പ്രായമായ കസ്റ്റമറെ കാറിലേക്ക് കയറ്റാനായി സഹായിക്കുന്നത് ഒരു വലിയ തെറ്റൊന്നുമല്ല. പക്ഷെ കാര്‍ നിര്‍ത്തി ഒരു മിനിറ്റ് ഇതിനായി ചെലവിട്ട ടാക്‌സി ഡ്രൈവര്‍ ചെയ്തത് വലിയ തെറ്റായാണ് പാര്‍ക്കിംഗ് വാര്‍ഡന് തോന്നിയത്. അതുകൊണ്ടെന്താ, 60 സെക്കന്‍ഡ് പോലും തികയാത്ത ആ പ്രവൃത്തിക്ക് 70 പൗണ്ടിന്റെ പാര്‍ക്കിംഗ് ടിക്കറ്റാണ് വാര്‍ഡന്‍ അടിച്ചുനല്‍കിയത്.
51-കാരനായ ടാക്‌സി ഡ്രൈവര്‍ക്കാണ് പ്രായമായ സ്ത്രീയെ കാറില്‍ കയറ്റാന്‍ നിമിഷങ്ങള്‍ മാത്രം പുറത്തിറങ്ങിയപ്പോള്‍ പണികിട്ടിയത്. വാക്കര്‍ ഉപയോഗിച്ചാണ് യാത്രക്കാരി കാറിലേക്ക് കയറാനെത്തിയത്. അതുകൊണ്ടാണ് ഡ്രൈവര്‍ വിക്ടര്‍ ഐസക് നല്ല മനസ്സ് കൊണ്ട് സഹായഹസ്തവുമായി പുറത്തിറങ്ങിയത്. എന്നാല്‍ സഹായം കഴിഞ്ഞ് തിരിഞ്ഞ് നോക്കുമ്പോഴേക്കും അതുവഴി പോയ വാര്‍ഡന്‍ വിന്‍ഡ്‌സ്‌ക്രീനില്‍ 70 പൗണ്ട് പിഴ കുറിച്ച ടിക്കറ്റ് പതിച്ചിരുന്നു.
ഹാംപ്ഷയര്‍ റോംസിയിലാണ് സംഭവം നടന്നത്. ഡ്രൈവര്‍ സീറ്റില്‍ നിന്ന് 60 സെക്കന്‍ഡില്‍ താഴെയാണ് താന്‍ മാറിയതെന്ന് ഐസക് വ്യക്തമാക്കി. ഡബിള്‍ യെല്ലോ ലെയിന് സമീപമാണ് കാര്‍ നിര്‍ത്തിയത്. എല്ലാ ആഴ്ചയും നടക്കാന്‍ ബുദ്ധിമുട്ടുള്ള ഈ സ്ത്രീയെ ഒരു മൈല്‍ യാത്രക്ക് കൊണ്ടുപോകാന്‍ ഐസക് എത്താറുണ്ട്. എന്നാല്‍ ഇക്കുറി ഇതിന് വേണ്ടിവന്നത് 70 പൗണ്ടാണ്.
കാര്‍ വഴിയില്‍ ഉപേക്ഷിച്ച് പോയതല്ലെന്ന് വാര്‍ഡനെ കണ്ടപ്പോള്‍ തന്നെ വിളിച്ചുപറഞ്ഞെന്ന് ടാക്‌സി ഡ്രൈവര്‍ പറയുന്നു. കസ്റ്റമറെ സഹായിച്ച് മടങ്ങിയതാണെന്ന് ഇവര്‍ പരിഗണിച്ചില്ല. ടിക്കറ്റ് അടിച്ച് വിശദീകരണം കേള്‍ക്കാന്‍ നില്‍ക്കാതെ വാര്‍ഡന്‍ സ്ഥലംവിട്ടു. ഡ്രൈവര്‍ക്ക് വേണമെങ്കില്‍ അപ്പീല്‍ നല്‍കാമെന്നാണ് ടെസ്റ്റ് വാലി ബറോ കൗണ്‍സില്‍ വക്താവിന്റെ പ്രതികരണം.