CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 3 Minutes 30 Seconds Ago
Breaking Now

ശമ്പള വര്‍ദ്ധനവിന് പിന്തുണ അഭ്യര്‍ത്ഥിച്ചു ബ്രിട്ടീഷ് എം.പിമാര്‍ക്ക് നിവേദനങ്ങളുമായി യുക്മ ; പുതുതലമുറ നേഴ്‌സുമാരുടെ കുടുംബത്തിന് വിസാ നിയമങ്ങളില്‍ ദീര്‍ഘകാല ഇളവുകള്‍ക്കുള്ള ശ്രമങ്ങളും

ബ്രിട്ടീഷ് ഗവണ്‍മെന്റ് യു കെ യിലെ പൊതുമേഖലാ ജീവനക്കാര്‍ക്കായി പ്രഖ്യാപിച്ച ശമ്പള വര്‍ദ്ധനയില്‍ പാടെ അവഗണിക്കപ്പെട്ട നേഴ്‌സിംഗ് ജീവനക്കാര്‍ക്കായുള്ള സംഘടിത പോരാട്ടങ്ങളുമായി  യുക്മ ദേശീയ കമ്മറ്റി മുന്നോട്ടു നീങ്ങുകയാണ്. ഒന്‍പത് ലക്ഷത്തിലധികം വരുന്ന ഇതര  പൊതുമേഖലാ ജീവനക്കാര്‍ക്ക് പുതുക്കിയ വേതനം പ്രഖ്യാപിച്ച ബോറിസ് ജോണ്‍സന്‍ സര്‍ക്കാര്‍, കോവിഡ്  19 പോരാട്ടത്തില്‍ സ്വന്തം ജീവന്‍ പോലും അവഗണിച്ച്  പോരടിച്ച ഒരു ലക്ഷത്തോളം വരുന്ന നേഴ്‌സിംഗ് ജീവനക്കാരെ അവഗണിച്ചത് തികച്ചും അനീതിയും അധാര്‍മ്മീകവുമെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.

2000 ന് ശേഷം യു കെ യിലേക്ക് കുടിയേറിയ മലയാളി കുടുംബങ്ങളില്‍ തൊണ്ണൂറ് ശതമാനത്തിലേറെപ്പേര്‍ നേഴ്‌സിംഗ് മേഖലയിലൂടെയാണ് ഇവിടെത്തിയത്. അതില്‍ത്തന്നെ ഇരുപത്തഞ്ച് ശതമാനത്തോളം വീടുകളിലും രണ്ടുപേര്‍ വീതം നേഴ്‌സിംഗ്  പാരാമെഡിക്കല്‍  ക്ലിനിക്കല്‍ ജോലികളില്‍ ഏര്‍പ്പെടുന്നു. ചുരുക്കത്തില്‍ സര്‍ക്കാര്‍ അവഗണിച്ചിരിക്കുന്ന ഈ വിഭാഗത്തിന്റെ വേതനമാണ് യു കെ മലയാളി സമൂഹത്തിന്റെ ഏകദേശം എഴുപത് ശതമാനത്തോളം വരുന്ന വരുമാന സ്രോതസ്സ്. 

ഈ സാഹചര്യത്തില്‍, സര്‍ക്കാരിന്റെ വേതനവര്‍ദ്ധനവിലെ അധാര്‍മ്മീകത പരിഹരിച്ചുകൊണ്ട് മറ്റു പൊതുമേഖലാ ജീവനക്കാര്‍ക്കൊപ്പം, എത്രയുംവേഗം നേഴ്‌സിംഗ് ജീവനക്കാര്‍ക്കും ശമ്പള വര്‍ദ്ധനവ് നടപ്പിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യുക്മ ദേശീയ കമ്മറ്റി പ്രചാരണ പരിപാടികളുമായി മുന്നിട്ടിറങ്ങുകയാണെന്ന് ദേശീയ പ്രസിഡന്റ് മനോജ്കുമാര്‍ പിള്ള, ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗീസ് എന്നിവര്‍ അറിയിച്ചു. 

