Breaking Now

കൊവിഡ്-19 അപ്രസക്തമാകും, മഹാദുരന്തം ചിക്കന്‍ ഫാമുകള്‍ വഴി തേടിയെത്തും; പുതിയ വൈറസ് പുറത്തിറങ്ങിയാല്‍ ലോക ജനസംഖ്യയിലെ പകുതി ആളുകളും കൊല്ലപ്പെടുമെന്ന മുന്നറിയിപ്പുമായി മുന്‍നിര ശാസ്ത്രജ്ഞന്‍; കൊറോണയേക്കാള്‍ വലിയ വില്ലനോ?

കാറ്റഗറി അഞ്ചില്‍ പെടുന്ന ഒരു ദുരന്തം തേടിയെത്തിയാല്‍ രണ്ടില്‍ ഒരാള്‍ വീതം മരിക്കുന്ന അവസ്ഥ വരും

കൊറോണാവൈറസ് സൃഷ്ടിക്കുന്ന ദുരന്തത്തിന്റെ മുഖത്ത് നിന്ന് പതിയെ രക്ഷപ്പെടാനുള്ള ശ്രമങ്ങളിലാണ് ലോകജനത. ലക്ഷങ്ങളിലേക്ക് മരണസംഖ്യ കടന്നെങ്കിലും അതിലേറെ മുന്നോട്ട് പോകാതെ വൈറസിനെ പിടിച്ചുകെട്ടാമെന്ന പ്രതീക്ഷയിലാണ് ലോക നേതാക്കളും, സര്‍ക്കാരുകളും. യൂറോപ്പ് ഉള്‍പ്പെടെയുള്ള ചില ഭാഗങ്ങള്‍ ലോക്ക്ഡൗണില്‍ നിന്നും പുറത്തുകടക്കുകയും ചെയ്തിരിക്കുന്നു. എന്നാല്‍ ആശ്വസിക്കാന്‍ സമയമായിട്ടില്ലെന്നാണ് ഒരു അമേരിക്കന്‍ ഡോക്ടര്‍ തന്റെ പുസ്തകത്തില്‍ വ്യക്തമാക്കുന്നത്. കൊറോണാവൈറസിനേക്കാള്‍ ഭീകരനായ ഒരു വൈറസ് രംഗത്തിറങ്ങി പകുതി ജനസംഖ്യയെ ഇല്ലാതാക്കുമെന്നാണ് ഈ മുന്‍നിര ശാസ്ത്രജ്ഞന്റെ മുന്നറിയിപ്പ്. 

കൊറോണയുടെ ദുരന്തം സഹിക്കാന്‍ തന്നെ പാടുപെടുന്ന ഘട്ടത്തിലാണ് ഇത്തരമൊരു സൂചനവരുന്നത്. നമ്മുടെ രീതികള്‍ മാറ്റിയില്ലെങ്കില്‍ മനുഷ്യരാശിയുടെ പകുതി ജനസംഖ്യയെ ഇല്ലാതാക്കുന്ന ആ മഹാദുരന്തം തേടിയെത്തുമെന്നാണ് ശാസ്ത്രജ്ഞനും, മെഡിക്കല്‍ ഗുരുവും, ക്യാംപെയിനിംഗ് ന്യൂട്രീഷനിസ്റ്റുമായ ഡോ. മൈക്കിള്‍ ഗ്രെഗര്‍ വ്യക്തമാക്കുന്നത്. മഹാമാരികളുടെ കണക്ക് പ്രകാരം ഒരു ശതമാനം മാത്രം മരണനിരക്കുള്ള കൊവിഡ്-19 കാറ്റഗറി രണ്ട് അല്ലെങ്കില്‍ മൂന്നില്‍ മാത്രമാണ് ഉള്‍പ്പെടുന്നത്. 

