CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
37 Minutes 17 Seconds Ago
Breaking Now

ഹൂതി വിമത കേന്ദ്രങ്ങളില്‍ വ്യോമാക്രമണം കടുപ്പിച്ച് സൗദി; ശക്തമായി തിരിച്ചടിക്കുമെന്ന് മറുപടി

യെമനിലെ തായിസ്, അല്‍ ജാഫ്, മാരിബ് പ്രവിശ്യകളിലാണ് ആക്രമണമുണ്ടായത്. ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കി.

യെമനിലെ ഹൂതി വിമത കേന്ദ്രങ്ങളില്‍ വ്യോമാക്രമണം കടുപ്പിച്ച് സൗദി അറേബ്യ. കഴിഞ്ഞ 24 മണിക്കൂറിനിടെ 28 വ്യോമാക്രമണം ഉണ്ടായതായി ഹൂതി വക്താവ് യഹ്യ സാരി വെളിപ്പെടുത്തി. യെമനിലെ തായിസ്, അല്‍ ജാഫ്, മാരിബ് പ്രവിശ്യകളിലാണ് ആക്രമണമുണ്ടായത്. ശക്തമായി തിരിച്ചടിക്കുമെന്ന് ഹൂതികള്‍ മുന്നറിയിപ്പ് നല്‍കി.

സൗദിയിലെ ഖാമിസ് മുസെയ്ത്, തെയ്ഫ് വ്യോമത്താവളങ്ങളില്‍ നിന്നും ടേക്ക് ഓഫ് ചെയ്ത എഫ് -15, ടൈഫൂണ്‍ ഫൈറ്ററുകളാണ് ആക്രമണം നടത്തിയത്. റിയാദിലെ സെന്‍സിറ്റീവ് ആയ കേന്ദ്രങ്ങള്‍ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ആക്രമിച്ചതായി ഹൂതികള്‍ അവകാശപ്പെട്ടു. സൗദിയിലെ വിവിധ കേന്ദ്രങ്ങള്‍ക്കും അരാംകോയ്ക്കുമെതിരെ പുതിയ ആക്രമണങ്ങള്‍ നടത്തിയതായാണ് അവകാശവാദം. മക്ക ലക്ഷ്യമിട്ട് ഡ്രോണ്‍ ആക്രമണം നടത്തിയെന്ന സൗദിയുടെ ആരോപണം ഹൂതികള്‍ നിഷേധിച്ചു. സൗദി സേന മക്കയ്ക്ക് തെക്ക് വശത്തായി ഒരു ഹൂതി ഡ്രോണ്‍ തടഞ്ഞതായി നേരത്തെ അറിയിച്ചിരുന്നു.

അതിനിടയില്‍ സൗദിയിലെ അല്‍ - ജാഫിലുള്ള ഒരു ടെലികമ്മ്യൂണിക്കേഷന്‍ ടവര്‍ തകര്‍ന്നതായി ടെലിവിഷന്‍ ചാനലായ അല്‍ മാരിഷ് റിപ്പോര്‍ട്ട് ചെയ്തു. യമന്‍ - സൗദി അതിര്‍ത്തിയായ സാദായിലും കനത്ത ഷെല്ലാക്രമണവും നടന്നിട്ടുണ്ട്. ആക്രമണ - പ്രത്യാക്രമണങ്ങളില്‍ സൗദി ഇതുവരെ പ്രതികരിച്ചിട്ടില്ല.

ദക്ഷിണ പടിഞ്ഞാറന്‍ യമനില്‍ ഹൂതികളും യമനിലെ അന്താരാഷ്ട്ര തലത്തില്‍ അംഗീകരിക്കപ്പെട്ട സര്‍ക്കാര്‍ സേനയും തമ്മില്‍ നേരിട്ടുള്ള പോരാട്ടം ശക്തമാകുന്ന സാഹചര്യത്തിലാണ് സൗദിയുടെ ശക്തമായ ബോംബാക്രമണം ഉണ്ടായിരിക്കുന്നത്. പടിഞ്ഞാറന്‍ തായിസില്‍ പല പ്രദേശങ്ങളുടെയും നിയന്ത്രണം യമന്‍ സേന തിരിച്ച് പിടിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ സെപ്തംബര്‍ 10ന് മോര്‍ച്ചാ തുറമുഖവും, ബാബ് അല്‍ മാന്‍ദാബ് കടലിടുക്കിന് സമീപമുള്ള ദുബാബ്, മയ്യൂന്‍ ദ്വീപുകളുടെയും നിയന്ത്രണം ഹൂതികള്‍ ഏറ്റെടുത്തതിന് പിന്നാലെ ജാഗ്രതയോടെയാണ് സേനയുടെ നീക്കമെന്ന് അധികൃതര്‍ പ്രതികരിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.