ഡബിള്‍ ഡെക്കര്‍ ബസ് മറിഞ്ഞ് 37 യാത്രക്കാര്‍ക്ക് പരുക്കേറ്റ സംഭവം ഗുരുതരമായ അപകടമായി പ്രഖ്യാപിച്ച് പോലീസ്. അപകടത്തില്‍ പരുക്കേറ്റ എട്ട് പേരുടെ നില ഗുരുതരമാണ്. ഡിവോണില്‍ ടോട്‌നസിനും, പെയിംഗ്ടണും ഇടയില്‍ എ385-ലാണ് സംഭവം. സ്റ്റേജ്‌കോച്ച് ഗോള്‍ഡ് ബസ് വേലിക്കെട്ട് തകര്‍ത്ത് ലോംബ്‌ക്രോംബ് ക്രോസിലെ മൈതാനത്തേക്ക് മറിഞ്ഞ നിലയിലാണ്.
ആദ്യം ഒരു യാത്രികനാണ് ഗുരുതര പരുക്കേറ്റതെന്നാണ് ഡിവോണ്‍ & കോണ്‍വാള്‍ പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് ഈ വിവരം പോലീസ് പുതുക്കി. 37 പേര്‍ക്ക് പരുക്കേറ്റെന്നും ഇതില്‍ എട്ട് പേരുടെ നില ഗുരുതരമാണെന്നും പോലീസ് വ്യക്തമാക്കി. മേഖലയിലെ വിവിധ ആശുപത്രികളിലേക്ക് പരുക്കേറ്റവരെ ചികിത്സയ്ക്കായി എത്തിച്ചിട്ടുണ്ട്. ചെറിയ പരുക്കേറ്റവരെ ചികിത്സ നല്‍കി വിട്ടയച്ചു.
പത്ത് പേര്‍ക്ക് അപകടസ്ഥലത്ത് വെച്ച് തന്നെ പോലീസും, മെഡിക്കല്‍ ടീമും ചേര്‍ന്ന് പ്രാഥമിക ചികിത്സ നല്‍കി. പരുക്കേറ്റവരെ പൂര്‍ണ്ണമായും മാറ്റിയെങ്കിലും അന്വേഷണ വിധേയമായി റോഡ് അടച്ചിടുന്നതായി പോലീസ് അറിയിച്ചു. ബസ് ഡ്രൈവറെ അറസ്റ്റ് ചെയ്തിട്ടില്ല. ഇയാള്‍ അന്വേഷണങ്ങളില്‍ സഹായിക്കുന്നതായും ഡിവോണ്‍ & കോണ്‍വാള്‍ പോലീസ് പറഞ്ഞു.
ഡേ ഓഫിലുണ്ടായ സര്‍ജന്‍മാര്‍, ഡോക്ടര്‍മാര്‍, ജിപിമാര്‍, നഴ്‌സുമാര്‍, ചാപ്ലിന്‍, സപ്പോര്‍ട്ട് വര്‍ക്കര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടെയുള്ള എന്‍എച്ച്എസ് ജീവനക്കാരെല്ലാം സംഭവം അറിഞ്ഞ് ഡ്യൂട്ടിയില്‍ തിരിച്ചെത്തി കര്‍മ്മനിരതരായി. തകര്‍ന്ന ബസില്‍ കുടുങ്ങിയ യാത്രക്കാരെ ഫയര്‍ ക്രൂവാണ് വലിച്ചിഴച്ച് പുറത്തെത്തിച്ചത്.