CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
58 Minutes 7 Seconds Ago
Breaking Now

താങ്ക്‌സ്ഗിവിംഗിന് 'താങ്ക്‌സ്' പറയാം; യുഎസിനെ കാത്തിരിക്കുന്നത് ആധുനിക മെഡിക്കല്‍ ചരിത്രത്തിലെ കറുത്ത ദിനങ്ങള്‍; അവധി ദിനത്തില്‍ 50 മില്ല്യണ്‍ ജനങ്ങളുടെ യാത്ര കൊവിഡ്-19നെ അനിയന്ത്രിതമാക്കി മാറ്റിയെന്ന് മുന്നറിയിപ്പ്; ആശുപത്രികള്‍ രോഗികളെ കൊണ്ട് നിറയുന്നു

യാത്രകള്‍ ഒഴിവാക്കണമെന്നുമുള്ള സിഡിസിയുടെയും, സ്‌റ്റേറ്റ്, ലോക്കല്‍ അധികൃതരുടെയും വാക്കുകള്‍ ജനങ്ങളില്‍ നല്ലൊരു ഭാഗവും ചെവിക്കൊണ്ടില്ല

ആധുനിക മെഡിക്കല്‍ ചരിത്രത്തിലെ കറുത്ത ദിനങ്ങളാണ് യുഎസിനെ കാത്തിരിക്കുന്നതെന്ന് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. താങ്ക്‌സ്ഗിവിംഗിന് ശേഷമുള്ള ആഴ്ചകളില്‍ കൊവിഡ്-19 വ്യാപനം അതിരൂക്ഷമാകുമെന്ന് വ്യക്തമായതോടെയാണ് മെഡിക്കല്‍ രംഗം ആസന്നമായ അപകടം വിളംബരം ചെയ്തിരിക്കുന്നത്. മെയ് മാസത്തിന് ശേഷം ആദ്യമായി കൊവിഡ് മരണങ്ങള്‍ ഉയരങ്ങള്‍ കീഴടക്കുകയും, ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം റെക്കോര്‍ഡ് ഭേദിച്ച് മുന്നേറുകയും ചെയ്യുമ്പോഴാണ് ഇതിലും വലിയ ദുരന്തങ്ങള്‍ കാത്തിരിക്കുന്നതായി വ്യക്തമാകുന്നത്.

താങ്ക്‌സ്ഗിവിംഗുമായി ബന്ധപ്പെട്ട ദിനങ്ങളില്‍ ലക്ഷക്കണക്കിന് അമേരിക്കക്കാരാണ് മുന്നറിയിപ്പുകള്‍ അവഗണിച്ച് യാത്രകള്‍ക്ക് ഇറങ്ങിത്തിരിച്ചത്. കേസുകളും, ആശുപത്രി അഡ്മിനഷനും, മരണങ്ങളും യുഎസിലെമ്പാടും കുതിച്ചുയരുമ്പോള്‍ താങ്ക്‌സ്ഗിവിംഗ് യാത്രകളുടെയും, ഒത്തുകൂടലിന്റെയും യാഥാര്‍ത്ഥ്യം ഇനിയും പുറത്തുവരാന്‍ ഇരിക്കുന്നതേയുള്ളുവെന്നാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നത്. തുടര്‍ച്ചയായ രണ്ടാം ദിവസവും യുഎസില്‍ പ്രതിദിന മരണങ്ങള്‍ 2000 കടന്നു. സെപ്റ്റംബര്‍ അവസാനം മുതല്‍ കേസുകള്‍ കുതിച്ചുയര്‍ന്നപ്പോള്‍ മുതല്‍ മരണസംഖ്യയും ഉയരുമെന്ന് ഹെല്‍ത്ത് ഒഫീഷ്യലുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 

ഇന്നലെ മാത്രം 181,490 പുതിയ കേസുകളാണ് യുഎസില്‍ രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്നാഴ്ചയായി ഒരു ലക്ഷത്തിന് മുകളില്‍ ആളുകളിലേക്ക് ദിവസേന ഇന്‍ഫെക്ഷന്‍ എത്തിച്ചേരുന്നുണ്ട്. ഇതിന്റെ പിന്‍പറ്റിയാണ് ആശുപത്രി അഡ്മിഷനും റെക്കോര്‍ഡുകള്‍ ഭേദിക്കുന്നത്. മിഡ്‌വെസ്റ്റ് മേഖലയിലാണ് ഏറ്റവും കൂടുതല്‍ രോഗികളുള്ളത്. കാലിഫോര്‍ണിയയില്‍ കേസുകളുടെ എണ്ണത്തില്‍ 24 മണിക്കൂറിനിടെ 17 ശതമാനം കുതിപ്പാണ് ഉണ്ടായത്. ന്യൂയോര്‍ക്കില്‍ ഇന്നലെ മാത്രം 67 പേര്‍ മരണത്തിന് കീഴടങ്ങി. 

ആശുപത്രികള്‍ ഇപ്പോള്‍ തന്നെ നിറഞ്ഞുതുടങ്ങിയെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി. ചില സ്‌റ്റേറ്റുകളില്‍ ആശുപത്രികള്‍ പരമാവധി കപ്പാസിറ്റിയിലേക്ക് എത്തിക്കഴിഞ്ഞു. അടുത്ത ആറ് മുതല്‍ 12 ആഴ്ചകള്‍ വരെ കാര്യങ്ങള്‍ കൃത്യമായി ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ അമേരിക്ക ആധുനിക മെഡിക്കല്‍ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങള്‍ നേരിടുമെന്ന് ടെക്‌സാസ് ഹൂസ്റ്റണിലെ യുണൈറ്റഡ് മെമ്മോറിയല്‍ മെഡിക്കല്‍ സെന്റര്‍ ചീഫ് ഡോ. ജോസഫ് വാരോണ്‍ പറഞ്ഞു. താങ്ക്‌സ്ഗിവിംഗ് ചെറിയ തോതില്‍ ആഘോഷിക്കാനും, യാത്രകള്‍ ഒഴിവാക്കണമെന്നുമുള്ള സിഡിസിയുടെയും, സ്‌റ്റേറ്റ്, ലോക്കല്‍ അധികൃതരുടെയും വാക്കുകള്‍ ജനങ്ങളില്‍ നല്ലൊരു ഭാഗവും ചെവിക്കൊണ്ടില്ല. 




കൂടുതല്‍വാര്‍ത്തകള്‍.