പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ട് വെച്ച ഫിറ്റ്‌നസ് ചലഞ്ചില്‍ പങ്കെടുക്കാന്‍ തല്‍ക്കാലം സമയമില്ലെന്ന് കര്‍ണ്ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി. യോഗ ചെയ്യുന്ന ദൃശ്യങ്ങള്‍ പോസ്റ്റ് ചെയ്ത് കൊണ്ടാണ് പ്രധാനമന്ത്രി കുമാരസ്വാമിയെ ഫിറ്റ്‌നസ് ചലഞ്ചിന് ക്ഷണിച്ചത്. എന്നാല്‍ ഈ വെല്ലുവിളി സ്വീകരിക്കാനും, നിരാകരിക്കാനും മുഖ്യമന്ത്രി തയ്യാറായില്ല.
തന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കയുള്ള പ്രധാനമന്ത്രിക്ക് നന്ദി അറിയിച്ച് കുമാരസ്വാമി ട്വീറ്റ് പങ്കുവെച്ചു. ശാരീരിക ആരോഗ്യം സുപ്രധാനമാണ്. ഈ ശ്രമങ്ങളെ എല്ലാ തരത്തിലും പിന്തുണയ്ക്കുന്നു. യോഗയും, ട്രെഡ്മില്ലും ഇതിനായി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍ തല്‍ക്കാലം സംസ്ഥാനത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താനാണ് ശ്രമം. ഇതിന് താങ്കളുടെ പിന്തുണ തേടുന്നു, കുമാരസ്വാമി പറഞ്ഞു.
തന്റെ ദൈനംദിന വ്യായാമത്തിന്റെ രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ആണ് പ്രധാനമന്ത്രി മോദി പങ്കുവെച്ചത്. ഇതിന് ശേഷമാണ് എച്ച്ഡി കുമാരസ്വാമിയെ ഇതിനായി ക്ഷണിച്ചത്. കായിക മന്ത്രിയും മുന്‍ ഷൂട്ടിംഗ് താരവുമായ രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡാണ് ഫിറ്റ്‌നസ് ചലഞ്ചിന് തുടക്കം കുറിച്ചത്.