താന്‍ പാതി ദൈവം പാതി എന്നുകേട്ടിട്ടുള്ള നമുക്ക് ഇന്ത്യ പാതി, പാകിസ്ഥാന്‍ പാതി എന്ന് കേട്ടാല്‍ ചിലപ്പോള്‍ പൂര്‍ണ്ണമായി ദഹിച്ചെന്ന് വരില്ല. അയല്‍ക്കാരെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള സ്‌നേഹോഷ്മളമായ ബന്ധം തന്നെ ഇതിന് കാരണം. ഐസിസി ലോകകപ്പ് ക്രിക്കറ്റ് വേദിയില്‍ ഇന്ത്യപാക് പോരാട്ടവും ഒടുവില്‍ പരിസമാപ്തിയിലെത്തി. മത്സരത്തിലെ എല്ലാ രംഗത്തും ഒരുപോലെ മേധാവിത്വം കാണിച്ച് ഇന്ത്യ മത്സരം പിടിച്ചെടുത്തു.
എന്നാല്‍ ഓള്‍ഡ് ട്രാഫോഡിലെ പോരാട്ട വേദിയില്‍ ഇരുടീമുകള്‍ക്കും പിന്തുണയുമായി എത്തിയ ദമ്പതികളാണ് ഇപ്പോള്‍ ഇന്റര്‍നെറ്റിന്റെ പ്രിയപ്പെട്ട സംസാരവിഷയം. മാഞ്ചസ്റ്ററിലെ വേദിയില്‍ കനേഡിയന്‍ ദമ്പതികള്‍ ഇരുടീമുകളുടെയും ജഴ്‌സി പകുതിയാക്കി അണിഞ്ഞാണ് കൈയടി ഏറ്റുവാങ്ങിയത്. ഓരോ രാജ്യക്കാരും തങ്ങളുടെ ടീമിനെ പിന്തുണച്ചപ്പോള്‍ ഇരുടീമുകളെ പിന്തുണച്ചാണ് ഇവരുടെ ജഴ്‌സിയും, മനസ്സും കൈയടി നേടിയത്.
ഇന്ത്യയുടെ ജഴ്‌സി ഒരു പാതിയും, മറുപാടി പാക് ജഴ്‌സിയുമാണ് ഈ ദമ്പതികളുടെ വേഷത്തില്‍ ഇടംനേടിയത്. ഭര്‍ത്താവ് പാകിസ്ഥാന്‍കാരനും, ഭാര്യ ഇന്ത്യക്കാരി ആയതുമാണ് ഇവരുടെ വേഷത്തിന് പിന്നിലെ രഹസ്യമെന്ന് ലണ്ടനില്‍ താമസിക്കുന്ന ഇന്ത്യന്‍ വംശജ ലക്ഷ്മി കൗള്‍ ട്വിറ്ററില്‍ കുറിച്ചു. ലക്ഷ്മി ഷെയര്‍ ചെയ്ത ദമ്പതികളുടെ ചിത്രം വൈറലായതോടെ ഇരുവരെയും ആരാധകര്‍ പ്രശംസ കൊണ്ട് മൂടകയാണ്.
രാജ്യങ്ങള്‍ തമ്മിലുള്ള രാഷ്ട്രീയബന്ധം മോശമെങ്കിലും ക്രിക്കറ്റില്‍ സമാധാനം മതിയെന്ന സന്ദേശമാണ് ഈ ദമ്പതികള്‍ പങ്കുവെച്ചത്. ട്വിറ്റര്‍ ലോകം ഈ സന്ദേശത്തോട് നീതി പുലര്‍ത്തുകയും ചെയ്തു.