
















ബര്‍മിംഗ്ഹാം ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയുടെ ഒമ്പതാമത് രൂപതാതല ബൈബിള്‍ കലോത്സവം നവംബര്‍ 21 ശനിയാഴ്ച സ്കന്തോര്പ്പിലെ ഫ്രെഡറിക് ഗോഫ് സ്കൂളില്‍ (Frederick Gough School) നടക്കും. രൂപതയിലെ 12 റീജിയണുകളില്‍ നിന്നായി 1,500ലധികം മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന കലോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായി വരുന്നതായി ബൈബിള്‍ അപ്പോസ്റ്റലേറ്റ് കമ്മീഷന് ചെയര്മാന് റെവ ഫാ ജോര്‍ജ് എട്ടുപറ ബൈബിള്‍ കലോത്സവം കോഡിനേറ്റര്‍ ജോണ്‍ കുര്യന് , ജോയിന്റ് കോഡിനേറ്റര്‍ മാരായ ജിമ്മിച്ചന്‍ ജോര്‍ജ് ,മര്‍ഫി തോമസ് തോമസ് എന്നിവര്‍ അറിയിച്ചു .
റീജിയണല്‍ തലത്തില്‍ നടന്ന മത്സരങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി രൂപതാതല മത്സരങ്ങള്‍ക്ക് യോഗ്യത നേടിയ പ്രതിഭകളാണ് രൂപത കലോത്സവത്തില്‍ മാറ്റുരയ്ക്കുന്നത്. പതിനാല് വേദികളിലായി വിവിധ മത്സരങ്ങള്‍ അരങ്ങേറും. രൂപതയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഇരുപതിലധികം കോച്ചുകളിലും നൂറുകണക്കിന് സ്വകാര്യ വാഹനങ്ങളിലുമായി മത്സരാര്‍ത്ഥികളും മാതാപിതാക്കളും കലാസ്വാദകരും എത്തിച്ചേരും.
കലോത്സവം നടക്കുന്ന സ്കൂള്‍ പരിസരത്തേക്ക് രാവിലെ ഏഴുമണി മുതല്‍ പ്രവേശനം അനുവദിക്കും. രാവിലെ എട്ടുമണി മുതല്‍ രജിസ്ട്രേഷന് കൗണ്ടര്‍ പ്രവര്‍ത്തനമാരംഭിക്കും. ഡൈനിങ് ഹാളിന് സമീപമുള്ള സെന്റ് എഫ്രേം പവലിയനിലാണ് രജിസ്ട്രേഷന് സൗകര്യം ഒരുക്കിയിരിക്കുന്നത്.
ഓരോ റീജിയണിലെയും മത്സരാര്‍ത്ഥികളുടെ രജിസ്ട്രേഷന് നമ്പറുകളും മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരുടെ റിസ്റ്റ് ബാന്‍ഡുകളും അതത് റീജിയണല്‍ കോഓര്‍ഡിനേറ്റര്‍മാര്‍ രജിസ്ട്രേഷന് കൗണ്ടറില്‍നിന്ന് ശേഖരിക്കണം.
കലോത്സവം കാണാനെത്തുന്നവര്‍ക്കുള്ള രജിസ്ട്രേഷന് ലിങ്ക് ഇതിനോടകം എല്ലാ ഇടവകകള്‍ക്കും മിഷനുകള്‍ക്കും പ്രൊപ്പോസ്ഡ് മിഷനുകള്‍ക്കും കൈമാറിയിട്ടുണ്ട്. മത്സരാര്‍ത്ഥികളും വോളന്റിയര്‍മാരും ഒഴികെയുള്ളവര്‍ റിസ്റ്റ് ബാന്‍ഡ് നിര്‍ബന്ധമായും ധരിക്കണം. റിസ്റ്റ് ബാന്‍ഡ് ഇല്ലാത്തവര്‍ക്ക് കലോത്സവ വേദികളിലേക്ക് പ്രവേശനം അനുവദിക്കില്ല.
വാഹന പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട് വോളന്റിയര്‍മാരുടെ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് സംഘാടകര്‍ അറിയിച്ചു. കോച്ചുകള്‍ക്കായി പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന പാര്‍ക്കിങ് ഗ്രൗണ്ടില്‍ സ്വകാര്യ കാറുകള്‍ പാര്‍ക്ക് ചെയ്യുന്നത് കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.
സ്പോര്‍ട്സ് ഹാള്‍ കെട്ടിടത്തില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന ഹെല്പ് ഡെസ്കും സജ്ജീകരിച്ചിട്ടുണ്ട്.
