CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
17 Hours 45 Minutes 59 Seconds Ago
Breaking Now

ബിജെപിയുടെ പങ്കാളിയാകാനുള്ള ജെഡിയു തീരുമാനത്തെ വിമര്‍ശിച്ച പവന്‍ വര്‍മ്മയോട് പാര്‍ട്ടി വിട്ടുപോകാമെന്ന് നിതീഷ് കുമാര്‍

'അദ്ദേഹത്തിന് ഇഷ്ടമുള്ള ഏത് പാര്‍ട്ടിയിലും ചേരാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്റെ ആശംസകള്‍,' ബിഹാര്‍ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

പൗരത്വ നിയമത്തിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിനിടയിലും ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പങ്കാളിയാകാനുള്ള ജെ.ഡി.യുവിന്റെ തീരുമാനത്തെ പരസ്യമായി വിമര്‍ശിച്ച പവന്‍ വര്‍മ്മയോട് പാര്‍ട്ടി വിട്ടുപോകാമെന്ന സൂചന നല്‍കി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. 'അദ്ദേഹത്തിന് ഇഷ്ടമുള്ള ഏത് പാര്‍ട്ടിയിലും ചേരാനുള്ള സ്വാതന്ത്ര്യമുണ്ട്, എന്റെ ആശംസകള്‍,' ബിഹാര്‍ മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

മുന്‍ രാജ്യസഭാ അംഗവും ജെഡിയുവിന്റെ ദേശീയ ജനറല്‍ സെക്രട്ടറിയുമായ പവന്‍ വര്‍മ്മ ചൊവ്വാഴ്ച നിതീഷ് കുമാറിന് ഒരു കത്ത് ട്വീറ്റ് ചെയ്തിരുന്നു. ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബിജെപിയുമായുള്ള സഖ്യം അദ്ദേഹത്തെ വല്ലാതെ അസ്വസ്ഥനാക്കി എന്ന് ട്വീറ്റില്‍ പറഞ്ഞു. ബിജെപിയെയും അതിന്റെ പ്രത്യയശാസ്ത്ര അടിത്തറയായ ആര്‍എസ്എസിനേയും കുറിച്ച് മുഖ്യമന്ത്രി കടുത്ത ആശങ്ക പ്രകടിപ്പിച്ച ഒരു സ്വകാര്യ സംഭാഷണത്തെ കുറിച്ചും  ട്വീറ്റില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

'ഞങ്ങളുടെ നിലപാട് വ്യക്തമാണ്, അതില്‍ ആശയക്കുഴപ്പമില്ല. ആര്‍ക്കെങ്കിലും എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കില്‍, ആ വ്യക്തിക്ക് പാര്‍ട്ടിക്കുള്ളിലോ പാര്‍ട്ടി യോഗങ്ങളിലോ ഇത് ചര്‍ച്ച ചെയ്യാം, പക്ഷേ ഇത്തരത്തില്‍ പരസ്യ പ്രസ്താവനകള്‍ നല്‍കുന്നത് ആശ്ചര്യകരമാണ്. ഇത് സംസാരിക്കാനുള്ള വഴിയാണോ?' പവന്‍ വര്‍മ്മയുടെ ട്വീറ്റില്‍ പ്രകോപിതനായ നിതീഷ് കുമാര്‍ പറഞ്ഞു. നിതീഷ് കുമാറിന്റെ വാക്കുകള്‍ക്ക് തന്നെയാണ് പാര്‍ട്ടിയില്‍ പ്രാമുഖ്യമെന്നും പവന്‍ വര്‍മ്മയുടെ പ്രസ്താവനകള്‍ പാര്‍ട്ടി ലൈനിനെ പ്രതിനിധീകരിക്കുന്നില്ലെന്നും ബിജെപിയോട് പരോക്ഷമായ ആശയവിനിമയം നടത്തുന്നതുമാണെന്നും സൂചിപ്പിക്കുന്നതാണ് നിതീഷ് കുമാറിന്റെ മറുപടി.

'പാര്‍ട്ടി വിടുക എന്നത് എല്ലാവര്‍ക്കുമുള്ള ഒരു ഓപ്ഷനാണ്, എനിക്കറിയാം,' പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ചയ്ക്ക് ഇടമുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതം ചെയ്തുകൊണ്ട് പവന്‍ വര്‍മ്മ പ്രതികരിച്ചു. 'അദ്ദേഹത്തെ വേദനിപ്പിക്കുകയെന്നത് ഒരിക്കലും എന്റെ ഉദ്ദേശ്യമായിരുന്നില്ല', തന്റെ കത്തിന് മറുപടി ലഭിച്ച ശേഷം എന്തുചെയ്യണമെന്ന് തീരുമാനിക്കുമെന്നും പവന്‍ വര്‍മ്മ പറഞ്ഞു.

 




കൂടുതല്‍വാര്‍ത്തകള്‍.