ദുരിതാശ്വാസനിധിയിലേക്ക് തുക നല്‍കുന്നതിനപ്പുറം നേരിട്ട് ദുരിതാശ്വാസപ്രവര്‍ത്തനത്തിനിറങ്ങിയ താരങ്ങള്‍ നിരവധിയാണ്. ടൊവീനോ തോമസ് ആയിരുന്നു അക്കൂട്ടത്തില്‍ ഏറ്റവുമധികം വാര്‍ത്തകളില്‍ നിറഞ്ഞുനിന്നത്. ഇപ്പോഴിതാ മറ്റൊരു നടനും ദുരിതാശ്വാസപ്രവര്‍ത്തനത്തില്‍ നേരിട്ട് പങ്കെടുക്കുന്നതിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു.
നടന്‍ ജാഫര്‍ ഇടുക്കിയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് അരിച്ചാക്ക് ചുമക്കുന്നതിന്റെ ചിത്രം ഫേസ്ബുക്കില്‍ പ്രത്യക്ഷപ്പെട്ടത്. കരിമണ്ണൂരിലെ ദുരിതാശ്വാസ കേന്ദ്രത്തിലാണ് ജാഫറിന്റെ അധ്വാനം. അരി, പലചരക്ക് സാധനങ്ങള്‍, വസ്ത്രങ്ങള്‍ എന്നിവ ദുരിതാശ്വാസകേന്ദ്രത്തിലേക്ക് എത്തിക്കാന്‍ സിപിഎം പ്രവര്‍ത്തകര്‍ക്കൊപ്പമാണ് അദ്ദേഹം പങ്കാളിയായത്. ഉടുമ്പന്നൂരില്‍ പ്രവര്‍ത്തിക്കുന്ന ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലാണ് ജാഫര്‍ പങ്കെടുത്തത്. ഉടുമ്പന്നൂരിലാണ് ജാഫര്‍ ഇടുക്കിയുടെ താമസം.