കലോത്സവത്തിനെത്തുന്നവര്‍ക്ക് വിശുദ്ധ കുര്‍ബാനയിലും ആരാധനയിലും പങ്കെടുക്കുന്നതിനായി വേദിയില്‍ പ്രത്യേക ചാപ്പല്‍ ക്രമീകരിച്ചിട്ടുണ്ട്. രാവിലെ ഏഴുമണിക്ക് വോളന്റിയര്‍മാര്‍ക്കും നേരത്തെയെത്തുന്നവര്ക്കുമായി വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. തുടര്‍ന്ന് രാവിലെ 10, ഉച്ചയ്ക്ക് 12, ഉച്ചകഴിഞ്ഞ് 2, വൈകുന്നേരം 4 എന്നീ സമയങ്ങളിലും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
കലോത്സവത്തില്‍ പങ്കെടുക്കുന്നവര്‍ക്കും കാണികള്‍ക്കുമായി രണ്ട് കാറ്ററിങ് ടീമുകളാണ് ഭക്ഷണസൗകര്യം ഒരുക്കുന്നത്. സ്ട്രീറ്റ് ബോള്‍ കാറ്ററിങ്, നീലഗിരി കാറ്ററിങ് എന്നീ ടീമുകളാണ് കലോത്സവത്തിന് എത്തുന്നവര്‍ക്കായി ഭക്ഷണങ്ങള്‍ തയ്യാറാക്കുക. റീജിയണുകള്‍ക്കും മിഷനുകള്‍ക്കും കൂട്ടമായി ഭക്ഷണം മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. ഇതിനായി ബന്ധപ്പെട്ട കാറ്ററിങ് ടീമുകളുമായി നേരിട്ട് ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
മത്സരാര്‍ത്ഥികളുടെ സൗകര്യാര്‍ത്ഥം പ്രത്യേക ചെയ്ഞ്ചിങ് റൂമുകളും സജ്ജീകരിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമായി ഓരോ റീജിയണിനും ഓരോ ചെയ്ഞ്ചിങ് റൂം വീതമാണ് അനുവദിച്ചിരിക്കുന്നത്. സ്കൂളിന്റെ ഈസ്റ്റ് ബ്ലോക്കില്‍ ഒരുക്കിയിരിക്കുന്ന ഈ ചെയ്ഞ്ചിങ് റൂം കെട്ടിടത്തിലേക്ക് പുരുഷന്മാര്ക്ക് പ്രവേശനം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. പുരുഷന്മാര്ക്കായി കലോത്സവ വേദിയുടെ വിവിധ ഭാഗങ്ങളിലായി മൂന്ന് വലിയ ചെയ്ഞ്ചിങ് റൂമുകളും ഒരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷങ്ങളില്‍നിന്ന് വ്യത്യസ്തമായി ഇത്തവണ ഉച്ചകഴിഞ്, പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന 'സെന്റ് എഫ്രേം പവലിയന്' വേദിയില്‍ മത്സരവിജയികള്‍ക്ക് അഭിവന്ദ്യ പിതാവില്‍നിന്ന് സമ്മാനങ്ങള്‍ ഏറ്റുവാങ്ങാനുള്ള ക്രമീകരണങ്ങള്‍
ചെയ്തിട്ടുണ്ട്
മത്സരാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കൂടുതല്‍ സൗകര്യപ്രദമായ രീതിയില്‍ സമ്മാനവിതരണം നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ക്രമീകരണം. ശേഷിക്കുന്ന സമ്മാനങ്ങള്‍ വൈകുന്നേരം നടക്കുന്ന ഔദ്യോഗിക അവാര്‍ഡ്ദാന സമ്മേളനത്തില്‍ വിതരണം ചെയ്യും.
ഒമ്പതാമത് രൂപത ബൈബിള്‍ കലോത്സവത്തിന്റെ വിജയത്തിനായുള്ള ഒരുക്കങ്ങള്‍ അവസാനഘട്ടത്തിലാണ്. കലോത്സവത്തിന്റെ ആത്മീയ ഒരുക്കങ്ങളുടെ ഭാഗമായി സെന്റ് എഫ്രേം സ്കന്തോര്പ്പ്-ഹള്‍ പ്രൊപ്പോസ്ഡ് മിഷന്റെ നേതൃത്വത്തില്‍ നവംബര്‍ 18 ബുധനാഴ്ച രാവിലെ ആറുമണി മുതല്‍ വൈകുന്നേരം ആറുമണി വരെ രൂപതയിലുടനീളം പ്രത്യേക മധ്യസ്ഥപ്രാര്‍ത്ഥന സംഘടിപ്പിച്ചു.
ഗ്രേറ്റ് ബ്രിട്ടന് സീറോ മലബാര്‍ രൂപതയിലെ വിവിധ റീജിയണുകളില്‍ നിന്നുള്ള പ്രതിഭകള്‍ ഒരേ വേദിയില്‍ സംഗമിക്കുന്ന ബൈബിള്‍ കലോത്സവം വിശ്വാസത്തിന്റെയും കലാപ്രതിഭയുടെയും കൂട്ടായ്മയുടെയും മഹോത്സവമാണ്.
SHYMON THOTTUMKAL
ഷൈമോന്‍ തോട്ടുങ്കല്‍