Breaking Now

യുകെയില്‍ ഇന്ത്യയോടും, ഇന്ത്യക്കാരോടും കളിക്കാന്‍ നില്‍ക്കരുത്! ഇന്ത്യന്‍ സമൂഹത്തിന്റെ സന്ദേശത്തില്‍ തോറ്റ് തളര്‍ന്ന് ലേബര്‍ പാര്‍ട്ടി; ഇന്ത്യയെ കുത്താന്‍ അവസരം നോക്കിയ കോര്‍ബിന്‍ ഇനി പടിക്ക് പുറത്തിരിക്കട്ടെ!

ലേബറിന്റെ സുരക്ഷിത മണ്ഡലങ്ങളില്‍ തോല്‍ക്കുകയോ, ഭൂരിപക്ഷം വെട്ടിക്കുറയ്ക്കാനും ഇന്ത്യക്കാര്‍ വിജയിച്ചു

2019 ബ്രിട്ടീഷ് പൊതുതെരഞ്ഞെടുപ്പില്‍ ഇന്ത്യ കാത്തിരുന്ന ഒരു ഫലമുണ്ട്, ബ്രിട്ടനില്‍ അധ്വാനിച്ച് പണിയെടുക്കുന്ന ഇന്ത്യന്‍ സമൂഹം കാത്തിരുന്ന ആ അന്തിമഫലം പക്ഷെ ഉണ്ടായില്ല. ലേബര്‍ നേതാവ് ജെറമി കോര്‍ബിന്റെ തോല്‍വി സഫലമായില്ലെങ്കിലും ഇന്ത്യയെ കുത്തിനോവിക്കാന്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കാത്തുനിന്ന ലേബര്‍ പാര്‍ട്ടിക്ക് നിരാശ സമ്മാനിച്ചതിന്റെ ആഹ്ലാദത്തിലാണ് ഇന്ത്യന്‍ സമൂഹം. 

സോഷ്യലിസ്റ്റ് കളിച്ച കോര്‍ബിന്‍ ലേബര്‍ നയങ്ങള്‍ രൂപീകരിക്കുമ്പോള്‍ ആദ്യം ലക്ഷ്യംവെച്ചത് ഇന്ത്യയെ തന്നെയാണ്. ലേബര്‍ സര്‍ക്കാര്‍ രൂപീകരിച്ചാല്‍ ആദ്യം ഇടപെടുക കശ്മീരിലാകുമെന്ന് പാര്‍ട്ടി പ്രകടനപത്രിക. പക്ഷെ ടോറികള്‍ വമ്പന്‍ വിജയം കൈവരിച്ചതോടെ നാണംകെട്ട് പുറത്തുപോകാനാണ് കോര്‍ബിന് അവസരം ലഭിച്ചത്. ഇതോടെ ഇന്ത്യയുമായുള്ള ഒരു നയതന്ത്ര പോരാട്ടമാണ് വഴിതിരിഞ്ഞ് പോയത്. 

കശ്മീര്‍ വിഷയത്തിലെ ആശങ്ക വ്യക്തമാക്കാനെന്ന പേരില്‍ ലേബര്‍ പാര്‍ട്ടി പാസാക്കിയ പ്രമേയത്തില്‍ കശ്മീര്‍ താഴ്‌വരയില്‍ ലൈംഗിക പീഡനങ്ങള്‍ക്ക് ഇന്ത്യന്‍ സര്‍ക്കാര്‍ ഉത്തരവിട്ട് നടപ്പാക്കുന്നുവെന്ന കുടിലമായ ആരോപണവും പങ്കുവെച്ചു. ലേബര്‍ പാര്‍ട്ടിയില്‍ പിടിമുറുക്കിയ പാക് വംശജരായിരുന്നു ഈ നിലപാടിന് ചുക്കാന്‍ പിടിച്ചത്. കോര്‍ബിന്‍ അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ആകുമെന്ന് പാകിസ്ഥാന്‍ ഗവണ്‍മെന്റ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പ് ഇറക്കി ആശംസിച്ചതും വെറുതെയല്ല. 

