Breaking Now

വായനയുടെ ആധുനീക പ്രവണതകളെ വിശകലം ചെയ്തുകൊണ്ട് ജ്വാല നവംബര്‍ ലക്കം പ്രസിദ്ധീകരിച്ചു........ ജ്വാലക്ക് ശോഭയേകിക്കൊണ്ട് ഡോ.സലിം അലിയുടെ മുഖചിത്രവും

ഭാരതം ലോകത്തിന് നല്‍കിയ സമ്മാനമാണ് ഡോ.സലിം അലി. ലോക പ്രശസ്തനായ പക്ഷി ശാസ്ത്രജ്ഞന്‍ സലിം അലിയുടെ മുഖ ചിത്രത്തോടെ പുറത്തിറങ്ങിയ യുക്മയുടെ ഓണ്‍ലൈന്‍ സാഹിത്യ പ്രസിദ്ധീകരണമായ ജ്വാല ഇമാഗസിന്റെ നവംബര്‍ ലക്കവും പതിവ് പോലെ പ്രൗഢമായ രചനകളാല്‍ സമ്പന്നമാണ്. 

 

ഇന്റര്‍നെറ്റ്  യുഗത്തില്‍ സാഹിത്യം വായിക്കപ്പെടുന്ന രീതിയില്‍  മാറ്റങ്ങള്‍ വന്നിട്ടുണ്ട്. എന്നിരുന്നാലും വായന വളരുകയാണ്. ഇനിയുള്ള കാലം ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങളുടേതാണ്. എന്നാല്‍ പ്രവാസി മലയാളികള്‍ കാലത്തിന് അനുസരിച്ചു മാറിയിട്ടുണ്ടോ എന്ന സംശയം പ്രകടിപ്പിക്കുകയാണ് എഡിറ്റോറിയലില്‍ ചീഫ് എഡിറ്റര്‍ റജി  നന്തികാട്ട്. കഥകളും കവിതകളും വായിച്ചിട്ടെന്തു പ്രയോജനം എന്ന് ചിന്തിക്കുന്നവര്‍ക്ക് ശക്തമായ മറുപടിയാണ് ഈ ലക്കത്തിലെ എഡിറ്റോറിയല്‍. 

 

സ്വാതന്ത്ര്യം ലഭിച്ചിട്ട് എഴുപതാണ്ടു പിന്നിടുമ്പോഴും, സ്വാതന്ത്ര്യം എന്ന വാക്കിന്റെ  അര്‍ഥം തേടുകയാണ് എം കൃഷ്ണയുടെ 'സ്വാതന്ത്ര്യവും ഭയവും' എന്ന ലേഖനത്തില്‍. പല കാരണങ്ങളാലും നമ്മള്‍  ഭയത്തോടെ ജീവിക്കേണ്ടിവരുന്ന ഈ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ലേഖനം. 

 

ജ്വാലയില്‍ നേരത്തെ  പ്രസിദ്ധീകരിച്ചിരുന്ന ജോര്‍ജ്ജ് അറങ്ങാശ്ശേരിയുടെ 'സ്മരണകളിലേക്കൊരു മടക്കയാത്ര' എന്ന പംക്തി ചെറിയ ഇടവേളക്ക് ശേഷം വീണ്ടും ആരംഭിക്കുകയാണ്.  വളരെയേറെ പ്രശംസ നേടിയിരുന്ന ഈ പംക്തി വായനക്കാരെ തങ്ങള്‍ പിന്നിട്ട ജീവിതാനുഭവങ്ങള്‍ വീണ്ടും ഓര്‍മ്മിപ്പിച്ചേക്കാം. നോബല്‍ സമ്മാനം നേടിയ ഷൂസെ സരമാഗുവിന്റെ കായേന്‍ എന്ന കൃതിയുടെ മലയാള പരിഭാഷ നടത്തിയ അയ്മനം ജോണ്‍ തന്റെ അനുഭവങ്ങള്‍ പങ്ക് വെയ്ക്കുകയാണ് 'കായേനെ കടല്‍ കടത്തിയതെങ്ങനെ' എന്ന ലേഖനത്തില്‍. 

 

മനോഹരമായ ഗാനങ്ങളാല്‍ പ്രസിദ്ധി നേടിയ സിനിമയായിരുന്നു 'ദേവദാസി'. റിലീസ് ചെയ്യാതെ നിര്‍മ്മാണത്തിന്റെ പാതിവഴിയില്‍ മുടങ്ങിയ ദേവദാസി യുടെ ഗാനങ്ങള്‍ പിറന്നതിനെക്കുറിച്ചു വിവരിക്കുകയാണ് രവി മേനോന്‍ 'പാദരേണു തേടിയലഞ്ഞു ...' എന്ന ലേഖനത്തില്‍. ജീവന്‍ ജോബ് തോമസ് എഴുതിയ 'ശരീരത്തിന്റെ ട്രാജഡി' എന്ന ലേഖനവും പ്രൗഢമായ രചനയാണ്. 

 

ഈ ലക്കത്തില്‍ എം ബഷീര്‍ രചിച്ച 'മാവോയുടെ ബുക്ക് കക്ഷത്തില്‍ വച്ച് നടന്ന ഒരാള്‍ക്ക് സംഭവിച്ചത്' എന്ന കവിത വായനക്കാരെ അത്ഭുതപ്പെടുത്തും. കൂടാതെ കെ ആര്‍ സുകുമാരന്‍ എഴുതിയ 'പുലരി' എന്ന കവിതയും മനോഹരമായ കൃതിയാണ്. 

 

പ്രീത സുധിര്‍ എഴുതിയ 'ഒറ്റതത്ത', ശ്രീകല മേനോന്റെ 'വൃഷാലി', കണ്ണന്‍ സാജുവിന്റെ 'ഡോക്ടര്‍ കെ പി' എന്നീ കഥകളും നവംബര്‍ ലക്കം ജ്വാലയെ വ്യത്യസ്തമാക്കുന്നു. യുക്മ സാംസ്‌ക്കാരികവേദിയാണ് എല്ലാമാസവും ജ്വാല അണിയിച്ചൊരുക്കുന്നത്. താഴെ കൊടുത്തിരിക്കുന്ന ലിങ്കിലൂടെ നവംബര്‍ ലക്കം ജ്വാല വായിക്കാം:

 

https://issuu.com/jwalaemagazine/docs/november_2019  

 

സജീഷ് ടോം 

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍)
കൂടുതല്‍വാര്‍ത്തകള്‍.