
















തിരുച്ചിറപ്പള്ളിയില്‍ നടന്ന വളകാപ്പ് ചടങ്ങിന്റെ ഉദ്ഘാടന വേദിയില്‍ വിളക്ക് തെളിയിക്കുന്നതിനെച്ചൊല്ലി ടിവികെ എംഎല്‍എയും കോണ്‍ഗ്രസ് എംപിയും തമ്മില്‍ തര്‍ക്കം. കോണ്‍ഗ്രസ് എംപി ക്രിസ്റ്റഫര്‍ തിലകില്‍ നിന്ന് ടിവികെ എംഎല്‍എ നവല്‍പെട്ട് എസ്. വിജി മെഴുകുതിരി ബലമായി പിടിച്ചെടുത്തതോടെയാണ് വേദിയില്‍ ബഹളമുണ്ടായത്.
മന്ത്രി എസ്. രമേശ് തിരി തെളിയിച്ചതിന് പിന്നാലെ കളക്ടറും രണ്ട് ടിവികെ എംഎല്‍എമാരും ദീപം കൊളുത്തി. തുടര്‍ന്ന് മെഴുകുതിരി കോണ്‍ഗ്രസ് എംപി ക്രിസ്റ്റഫര്‍ തിലകിന് കൈമാറിയതാണ് എംഎല്‍എയെ പ്രകോപിപ്പിച്ചത്.
''ഞാനാണ് തിരി തെളിയിക്കേണ്ടത്. ഇതാണോ പ്രോട്ടോക്കോള്‍?'' എന്ന് എംഎല്‍എ മന്ത്രിയോട് രോഷത്തോടെ ചോദിച്ചു. തന്നെ എന്തിനാണ് ചടങ്ങിലേക്ക് വിളിച്ചതെന്നും ചോദിച്ച അദ്ദേഹം മെഴുകുതിരി നിലത്തിട്ടു. സംഭവത്തില്‍ എംപി ക്രിസ്റ്റഫര്‍ തിലക് മൗനം പാലിച്ചു.
പിന്നീട് മന്ത്രിയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് എംഎല്‍എ തിരിതെളിക്കാന്‍ തയ്യാറായി. ചടങ്ങില്‍ പങ്കെടുത്ത ഗര്‍ഭിണികള്‍ മന്ത്രിക്കും എംഎല്‍എമാര്‍ക്കുമൊപ്പം ഫോട്ടോ എടുക്കുന്നതിനിടയിലും പ്രോട്ടോക്കോള്‍ പ്രകാരമുള്ള ബഹുമാനം ലഭിച്ചില്ലെന്ന് നവല്‍പെട്ട് എസ്. വിജി പരാതിപ്പെട്ടു.
സംയോജിത ശിശുവികസന പദ്ധതിയുടെ ഭാഗമായി തിരുച്ചിറപ്പള്ളിയില്‍ 240 ഗര്‍ഭിണികള്‍ പങ്കെടുത്ത വളകാപ്പ് ചടങ്ങിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.