ഇന്ത്യക്കെതിരെയുള്ള അക്രമം നയിക്കാതെ പിന്‍മാറാന്‍ കോര്‍ബിന് സാധിക്കാതെ വന്നതോടെ ബ്രിട്ടനിലെ ഇന്ത്യന്‍ സമൂഹം ഒരുമിച്ചു. ഏകദേശം 130 സുപ്രധാന ഇന്ത്യന്‍ സംഘടനകള്‍ ലേബര്‍ പാര്‍ട്ടിയെ പ്രതിഷേധം അറിയിച്ച് കത്തയച്ചു. ഇതില്‍ കൂടുതലായി ഒന്നുകൂടി അവര്‍ ചെയ്തു, പരമ്പരാഗതമായി ലേബറിന് വോട്ട് ചെയ്യുന്ന ഇന്ത്യന്‍ സമൂഹത്തെ ഇതില്‍ നിന്നും പിന്തിരിപ്പിക്കാനുള്ള യത്‌നം. ബ്രിട്ടനിലെ രാഷ്ട്രീയ ശക്തിയായി മാറിക്കൊണ്ട് ഇന്ത്യക്കാര്‍ ആ വാഗ്ദാനം നടപ്പാക്കുകയും ചെയ്തു. 

ലേബര്‍ പാര്‍ട്ടിയുടെ വോട്ട് ചോര്‍ച്ച സജീവമാക്കാന്‍ ഇന്ത്യന്‍ സമൂഹത്തിന് സാധിച്ചെന്ന് മാത്രമല്ല ചുരുങ്ങിയത് പത്തോളം സീറ്റുകള്‍ കണ്‍സര്‍വേറ്റീവുകള്‍ക്ക് അധികമായി സമ്മാനിക്കാനും ഇന്ത്യക്കാര്‍ക്ക് സാധിച്ചു. ലേബറിന്റെ സുരക്ഷിത മണ്ഡലങ്ങളില്‍ തോല്‍ക്കുകയോ, ഭൂരിപക്ഷം വെട്ടിക്കുറയ്ക്കാനും ഇന്ത്യക്കാര്‍ വിജയിച്ചു. ബ്രിട്ടനിലെ ഇന്ത്യയുടെ രാഷ്ട്രീയം മസില്‍ വിരിച്ചപ്പോള്‍ ലേബര്‍ പാര്‍ട്ടി മാത്രമല്ല രാഷ്ട്രീയ നിരീക്ഷകര്‍ കൂടിയാണ് അമ്പരന്നത്. വ്യക്തികളെ നോക്കി വോട്ട് ചെയ്ത ബ്രിട്ടനിലെ ഇന്ത്യക്കാര്‍ ഇക്കുറി സംഘടിതമായി ഇന്ത്യന്‍ നിലപാടുകള്‍ക്ക് അനുസൃതമായി വോട്ട് ചെയ്തപ്പോള്‍ മാറ്റം പ്രകടമായി. 

ബോറിസ് ജോണ്‍സണും, പ്രീതി പട്ടേലും അടങ്ങുന്ന കണ്‍സര്‍വേറ്റീവ് നേതൃത്വം ഇന്ത്യന്‍ സമൂഹത്തിന്റെ പ്രീതി പിടിച്ചുപറ്റുന്ന രീതിയില്‍ നിന്നപ്പോള്‍ ലേബര്‍ പാര്‍ട്ടി പാകിസ്ഥാനി ഭീകരര്‍ക്കൊപ്പം ഇന്ത്യയെ ഉപദ്രവിക്കാന്‍ കൂട്ടുനിന്നതാണ് വിനയായി മാറിയത്. ഇതോടെ ബ്രിട്ടനിലെ എല്ലാ പാര്‍ട്ടിക്കാര്‍ക്കും ഒരു സന്ദേശം ലഭിച്ചു, 'ഇന്ത്യയോട് കളിക്കരുത്, ബ്രിട്ടനില്‍ പണിതരാന്‍ ഇന്ത്യക്കാരുണ്ട്'!
കൂടുതല്‍വാര്‍ത്തകള്‍.