
















ലിംഗമാറ്റ ശസ്ത്രികയ നടത്തുന്നത് വിലക്കിയതിന് പിന്നാലെ അമ്മയെ കൊലപ്പെടുത്തി മകന്‍. ലക്‌നൗവിലെ രാജേന്ദ്ര നഗര്‍ പ്രദേശത്താണ് സംഭവം. 17 കാരനായ മകനാണ് 42 കാരിയായ അമ്മയെ കൊലപ്പെടുത്തിയത്. താന്‍ ഒരു സ്ത്രീയാണെന്നും ലിംഗമാറ്റ ശസ്ത്രക്രിയ നടത്തണമെന്നും 17 കാരന്‍ വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതു കുടുംബത്തില്‍ വലിയ തര്‍ക്കത്തിന് കാരണമായിരുന്നു.
നഖ ഹിന്‍ഡോള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ രാജേന്ദ്ര നഗര്‍ ക്രോസിങ്ങിന് സമീപമുള്ള അപാര്‍ട്ട്‌മെന്റിലാണ് സംഭവം. ശസ്ത്രക്രിയയുമായി മുന്നോട്ട് പോകരുതെന്ന് പറഞ്ഞ് അമ്മ കൗമാരക്കാരനെ ഉപദേശിക്കാന്‍ ശ്രമിക്കുകയും കൗണ്‍സിലിങ്ങിന് പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.
വ്യാഴാഴ്ച വീട്ടിലെത്തിയ മകന്‍ അമ്മയെ പുറകില്‍ നിന്ന് കട്ടികൂടിയ സ്പാനര്‍ ഉപയോഗിച്ച് തലയ്ക്കടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്മ സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചു. കൊലപാതക ശേഷം മകന്‍ തന്നെയാണ് പിതാവിനെ വിളിച്ച് വിവരങ്ങള്‍ പറഞ്ഞത്. പൊലീസ് കൗമാരക്കാരനെ അറസ്റ്റ് ചെയ്തു.
കൊലപാതകം ആസൂത്രിതമെന്ന് പൊലീസ് വ്യക്തമാക്കി. ഒരാഴ്ച മുമ്പ് തന്നെ 17 കാരന്‍ ഇരുമ്പു ദണ്ഡും കുരുമുളക് സ്‌പ്രേയും വാങ്ങി വച്ചിരുന്നു. കൊലപാതകത്തിന് ആവശ്യമാകുമെന്ന് കരുതിയാണ് വാങ്ങിവച്ചത്. കഴിഞ്ഞ നാലു മാസമായി മാതാപിതാക്കളില്‍ നിന്ന് പിരിഞ്ഞ് താമസിക്കുകയായിരുന്നു പ്രതിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.