വൈറസിനെതിരെയുള്ള പോരാട്ടം വിജയിക്കാന്‍ വാക്‌സിനുള്ള സ്ഥാനം ഏറ്റവും പ്രധാനമാണ്. പക്ഷെ അപ്പോയിന്റ്‌മെന്റ് നല്‍കിയ ശേഷവും വാക്‌സിന്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരുടെ എണ്ണമേറുന്ന കാഴ്ചയാണ് നിലവിലുള്ളത്. ഇതിന് പുറമെയാണ് ഫിസര്‍ വാക്‌സിന്‍ പറ്റില്ലെന്നും, ഇംഗ്ലണ്ടില്‍ തയ്യാറാക്കിയ ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍ വേണമെന്നും വാശിപിടിക്കുന്ന ഒരു പക്ഷവും മറുവശത്തുള്ളത്. ഈ ഘട്ടത്തിലാണ് രാജ്ഞിയും, ഫിലിപ്പ് രാജകുമാരനും കൊവിഡ്-19 വാക്‌സിന്‍ സ്വീകരിച്ച് പൊതുജനങ്ങള്‍ക്ക് സന്ദേശം കൈമാറിയത്.
അപകടകാരിയായ മഹാമാരിക്ക് എതിരെ നിലയുറപ്പിക്കാന്‍ വാക്‌സിന്‍ എടുക്കുകയാണ് പോംവഴിയെന്ന് ബോധ്യപ്പെടുത്തുകയാണ് ഇരുവരും ഇതുവഴി ചെയ്തത്. വൈറസിനെതിരെ ടെസ്റ്റും, വാക്‌സിനും വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 94-കാരിയായ രാജ്ഞിക്കും, 99-കാരനായ ഡ്യൂക്ക് ഓഫ് എഡിന്‍ബര്‍ഗിനും വിന്‍ഡ്‌സര്‍ കാസിലില്‍ വെച്ച് രാജകീയ ഡോക്ടറാണ് ഇഞ്ചക്ഷന്‍ നല്‍കിയത്. ബെര്‍ക്ഷയര്‍ മേഖലയിലെ മറ്റ് ജനങ്ങള്‍ക്ക് കൂടി വാക്‌സിന്‍ ലഭ്യമായ ശേഷമാണ് ഇവര്‍ ആദ്യ ഡോസ് സ്വീകരിച്ചത്. രണ്ടാമത്തെ ഡോസും സമാനമായ രീതിയില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ നല്‍കും.
അതേസമയം ഓക്‌സ്‌ഫോര്‍ഡ്, ഫിസര്‍ വാക്‌സിനുകളില്‍ ഏതാണ് നല്‍കിയതെന്ന് വെളിപ്പെടുത്താന്‍ കൊട്ടാരം തയ്യാറായില്ല. ഏതെങ്കിലും തരത്തില്‍ മുന്‍ഗണന നല്‍കിയെന്ന ധാരണ ഒഴിവാക്കാനാണ് ഇത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി, ആസ്ട്രാസെനെക വാക്‌സിനാണ് ലഭ്യമാക്കിയതെന്നാണ് ശ്രോതസ്സുകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം വാക്‌സിന്‍ സ്വീകരിച്ച രാജ്ഞിക്കും, ഫിലിപ്പ് രാജകുമാരനും യാതൊരു വിധത്തിലുള്ള സൈഡ് ഇഫക്ടും രൂപപ്പെട്ടില്ല.
ഇതിനിടെ രാജ്യത്തെ ആശുപത്രികള്‍ മുന്‍പൊരിക്കലും നേരിടാത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുകയാണെന്ന് പ്രൊഫ ക്രിസ് വിറ്റി മുന്നറിയിപ്പ് നല്‍കി. 46,000 മെഡിക്കല്‍ ജോലിക്കാരാണ് സിക്ക് മൂലം ഓഫിലുള്ളത്. സൈലന്റ് സ്‌പ്രെഡര്‍മാരാകുന്ന മൂന്നില്‍ ഒരാളെ തിരിച്ചറിയാനും, വീടിന് പുറത്ത് ജോലിക്ക് പോകേണ്ടവരെ സഹായിക്കാനുമാണ് ഫാസ്റ്റ് റിസല്‍റ്റ് ലാറ്ററല്‍ ഫ്‌ളോ ടെസ്റ്റുകള്‍ നടപ്പാക്കുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് വ്യക്തമാക്കി.