Breaking Now

ഇന്ത്യൻ മണ്ണിൽ ചൈനീസ് സേന വീണ്ടും ടെന്റ് ഉയർത്തി

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിഷേധത്തിനു പുല്ലുവില കൽപ്പിക്കാതെ ഇന്ത്യൻ മണ്ണിൽ ചൈന അഞ്ചാമത്തെ ടെന്റ് കെട്ടിയുയർത്തി.

 ലേയിലെ ദൗലത്ത് ബേഗ് ഓൾഡി സെക്​ടറിലാണ് ചൈനീസ് ചെന്പട പുതിയ ടെന്റടിച്ചത്. കാവലിന് വേട്ടനായ്​ക്കളെയും നിയോഗിച്ചു.

ലഡാക്ക് ഡിവിഷനിലെ ബർസെയിൽനിന്ന് 70 കിലോ മീറ്റർ മാറിയാണ് പുതിയ അധിനിവേശം. ക്യാന്പിനു പുറത്തു സ്ഥാപിച്ച ഇംഗ്ളീഷിലുള്ള ബോർഡിൽ ഇങ്ങനെ കുറിച്ചിട്ടുണ്ട്: ‘ നിങ്ങൾ ഇപ്പോൾ ചൈനയിലാണ്’. തോക്കുധാരികളായ ചൈനീസ് സൈനികർ രാപകൽ കാവൽ നിൽക്കുന്നു. ഹിമപ്രദേശത്തുള്ള കാവൽ നായ്​ക്കളെയും ഇവർക്കു സഹായത്തിനായി നൽകിയിട്ടുണ്ട്. ഏതു നീക്കവും മണത്തറിയാനുള്ള പ്രത്യേക കഴിവുള്ളവയാണ് ഇവ.

അതിർത്തിയിലെ സംഘർഷം ലഘൂകരിക്കുന്നതിന് ഇന്ത്യയുടെയും ചൈനയുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥർ ഇതിനകം മൂന്നു കൂടിക്കാഴ​ചകൾ നടത്തി. എന്നാൽ മൂന്നും പരാജയപ്പെടുകയായിരുന്നു.

അതിക്രമിച്ചു കയറിയ ചൈനീസ് പട്ടാളക്കാരെ ഒൻപതു കിലോമീറ്റർ പിന്നാക്കം തുരത്തിയതായി ഇന്തോ- ടിബറ്റൻ അതിർത്തി രക്ഷാസേന പറഞ്ഞു. തുടർന്നാണ് അവർ ഇന്ത്യൻ അതിർത്തിയിൽ 18 കിലോ മീറ്റർ ഉള്ളിലായി ടെന്റടിച്ചത്. 17,​000 അടി ഉയരത്തിലാണ് ഈ ക്യാന്പ്.

ചൈനീസ് പട്ടാളക്കാരോട് സ്വന്തം മണ്ണിലേക്കു മടങ്ങാൻ ആവശ്യപ്പെടുന്ന സന്ദേശം വഹിക്കുന്ന പതാകകൾ ഇന്തോ- ടിബറ്റൻ അതിർത്തി രക്ഷാസേന ഉയർത്തി. അവരുടെ ജാഗ്രത കൊണ്ടാണ് ചൈനയുടെ വലിയ മുന്നേറ്റത്തിനു തടയിടാനായത്.

വിഫല ദൗത്യങ്ങൾ

ഏപ്രിൽ 15നാണ് സംഭവങ്ങളുടെ തുടക്കം. 18ന് ആദ്യത്തെ ഫ്ളാഗ് മീറ്റിംഗ് നടന്നു. വിദേശകാര്യ സെക്രട്ടറി ചൈനീസ് അംബാസഡറെ വിളിച്ചുവരുത്തി സംഭവത്തിൽ ആശങ്ക അറിയിച്ചു. ചൊവ്വാഴ്ച രാവിലെ വീണ്ടും ഫ്ളാഗ് മീറ്റിംഗ് നടന്നു. ചൈനയുടെ അതിര്‍ത്തി പ്രദേശത്ത് പട്രോളിംഗ് നടത്തുക മാത്രമാണ് ചൈനീസ് സൈന്യം ചെയ്തതെന്നാണ് ചൈനീസ് അംബാസഡര്‍ പറഞ്ഞത്.

25 വർഷത്തിനിടെ ഇരു സൈന്യവും ഇത്രയും നേർക്കു നേർ നിൽക്കുന്നത് ആദ്യമായാണ്. ചുമാർ,​ സ്​പാൻഗുർ ഇടനാഴി, ഡെസ്​പാംഗ് താഴ്വര എന്നിവിടങ്ങളിലാണ് സംഘർഷ സാധ്യതയുള്ളത്. വ്യോമാതിര്‍ത്തി ലംഘിച്ച് രണ്ട് ഹെലികോപ്ടറുകളില്‍ സാമഗ്രികള്‍ എത്തിച്ചാണ് ചൈനയുടെ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി ഇന്ത്യന്‍ മണ്ണിൽ ക്യാമ്പ് സ്ഥാപിച്ചത്. തുടര്‍ന്ന് ലഡാക്ക് സ്കൗട്ട്സിന്റെ അഞ്ചാം ബറ്റാലിയനെ ഇന്ത്യ വിന്യസിച്ചു. ചൈനീസ് പട്ടാളം സ്ഥാപിച്ച ക്യാമ്പില്‍നിന്ന് അര കിലോമീറ്റര്‍ മാറി ഇന്ത്യന്‍ സേനയും നിലയുറപ്പിച്ചിട്ടുണ്ട്. വിദേശകാര്യ മന്ത്രി സൽമാൻ ഖുർഷിദ് അടുത്തമാസം ഒന്പതാം തിയതി ചൈന സന്ദർശിക്കാനിരിക്കുകയാണ്. ഇതോടെ പ്രശ്നത്തിൽ ശാശ്വത പരിഹാരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ.
കൂടുതല്‍വാര്‍ത്തകള്‍.