
















സൗദി തലസ്ഥാനമായ റിയാദില്‍ ശനിയാഴ്ച പുലര്‍ച്ചെ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. മേഖലയില്‍ സുരക്ഷാ ഭീഷണി നിലനില്‍ക്കുന്നതായി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയായിരുന്നു സ്‌ഫോടനങ്ങള്‍.
പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് റിയാദ് നിവാസികളുടെ മൊബൈല്‍ ഫോണുകളില്‍ എയര്‍ റെയ്ഡ് മുന്നറിയിപ്പ് സന്ദേശം എത്തിയത്. 'മേഖല ശത്രുപക്ഷത്തുനിന്നുള്ള വ്യോമാക്രമണ ഭീഷണിയിലാണ്, ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണം' എന്നായിരുന്നു സന്ദേശം. ഇതിന് തൊട്ടുപിന്നാലെ രണ്ട് ശക്തമായ സ്‌ഫോടന ശബ്ദങ്ങള്‍ ഉയര്‍ന്നതായി വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. അരമണിക്കൂറിന് ശേഷം സൗദി സിവില്‍ ഡിഫന്‍സ് ഏജന്‍സി മുന്നറിയിപ്പ് പിന്‍വലിച്ചു.
ജൂലൈ മാസത്തില്‍ യെമനില്‍ പോരാട്ടം കടുപ്പിച്ചതിന് ശേഷം ആദ്യമായാണ് റിയാദ് നഗരത്തിന് നേരെ നേരിട്ട് ആക്രമണ ഭീഷണിയുണ്ടാകുന്നത്.ബാബ് അല്‍ മന്ദബ് കടലിടുക്കിന്റെ നിയന്ത്രണം പിടിച്ചെടുത്ത ഹൂതികള്‍, സൗദി അറേബ്യയുടെ എണ്ണക്കപ്പലുകള്‍ക്ക് നേരെ ഉപരോധം പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് ചെങ്കടല്‍ വഴിയുള്ള സൗദിയുടെ എണ്ണ കയറ്റുമതിയില്‍ വന്‍ കുറവുണ്ടായതായി നാവിക നിരീക്ഷണ ഏജന്‍സിയായ 'ക്ലെപ്ലര്‍' വ്യക്തമാക്കി.
സൗദി കപ്പലുകള്‍ക്കൊഴികെ മറ്റെല്ലാ അന്താരാഷ്ട്ര ചരക്കുകപ്പലുകള്‍ക്കും ബാബ് അല്‍ മന്ദബ് വഴി സുരക്ഷിതമായി കടന്നുപോകാമെന്നാണ് ഹൂതികളുടെ നിലപാട്. പോരാട്ടം പുനരാരംഭിച്ചതോടെ യെമനില്‍ 1,12,000ത്തിലധികം ആളുകള്‍ക്ക് വീടുകള്‍ നഷ്ടമായതായും മൂവായിരത്തോളം പേര്‍ ജിബൂട്ടിയിലേക്ക് കടല്‍മാര്‍ഗ്ഗം പലായനം ചെയ്‌തെന്നും ഐക്യരാഷ്ട്രസഭ വെള്ളിയാഴ്ച അറിയിച്ചു.