്ച് ചികിത്സിക്കാവുന്ന അവസ്ഥയായിരുന്നു ഇതെന്നും വിദഗ്ധ പരിശോധനയില്‍ വ്യക്തമായി.
''എനിക്ക് ഒരിക്കലും തലച്ചോറില്‍ മുഴയുണ്ടായിരുന്നില്ല. തെറ്റായ രോഗനിര്‍ണയത്തെ തുടര്‍ന്ന് എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട വര്‍ഷങ്ങള്‍ ചികിത്സയ്ക്കായി നഷ്ടപ്പെട്ടു. അദ്ദേഹം എന്റെ ജീവിതം നശിപ്പിച്ചു,'' ബെക്കി പറഞ്ഞു.
രണ്ട് കുട്ടികളുടെ അമ്മയായ ബെക്കി, അനാവശ്യമായി അര്‍ബുദ ചികിത്സ നിര്‍ദേശിച്ചെന്നാരോപിച്ച് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് കൊവന്‍ട്രി ആന്‍ഡ് വാര്‍വിക്ഷയര്‍ എന്‍എച്ച്എസ് ട്രസ്റ്റിനെതിരെ നിയമനടപടി സ്വീകരിക്കുന്ന 40-ലധികം പേരില്‍ ഒരാളാണ്.
കഠിനമായ മൈഗ്രേന്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ബെക്കി ആദ്യം വൈദ്യസഹായം തേടിയത്. ബ്രെയിന്‍ ബയോപ്‌സിക്ക് വിധേയയാക്കിയെങ്കിലും ഫലം ലഭിക്കുന്നതിന് മുമ്പുതന്നെ ഗ്ലിയോബ്ലാസ്റ്റോമയാണെന്ന് രോഗനിര്‍ണയം നടത്തിയെന്നാണ് അഭിഭാഷകയായ ഫിയോണ ടിന്‍സ്ലി പറയുന്നത്.