ഈ വര്‍ഷം പ്രാബല്യത്തില്‍ വരത്തക്കവിധം നേഴ്‌സിംഗ് മേഖലാ ജീവനക്കാര്‍ക്ക് 12.5 ശതമാനം ശമ്പള വര്‍ദ്ധനവ് അടിയന്തിരമായി നടപ്പിലാക്കുക, ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കുടുംബത്തിനും 2015 മുതല്‍ ഈടാക്കിയ എന്‍ എച്ച് എസ് സര്‍ചാര്‍ജ് തിരികെ നല്‍കുക, പുതുതലമുറ നേഴ്‌സിംഗ് ജീവനക്കാരുടെ കോവിഡ് പോരാട്ടത്തിന് അംഗീകാരമായി നിലവിലുള്ള വര്‍ക്ക് പെര്‍മിറ്റ്, പി ആര്‍ അല്ലെങ്കില്‍ സിറ്റിസണ്‍ഷിപ്പ് ആയി മാറ്റുക, തൊഴില്‍രംഗത്ത് വിവേചനങ്ങള്‍ ഇല്ലെന്ന് ഉറപ്പ് വരുത്തുക, ഇമിഗ്രന്റ് ആരോഗ്യ പ്രവര്‍ത്തകരെ സന്ദര്‍ശിക്കുന്നതിന് നാട്ടിലുള്ള മാതാപിതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും  നേരിടേണ്ടുന്ന നടപടിക്രമങ്ങള്‍ ലഘൂകരിക്കുക എന്നീ ആവശ്യങ്ങളാണ് യുക്മ ദേശീയ കമ്മറ്റി പ്രാദേശീക എം പി മാര്‍ക്കുമുന്നില്‍ സമര്‍പ്പിക്കുന്നത്.

ഇതിന്റെ ഭാഗമായി ഇരുനൂറോളം ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് നിവവേദനങ്ങള്‍ നേരിട്ട് നല്‍കുവാനുള്ള നടപടികള്‍ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തില്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.  ഓരോ പാര്‍ലമെന്റ് മണ്ഡലത്തിലും താമസിക്കുന്ന മലയാളി നേഴ്‌സ്മാര്‍ വഴിയാണ് നിവേദനങ്ങള്‍ സമര്‍പ്പിക്കുന്നത്.  അതോടൊപ്പം മന്ത്രിസഭയിലും പ്രതിപക്ഷത്തും സ്വാധീന ശക്തിയുള്ള എം പി മാരെ നേരിട്ട് ബന്ധപ്പെടുവാന്‍ ദേശീയ കമ്മറ്റിയുടെ നേതൃത്വത്തിലും ശ്രമങ്ങള്‍ നടക്കുകയാണെന്ന് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.എബി സെബാസ്റ്റ്യന്‍ പറഞ്ഞു.

വേതന വര്‍ദ്ധനവ് വിഷയത്തില്‍ ഫലപ്രദമായി ഇടപെടുന്നതോടൊപ്പം, പുതുതായി യു കെ യിലെത്തിയ ആയിരക്കണക്കിന് നേഴ്‌സുമാര്‍ക്ക് കുടുംബത്തെയും മാതാപിതാക്കളെയും യു കെ യില്‍ കൊണ്ടുവരുന്നതിന് സഹായകരമാകും വിധം വിസാ നിയമങ്ങളില്‍ അടിയന്തിരമായി ഇളവ് അനുവദിക്കുന്നതിനുള്ള ശ്രമങ്ങളും യുക്മ ദേശീയ കമ്മറ്റി തുടങ്ങി വക്കുകയാണ്. കോവിഡ് പോരാട്ടത്തില്‍ വലിയ പങ്കുവഹിച്ച ഈ വിഭാഗത്തെ മാനുഷീക പരിഗണയോടെ  മാനിക്കുംവിധം രാജ്യം നിലപാടെടുക്കുമെന്നാണ് വിശ്വസിക്കുന്നതെന്ന് യുക്മ നേഴ്‌സസ് ഫോറം നേതാക്കളായ സാജന്‍ സത്യന്‍, സലീന സജീവ്, സിന്ധു ഉണ്ണി തുടങ്ങിയവര്‍ പറഞ്ഞു.

രാജ്യം ഗുരുതരമായ വെല്ലുവിളികളെ നേരിടുന്ന സാഹചര്യത്തില്‍, ജീവന്‍ പോലും പണയപ്പെടുത്തി പോരാട്ടത്തിനിറങ്ങിയിരിക്കുന്ന നേഴ്‌സിംഗ് മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും നീതി ലഭ്യമാക്കുവാന്‍ യുക്മ തുടങ്ങി വച്ചിരിക്കുന്ന ക്യാമ്പയ്‌നുകളുമായി പരമാവധി സഹകരിക്കണമെന്ന് യുക്മ ദേശീയ കമ്മറ്റി അഭ്യര്‍ത്ഥിക്കുന്നു. യുക്മ അംഗ അസോസിയേഷനുകള്‍ ഇല്ലാതെയുള്ള സ്ഥലങ്ങളില്‍ ഉള്ളവര്‍ക്കും ഈ ക്യാമ്പയിന്റെ ഭാഗമാകണമെന്ന് താല്പര്യമുള്ളവര്‍ക്കും  മനോജ്കുമാര്‍ പിള്ള (07960357679), അലക്‌സ് വര്‍ഗ്ഗീസ് (07985641921) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. 

സജീഷ് ടോം 

(യുക്മ നാഷണല്‍ പി ആര്‍ ഒ & മീഡിയ കോര്‍ഡിനേറ്റര്‍) 

 

 

 




കൂടുതല്‍വാര്‍ത്തകള്‍.