എന്നാല്‍ കാറ്റഗറി അഞ്ചില്‍ പെടുന്ന ഒരു ദുരന്തം തേടിയെത്തിയാല്‍ രണ്ടില്‍ ഒരാള്‍ വീതം മരിക്കുന്ന അവസ്ഥ വരും. മരണവും, ജീവിതവും തമ്മിലുള്ള ആ പോരാട്ടത്തില്‍ ഭൂമിയിലെ എട്ട് ബില്ല്യണ്‍ അടുത്ത് വരുന്ന ജനസംഖ്യയില്‍ കനത്ത നാശം വിതയ്ക്കും. നിലവില്‍ രൂപപ്പെട്ട മനുഷ്യ സംസ്‌കാരം അവസാനിപ്പിക്കുന്ന ഈ ദുരന്തം എപ്പോള്‍ വേണമെങ്കിലും സംഭവിക്കാമെന്നും ഡോ. ഗ്രെഗര്‍ വ്യക്തമാക്കി. ചെടികള്‍ അനുസരിച്ചുള്ള ഡയറ്റിന്റെ ഗുണങ്ങള്‍ സംബന്ധിച്ച് ബോധവത്കരണം നടത്തുന്ന അദ്ദേഹം ഒരു തരത്തിലുള്ള മാംസവും ഉപയോഗിക്കാറുമില്ല. 

പകര്‍ച്ചവ്യാധികള്‍ സംബന്ധിച്ച് നടത്തിയ വ്യാപകമായ ഗവേഷണമാകാം ഈ തരത്തിലേക്ക് ഡോ. ഗ്രെഗറെ മാറ്റിയത്. മൃഗങ്ങളുമായുള്ള മനുഷ്യന്റെ അടുത്ത ബന്ധം, പ്രത്യേകിച്ച് ഇവയെ വളര്‍ത്തി, കൊന്ന്, തിന്നുന്നതാണ് ദുരന്തസമാനമായ മഹാമാരിയിലേക്ക് നമ്മളെ ഒരുക്കുന്നത്. മൃഗങ്ങളില്‍ നിന്നും മനുഷ്യനിലേക്ക് പകരുന്ന ഇന്‍ഫെക്ഷനുകള്‍ക്കായുള്ള കാത്തിരിപ്പിലാണ് ഇതോടെ മനുഷ്യരാശി. മനുഷ്യശരീരത്തില്‍ സ്വാഭാവികമായ പ്രതിരോധ ശേഷിയെ മറിടകന്ന് പ്രതീക്ഷിക്കാന്‍ പോലും കഴിയാത്ത പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് ശാസ്ത്രജ്ഞന്‍ മുന്നറിയിപ്പ് നല്‍കി. 

ആടുകളില്‍ നിന്ന് ടൂബര്‍കുലോസിസ് മനുഷ്യന് ലഭിച്ചു. മീസില്‍സ് ആടുകളില്‍ നിന്നും, സ്‌മോള്‍പോക്‌സ് ഒട്ടകത്തില്‍ നിന്നും, ലെപ്രസി വാട്ടര്‍ ബഫല്ലോയില്‍ നിന്നും, വൂപ്പിംഗ് കഫ് പന്നികളില്‍ നിന്നും, ടൈഫോയ്ഡ് പനി ചിക്കനില്‍ നിന്നും, കോള്‍ഡ് വൈറസ് കന്നുകാലികളും, കുതിരകളും സമ്മാനിച്ചു. കൊവിഡ്-19 വവ്വാലുകളില്‍ നിന്നും പാങ്കോളിനിലേക്കും പിന്നീട് മനുഷ്യനിലേക്കും എത്തി. ഭൂമുഖത്ത് 24 ബില്ല്യണ്‍ വരുന്ന ചിക്കനുകളാണ് അടുത്ത വലിയ ഭീഷണി. ഡോ. ഗ്രെഗറുടെ ഈ മുന്നറിയിപ്പ് കണക്കിലെടുത്താല്‍ പക്ഷിപ്പനിയാണ് ചിക്കനില്‍ നിന്നും മനുഷ്യനെ കൊല്ലാന്‍ പാകത്തിന് ഒരുങ്ങുന്ന കെണി. ദുസ്സഹമായ സാഹചര്യത്തില്‍ കോഴികളെ ഫാമുകളില്‍ വളര്‍ത്തുന്നതും, വൃത്തിയില്ലാത്തതും, മുട്ട വേഗത്തില്‍ ലഭിക്കാന്‍ പ്രകൃതിവിരുദ്ധമായ രീതികള്‍ പയറ്റുന്നതുമെല്ലാം ചേര്‍ന്നാണ് മനുഷ്യന്‍ സ്വയം ഈ കെണി തയ്യാറാക്കുന്നത്. 
കൂടുതല്‍വാര്‍ത്തകള്‍.