പ്രസവം നിശ്ചയിച്ചതിന് 10 ആഴ്ച മുന്‍പ് കൊറോണാവൈറസുമായി ഈ ലോകത്തേക്ക് വന്നവര്‍, ജീവനോടെ ബാക്കിയുണ്ടാകാന്‍ ഏറെ സാധ്യത കുറവെന്ന് വിധിക്കപ്പെട്ടവര്‍, പ്രവചനങ്ങള്‍ ഒട്ടും അനുകൂലമല്ലാതിരുന്നിട്ടും ആ ഇരട്ടകള്‍ ആരോഗ്യം തിരിച്ചുപിടിച്ച് വീട്ടിലേക്ക് മടങ്ങി. യുകെയില്‍ കൊവിഡ്-19 ബാധയോടെ, മാസംതികയാതെ പിറന്ന ആദ്യത്തെ ഇരട്ടക്കുട്ടികളാണ് അത്ഭുതം കാണിച്ച് രണ്ടു മാസത്തിന് ശേഷം വീടുപിടിച്ചത്.
കംബ്രിയയില്‍ നിന്നുള്ള 32-കാരി സാറാ കര്‍ട്ടിസിനും, ഭര്‍ത്താവ് ആരോണിനും പിറന്ന ഇരട്ട കുഞ്ഞുങ്ങളാണ് വീട്ടുകാരെയും, ആരോഗ്യ പ്രവര്‍ത്തകരെയും ആദ്യം ഭയപ്പെടുത്തുകയും, പിന്നീട് അത്ഭുതപ്പെടുത്തുകയും ചെയ്തത്. പ്രസവത്തിന് ദിവസങ്ങള്‍ ബാക്കിനില്‍ക്കവെയാണ് സാറാ കര്‍ട്ടിസിന് കൊവിഡ് രോഗബാധയുള്ളതായി സ്ഥിരീകരിച്ചത്. ജൂലൈ 3ന് ഏകദേശം പത്താഴ്ച മുന്‍പ് പ്രസവവേദന അനുഭവപ്പെട്ടപ്പോള്‍ ഏറ്റവും മോശം വാര്‍ത്തയാണ് ഈ അമ്മ പ്രതീക്ഷിച്ചത്.
കൊറോണ മൂലം ആരോണിന് ആശുപത്രി പ്രവേശനം നിഷേധിച്ചപ്പോള്‍ ഒറ്റയ്ക്കാണ് 3എല്‍ബിഎസ് തൂക്കമുള്ള കെന്നയെയും, ലിസയെയും സാറ വരവേറ്റത്. എന്നാല്‍ കുഞ്ഞുങ്ങള്‍ക്കും മാരകമായ വൈറസ് ബാധിച്ചിട്ടുള്ളതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ആശുപത്രി വാസം ഒരു ജയില്‍ശിക്ഷയ്ക്ക് സമാനമായിരുന്നുവെന്ന് ദമ്പതികള്‍ പറയുന്നു. എന്നാല്‍ ഭാഗ്യം ഇവരെ കൈവിട്ടില്ല. ആറാഴ്ചയ്ക്ക് ശേഷം ഇരട്ടകള്‍ ആരോഗ്യ വീണ്ടെടുക്കുകയും, കൊവിഡ് മുക്തമാകുകയും ചെയ്തതായി സര്‍ട്ടിഫിക്കറ്റ് ലഭിച്ചു. ഇതോടെ ഇവരെ വീട്ടിലേക്ക് മടക്കുകയും ചെയ്തു.
ട്വിന്‍ ടു ട്വിന്‍ സിഡ്രോമുമായി ഏറെ ബുദ്ധിമുട്ടുള്ള പ്രവസകാലമായിരുന്നു സാറ നേരിട്ടത്. ഇതിനുള്ള ചികിത്സ ലണ്ടനില്‍ നേടിയാണ് ഒരു കുഞ്ഞിനെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് കിട്ടിയെങ്കിലും ഇതുമായി മുന്നോട്ട് പോയി. എന്നാല്‍ രണ്ട് കുഞ്ഞുങ്ങളും സുരക്ഷിതമായി പിറന്നുവീണു.