CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
21 Minutes 15 Seconds Ago
Breaking Now

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത കുടുംബകൂട്ടായ്മ വര്‍ഷം 2021ന്റെ ഓറിയന്റേഷന്‍ ക്ലാസുകള്‍ വിജയകരമായി സമാപിച്ചു

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ അടുത്ത വര്‍ഷം ആചരിക്കപ്പെടുന്ന കുടുംബകൂട്ടായ്മ വര്‍ഷത്തിന്റ മുന്നോടിയായി രൂപതയിലെ ബഹുമാപ്പെട്ട വൈദികര്‍ക്കും അല്‍മായ നേതാക്കള്‍ക്കുമായി ഒരുക്കിയ ഓറിയെന്റേഷന്‍  ക്ലാസുകള്‍  സെപ്റ്റംബര്‍ 24, ഒക്ടോബര്‍ 5, 6, 7, 8, 12, 13, 14 & 15 എന്നീ  തിയ്യതികളില്‍ നടത്തപ്പെടുകയുണ്ടായി.ഗ്രേറ്റ് ബ്രിട്ടന്‍ സിറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പിതാവിന്റെ അനുഗ്രഹപ്രഭാഷണത്തോടുകൂടി ആരംഭിച്ച പ്രസ്തുത ക്ലാസുകള്‍ക്ക് പാലക്കാട് രൂപത ഫാമിലി അപ്പസ്‌തോലിക് ഡയറക്ടര്‍ ബഹു. ഡോ.അരുണ്‍ കലമറ്റത്തില്‍ അച്ചന്‍ നേതൃത്വം നല്‍കി. 

ആഗോള സഭയുടെ ചെറിയ പതിപ്പുകളായ ഗാര്‍ഹിക സഭയെയും അതിന്റെ കൂടായ്മകളായ കുടുംബയൂണിറ്റുകളുടെ ഓര്‍ത്തുച്ചേരലുകളെയും മാറ്റി നിര്‍ത്തി വിശ്വാസജീവിതത്തില്‍ മുന്‍പോട്ട് പോകുവാന്‍ സാധിക്കില്ല എന്ന് ഓര്‍മ്മപെടുത്തുകയും കുടുംബകൂട്ടായ്മ വര്‍ഷാചരണം ഏവരുടെയും ആത്മീയ വളര്‍ച്ചക്കും ഉയര്‍ച്ചക്കും കാരണമാകട്ടെ എന്നും മാര്‍. സ്രാമ്പിക്കല്‍  പ്രത്യാശിക്കുകയും ചെയ്തു. സഭാപരവും, ദൈവശാസ്ത്രപരവും പ്രായോഗികവുമായ സമീപനം ആണ് കുടുംബകൂട്ടായ്മ വഴി വിശ്വാസജീവിതത്തില്‍ ലഭിക്കുന്നത് എന്നാണ് ഡോ. അരുണ്‍ കലമറ്റത്തില്‍ ഊന്നിപറഞ്ഞത്. ഗ്ലാസ്‌ഗോ, പ്രെസ്റ്റണ്‍, മഞ്ചെസ്റ്റര്‍, കവന്‍ട്രി, കേബ്രിഡ്ജ്, ലണ്ടന്‍, ബ്രിസ്റ്റോള്‍കാര്‍ഡിഫ് & സൗതാംപ്റ്റണ്‍ എന്നീ റീജിയണുകളിലായി ക്രമീകരിക്കപ്പെട്ട ഓറിയന്റേഷന്‍ ക്ലാസ്സുകള്‍ രൂപതയുടെ പാസ്റ്ററല്‍ കൌണ്‍സില്‍ ഉന്നതതല കമ്മിറ്റി  അംഗങ്ങള്‍, ഇടവക/മിഷന്‍/നിയുക്ത മിഷന്‍ കൈക്കാരന്മാര്‍, കമ്മിറ്റിക്കാര്‍, കുടുംബകൂട്ടായ്മ ഭാരവാഹികള്‍, വേദപാഠ അദ്ധ്യാപകര്‍, മറ്റു അല്‍മായ പ്രമുഖരും  പങ്കുചേര്‍ന്നു. ബഹു.രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ്  സ്രാമ്പിക്കല്‍ പിതാവിന്റെയും, രൂപതാ പ്രോട്ടോ സെഞ്ചലൂസ് മോണ്‍സിഞ്ഞോര്‍ ഡോ.ആന്റണി ചുണ്ടെലികാട്ട്, മറ്റു വികാരി ജനരാളുമാര്‍, റീജിയണല്‍ കോഓര്‍ഡിനേറ്റര്‍ അച്ചന്മാരുടെയും സജീവസാന്നിധ്യവും മിഷന്‍ ഡയറക്ടര്‍ അച്ചന്മാരുടെയും  സമ്പൂര്‍ണമായ സഹായ സഹകരണങ്ങളും സാന്നിധ്യവും ലഭിച്ച പരിപാടിയില്‍ രൂപതാ ചാന്‍സിലറും, വൈസ് ചാന്‍സിലറും അടക്കം  രൂപതയിലുള്ള മുഴുവന്‍ വൈദികരുടെയും സാന്നിധ്യവും കൂട്ടായ പരിശ്രമവും പ്രസ്തുത പരിപാടിയുടെ വിജയത്തിന് കാരണമായി.

ക്ലാസ്സുകളുടെ സമാപനം15ന് സൗതാംപ്റ്റന്‍ റീജിയണില്‍ നടത്തപെട്ടപ്പോള്‍ കുടുംബ കൂട്ടായ്മ  വികാരി ജനറാള്‍ ഇന്‍ ചാര്‍ജ് മോണ്‍സിഞ്ഞോര്‍ ജോര്‍ജ്ജ് തോമസ് ചേലക്കല്‍  സ്വാഗതവും കുടുംബകൂട്ടായ്മ കമ്മീഷന്‍ ചെയര്‍മാന്‍ ഫാ.ഹാന്‍സ് പുതിയകുളങ്ങര നന്ദിയും അറിയിക്കുക ഉണ്ടായി. മേല്പറഞ്ഞ ക്ലാസ്സുകളില്‍ പങ്കുടുത്ത എല്ലാ അല്‍മായ സുഹൃത്തുക്കളെയും പ്രത്യേകം നന്ദി അറിയിച്ചു. ഒപ്പം ക്ലാസുകള്‍ ഒരുക്കുന്നതില്‍ സഹകരിച്ച ശ്രീ.സിജു തോമസിനെയും, ശ്രീ.വിനോദ് തോമസിനെയും  കൃതഞതയോടെ സ്മരിക്കുകയും ചെയ്തു.

ഫാ.ഹാന്‍സ് പുതിയകുളങ്ങര(MST) ചെയര്‍മാന്‍, കുടുംബകൂട്ടായ്മ കമ്മീഷന്‍.

ഫാ.ജോര്‍ജ്ജ് തോമസ് ചേലക്കല്‍, വികാരി ജനറാള്‍ ഇന്‍ ചാര്‍ജ്, കുടുംബകൂട്ടായ്മ.

 

 




കൂടുതല്‍വാര്‍ത്തകള്‍.