
















ഇന്ത്യയും അമേരിക്കയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരക്കരാര്‍ അന്തിമഘട്ടത്തോട് അടുക്കുന്നതായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്ക മുന്‍പ് ഒപ്പുവെച്ച വ്യാപാരക്കരാറുകളില്‍നിന്ന് ഏറെ വ്യത്യാസമുള്ള ഒന്നായിരിക്കും ഇതെന്നും ഓവല്‍ ഓഫീസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു.
ഇന്ത്യ സന്ദര്‍ശനത്തിനെത്തുന്ന യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയും കരാര്‍ ഉടന്‍ അന്തിമരൂപത്തിലെത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഇരുരാജ്യങ്ങളും തമ്മില്‍ ഒരു വര്‍ഷത്തിലേറെയായി നടന്നുവരുന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍ പൂര്‍ത്തിയാകാന്‍ പോകുന്നത്. ഇനി ഏതാനും വിഷയങ്ങളില്‍ മാത്രമാണ് ധാരണയിലെത്താനുള്ളതെന്നും അവ കൂടി വേഗത്തില്‍ പരിഹരിച്ച് അധികം വൈകാതെ കരാറില്‍ ഒപ്പുവെക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും റൂബിയോ വ്യക്തമാക്കി.
നേരത്തെ ഫെബ്രുവരിയില്‍ ഇരുരാജ്യങ്ങളും വ്യാപാര കരാറിന്റെ ഒന്നാം ഘട്ട ചട്ടക്കൂടിന് അംഗീകാരം നല്‍കിയിരുന്നു. എന്നാല്‍, യുഎസ് താരിഫ് നയങ്ങളിലുണ്ടായ മാറ്റങ്ങള്‍ തുടര്‍ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഇതിന്റെ ഭാഗമായി കേന്ദ്ര വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ യുഎസ് ട്രേഡ് റെപ്രസെന്റേറ്റീവ് ജാമീസണ്‍ ഗ്രീറുമായി മില്‍വാക്കിയിലും വാഷിങ്ടണിലും കൂടിക്കാഴ്ച നടത്തിയിരുന്നു. ഇരുരാജ്യങ്ങളും അന്തിമ തീരുമാനത്തിലേക്ക് അടുക്കുകയാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറും അടുത്തിടെ വ്യക്തമാക്കിയിരുന്നു.