CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Hours 20 Minutes 8 Seconds Ago
Breaking Now

കൊറോണാവൈറസ് 'ഇന്ത്യയില്‍' ഉത്ഭവിച്ചത്? അവകാശവാദവുമായി ചൈനീസ് ശാസ്ത്രജ്ഞര്‍; 2019ലെ കൊടുംവേനലില്‍ മനുഷ്യരും, മൃഗങ്ങളും ഒരേ വെള്ളം ഉപയോഗിച്ചത് വിനയായി; കൊറോണ കുറ്റം ഇനി ചന്ദ്രന്റെ തലയില്‍ മാത്രമേ ഇടാന്‍ ബാക്കിയുള്ളൂ!

ലോകാരോഗ്യ സംഘടന പോലും ചൈനയിലാണ് കൊറോണയുടെ ഉത്ഭവം തേടുന്നത്

കൊറോണാവൈറസ് ചൈനയിലെ വുഹാനില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട് ലോകം മുഴുവന്‍ കീഴടക്കിയ അവസ്ഥയിലാണ്. ലോകത്തിന്റെ രോഷം അപ്പാടെ തങ്ങളെ വിഴുങ്ങുകയാണെന്ന് മനസ്സിലാക്കിയ ചൈനയ്ക്ക് ഇത് വഴിതിരിച്ചുവിടാതെ മറ്റ് മാര്‍ഗ്ഗങ്ങളുമില്ല. ഇതിന്റെ ഭാഗമായി കൊറോണാവൈറസ് തങ്ങളുടെ രാജ്യത്ത് നിന്നല്ല ഉത്ഭവിച്ചതെന്ന് കണ്ടെത്താനുള്ള വ്യഗ്രതയിലാണ് അവിടുത്തെ ശാസ്ത്രജ്ഞര്‍. ഇതിന്റെ ഭാഗമായി ഇപ്പോള്‍ അത്ര പ്രിയപ്പെട്ടവരല്ലാത്ത അയല്‍ക്കാരായ ഇന്ത്യക്ക് നേരെയാണ് ചൈന വിരല്‍ചൂണ്ടുന്നത്. 

കൊറോണാവൈറസ് ഉത്ഭവിച്ചത് ഇന്ത്യയില്‍ നിന്നാണ്! ചൈന പ്രഖ്യാപിക്കുന്നു. വൈറസിന്റെ ഉത്തരവാദിത്വം തങ്ങളുടെ മേല്‍ നിന്നും നീക്കാനുള്ള ശ്രമങ്ങളില്‍ അവസാനത്തേതാണ് ഈ വാദം. 2019 വേനല്‍ക്കാലത്ത് ഇന്ത്യയില്‍ നിന്ന് ഉത്ഭവിച്ചതാണ് വൈറസെന്നാണ് ചൈനീസ് അക്കാഡമി ഓഫ് സയന്‍സസ് ടീം വാദിക്കുന്നത്. മലിനമായ ജലത്തിലൂടെ മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് വൈറസ് പ്രവേശിക്കുകയും ഇത് തിരിച്ചറിയാതെ വുഹാനിലേക്ക് യാത്ര ചെയ്തതുമാണ് കാരണമെന്ന് ചൈന ആരോപിക്കുന്നു. 

എന്നാല്‍ ചൈനയുടെ ഈ വാദങ്ങളെ ഗ്ലാസ്‌ഗോ യൂണിവേഴ്‌സിറ്റി വിദഗ്ധന്‍ ഡേവിഡ് റോബര്‍ട്‌സണ്‍ തള്ളി. ചൈന അവതരിപ്പിക്കുന്ന ശാസ്ത്ര നിഗമനങ്ങള്‍ തെറ്റുകള്‍ നിറഞ്ഞതാണ്. നിലവില്‍ കൊറോണയെ പറ്റി മനസ്സിലാക്കിയതില്‍ കൂടുതലൊന്നും ഈ ഹവേഷണം ചെയ്തിട്ടില്ല, അദ്ദേഹം വ്യക്തമാക്കി. കൊറോണയുടെ പേരിലുള്ള വിമര്‍ശനങ്ങള്‍ തലയില്‍ നിന്ന് ഒഴിവാക്കാന്‍ ചൈന ആദ്യമായല്ല ശ്രമിക്കുന്നത്. വലിയ തെളിവൊന്നുമില്ലാതെ തന്നെ വൈറസ് പൊട്ടിപ്പുറപ്പെട്ടത് ഇറ്റലി, യുഎസ് എന്നിവിടങ്ങളില്‍ നിന്നാണെന്ന് മുന്‍പ് അവര്‍ ആരോപിച്ചിരുന്നു. 

ഇന്ത്യയും, ചൈനയും തമ്മില്‍ അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമാകുമ്പോഴാണ് ഇപ്പോള്‍ കൊറോണയുടെ പേരിലുള്ള കുറ്റം അവര്‍ ഇന്ത്യക്ക് മേല്‍ ചുമത്തുന്നത്. ലോകാരോഗ്യ സംഘടന പോലും ചൈനയിലാണ് കൊറോണയുടെ ഉത്ഭവം തേടുന്നത്. ശാസ്ത്രീയ തെളിവുകളും ഇതിനെ ബലപ്പെടുത്തുന്നു. എന്നാല്‍ തങ്ങളുടെ രാജ്യത്ത് കണ്ടെത്തിയത് ഒറിജിനല്‍ വൈറസല്ലെന്നും, മറിച്ച് ബംഗ്ലാദേശ്, യുഎസ്എ, ഗ്രീസ്, ഓസ്‌ട്രേലിയ, ഇന്ത്യ, ഇറ്റലി, ചെക്ക് റിപബ്ലിക്ക്, റഷ്യ, സെര്‍ബിയ എന്നിങ്ങനെ എട്ട് രാജ്യങ്ങളാണ് ഇതിന്റെ ഉറവിടമായിരിക്കാന്‍ സാധ്യതയെന്നും ചൈന ആരോപിക്കുന്നു. 




കൂടുതല്‍വാര്‍ത്തകള്‍.