CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
52 Minutes 22 Seconds Ago
Breaking Now

കൊടുംതണുപ്പ് ജീവനെടുത്ത് തുടങ്ങി; മരം കോച്ചുന്ന താപനിലയില്‍ അഞ്ചാമത്തെ ജീവന്‍ പൊലിഞ്ഞു; ബെര്‍ക്ഷയറിലും, ഹാംപ്ഷയറിലും കാല്‍നടക്കാര്‍ കൊല്ലപ്പെട്ടു; വഴിയില്‍ കിടന്നുറങ്ങിയവര്‍ക്കും തണുപ്പില്‍ അന്ത്യയാത്ര

തണുപ്പ് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ച് തുടങ്ങിയതായി സൗത്ത് ഈസ്റ്റേണ്‍ റെയില്‍വെ യാത്രക്കാരെ അറിയിച്ചു

തെരുവുകളിലെ പൂജ്യത്തില്‍ താഴെ രേഖപ്പെടുത്തിയ തണുപ്പില്‍ കുഴഞ്ഞുവീണ ഭവനരഹിതന്‍ കൂടി മരണപ്പെട്ടതോടെ ബ്രിട്ടനില്‍ താപനില താഴുന്നതും, പുകമഞ്ഞ് മൂടുന്നതും മൂലമുള്ള അഞ്ചാമത്തെ മരണം രേഖപ്പെടുത്തി. ഈസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ നോട്ടിംഗ്ഹാംഷയര്‍ സിറ്റി സെന്ററിന് അരികിലുള്ള ഇടവഴിയില്‍ ഉറങ്ങിയ ആളെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ 8.20ന് കുഴഞ്ഞുവീണ വിവരം അറിഞ്ഞതോടെ പാരാമെഡിക്കുകള്‍ സ്ഥലത്തേക്ക് കുതിച്ചെത്തി. എന്നാല്‍ ക്യൂന്‍സ് മെഡിക്കല്‍ കോളേജിലെത്തിയ ഈ വ്യക്തി മരണത്തിന് കീഴടങ്ങി. 

വീടില്ലാത്തതിനാല്‍ ടെന്റില്‍ കിടന്നുറങ്ങിയ വ്യക്തിയാണ് മരണപ്പെട്ടത്. രാത്രി കാണാതായ ഒരു പ്രായമായ സ്ത്രീയും മരണത്തിന് കീഴടങ്ങി. പുകമഞ്ഞ് നിറഞ്ഞ റോഡില്‍ യാത്ര ചെയ്ത ട്രക്കുകള്‍ ഇടിച്ച് രണ്ട് കാല്‍നടക്കാരും മരണപ്പെട്ടു. ബ്രിട്ടനില്‍ താപനില -10 സെല്‍ഷ്യസിലേക്ക് വീണിരിക്കുകയാണ്. 57-കാരനായ ലിത്വാനിയക്കാരനാണ് തെരുവില്‍ അന്തിയുറങ്ങവെ മരിച്ചത.് ഈസ്റ്റ് ഡണ്‍ബാര്‍ട്ടണ്‍ഷയറില്‍ കാണാതായ 89-കാരി ഹെലെന്‍ മെയ്ഡറിന്റെ മൃതദേഹമാണ് പിന്നീട് കണ്ടെത്തിയത്. 

ബെര്‍ക്ഷയറില്‍ എം4ല്‍ വെച്ചാണ് കാല്‍നടക്കാരനെ ട്രക്ക് ഇടിച്ചുതെറിപ്പിച്ചത്. ഡ്രൈവിംഗ് അവസ്ഥ വളരെ ബുദ്ധിമുട്ടേറിയ നിലയിലായിരുന്നു അപകടം സംഭവിച്ചതെന്ന് തെയിംസ് വാലി പോലീസ് പറഞ്ഞു. ഒരു മണിക്കൂറിന് ശേഷം വിന്‍ചെസ്റ്ററിലായിരുന്നു അടുത്ത അപകടം. എസെക്‌സില്‍ നിന്നുള്ള 19-കാരനാണ് വിന്‍ചെസ്റ്ററില്‍ ട്രക്ക് ഇടിച്ച് കൊല്ലപ്പെട്ടത്. നോര്‍ത്ത് പോളില്‍ നിന്നും ആര്‍ട്ടിക് സ്വെല്‍ യുകെയിലേക്ക് വീശിയെത്തിയതോടെ കൊടുതണുപ്പ് അരിച്ചിറങ്ങുകയാണ്. അബെര്‍ദീന്‍ഷയറിലെ ബ്രെയ്മറില്‍ രാത്രി -9.9 സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. 

തണുപ്പ് ട്രെയിന്‍ ഗതാഗതത്തെ ബാധിച്ച് തുടങ്ങിയതായി സൗത്ത് ഈസ്റ്റേണ്‍ റെയില്‍വെ യാത്രക്കാരെ അറിയിച്ചു. സൗത്ത് ഈസ്റ്റ് ലണ്ടനിലും, കെന്റിലും ചില ട്രെയിനുകള്‍ റദ്ദാക്കുകയോ, വൈകുകയോ, സമയം മാറ്റി ഓടുകയോ ചെയ്യുന്നതായും റെയിലുകള്‍ തെന്നുന്ന അവസ്ഥയാണ് ഇതിന് കാരണമെന്നും റെയില്‍വെ അധികൃതര്‍ വ്യക്തമാക്കി. 




കൂടുതല്‍വാര്‍ത്തകള്‍.