CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 28 Minutes 30 Seconds Ago
Breaking Now

പ്രതികൂല കാലാവസ്ഥാ പ്രവചനത്തിന്റെ അടിസ്ഥാനത്തില്‍ യുക്മ ദേശീയ കായികമേള മാറ്റിവച്ചു........ പുതുക്കിയ തീയതി ഉടന്‍ പ്രഖ്യാപിക്കും

യു കെ കായിക പ്രേമികള്‍ ആവേശത്തോടെ കാത്തിരുന്ന യുക്മ ദേശീയ കായികമേള മാറ്റിവച്ചതായി സംഘാടകസമിതി അറിയിക്കുന്നു. ദേശീയ കായികമേള പ്രഖ്യാപിച്ചിരിക്കുന്ന ഈ ശനിയാഴ്ച കനത്ത മഴയാണ് ബിര്‍മിംഗ്ഹാമിലും പരിസര പ്രദേശങ്ങളിലും കാലാവസ്ഥാ പ്രവചനങ്ങളില്‍ രേഖപ്പെടുത്തുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും എത്തിച്ചേരുന്ന കായിക താരങ്ങള്‍ക്കും സംഘാടകര്‍ക്കും മത്സരങ്ങള്‍ നടക്കാതെ പോകുന്ന സാഹചര്യം ചിന്തിക്കാന്‍ കൂടി ആകുന്നതല്ല. ആ സാഹചര്യത്തിലാണ് ദേശീയ മേള മാറ്റിവക്കുന്നതെന്ന് യുക്മ ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ദേശീയ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ്, ദേശീയ കായികമേള ജനറല്‍ കണ്‍വീനര്‍ ടിറ്റോ തോമസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 

മധ്യവേനല്‍ അവധി ആരംഭിക്കുന്ന ജൂലൈ പകുതിക്ക് മുന്‍പായി ദേശീയ കായികമേള പുനര്‍ ക്രമീകരിക്കുന്നതായിരിക്കും. ദേശീയ മേളയുടെ പുതുക്കിയ തീയതിയും സ്ഥലവും ഏതാനും ദിവസങ്ങള്‍ക്കകം പ്രഖ്യാപിക്കുന്നതാണ്. റീജിയണല്‍ മത്സരങ്ങളില്‍ വിജയിക്കുന്നവര്‍ ഏറ്റുമുട്ടുന്ന ദേശീയ വേദികള്‍ ആണ് യുക്മ ദേശീയ കായികമേളകള്‍. റീജണല്‍ കായികമേളകളില്‍ വ്യക്തിഗത ഇനങ്ങളില്‍ ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കും, ഗ്രൂപ്പ് ഇനങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കുമാണ് ദേശീയ മേളയില്‍  പങ്കെടുക്കുവാന്‍  അവസരം ലഭിക്കുക. ഈ വര്‍ഷം വടംവലി മത്സരങ്ങള്‍ ഓണാഘോഷങ്ങളിലേക്ക് മാറ്റിയ സാഹചര്യത്തില്‍  റിലേ മത്സരങ്ങള്‍  മാത്രമായിരിക്കും ഗ്രൂപ്പിനങ്ങളില്‍ ദേശീയ മേളയില്‍ ഉണ്ടാവുക.

പ്രധാനപ്പെട്ട റീജിയണുകള്‍ എല്ലാം തന്നെ മുന്‍കൂട്ടി പ്രഖ്യാപിച്ചതനുസരിച്ച് റീജിയണല്‍ കായികമേളകള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ജൂണ്‍ ഒന്ന് ശനിയാഴ്ച നോര്‍ത്ത് വെസ്റ്റ് റീജിയണല്‍ കായികമേള ലിവര്‍പൂളിലും, യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണല്‍ കായികമേള ലീഡ്‌സിലും ഗംഭീരമായി സംഘടിപ്പിക്കപ്പെട്ടിരുന്നു. ജൂണ്‍ എട്ട് ശനിയാഴ്ച സൗത്ത് ഈസ്റ്റ് റീജിയണ്‍ കായികമേള ഹേവാര്‍ഡ്‌സ് ഹീത്തിലും, ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ മേള റെഡിച്ചിലും, സൗത്ത് വെസ്റ്റ് റീജിയണല്‍ മത്സരങ്ങള്‍ ആന്‍ഡോവറിലും നടന്നു. 

കായികമേള സംഘടിപ്പിക്കാന്‍ കഴിയാതെവന്ന ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍, വെയ്ല്‍സ് റീജിയണ്‍, നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്ട്‌ലാന്‍ഡ് റീജിയണ്‍ എന്നിവിടങ്ങളില്‍ നിന്നുള്ള കായികതാരങ്ങള്‍ക്കും, നിബന്ധനകളുടെ അടിസ്ഥാനത്തില്‍, ദേശീയ മേളയില്‍ പങ്കെടുക്കുവാനുള്ള ക്രമീകരണങ്ങള്‍ സംഘാടക സമിതി ഒരുക്കുന്നതിനിടയിലാണ്  ആകസ്മികമായി മേള മാറ്റിവക്കേണ്ടി വന്നത്.

കഴിഞ്ഞ എട്ട് യുക്മ ദേശീയ കായിക മേളകളും അരങ്ങേറിയ വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ വിന്‍ഡ്‌ലി ലെഷര്‍ സെന്റര്‍ ഒഫീഷ്യല്‍സുമായി നടന്ന ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് കായികമേള മാറ്റിവക്കാനുള്ള തീരുമാനം കൈകൊണ്ടത്. കായികമേളാ ദിനമായ ശനിയാഴ്ച, ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന മഴ പ്രവചിച്ചിരിക്കുന്ന സാഹചര്യത്തില്‍ മേള മാറ്റിവെക്കുന്നത് തന്നെയാണ് അഭികാമ്യമെന്ന് തീരുമാനിക്കപ്പെടുകയായിരുന്നു. ദേശീയ കായികമേള മാറ്റിവച്ചതുമൂലം ഉണ്ടായിട്ടുള്ള അസൗകര്യങ്ങളില്‍ നിര്‍വാജ്യമായി ഖേദിക്കുന്നതായി യുക്മ ദേശീയ നിര്‍വാഹകസമിതി അറിയിക്കുന്നു.

 

സജീഷ് ടോം

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 

 




കൂടുതല്‍വാര്‍ത്തകള്‍.