പള്ളിവാസല്‍ പവര്‍ഹൗസ് ഭാഗത്ത് പ്ലസ്ടു വിദ്യാര്‍ത്ഥിനി കുത്തേറ്റ് മരിച്ച സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ബൈസണ്‍വാലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനി രേഷ്മ (17) ആണ് ഇന്നലെ കൊല്ലപ്പെട്ടത്. കുട്ടിയെ അവസാനമായി കണ്ടത് ബന്ധു നീണ്ടപ്പാറ സ്വദേശി അനുവിനൊപ്പമാണ്. ഇരുവരും ഒരുമിച്ച് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
അനുവിനായി പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകീട്ട് നാലേമുക്കാലോടെ രേഷ്മ അനുവിനൊപ്പം നടന്നുപോകുന്ന സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുകന്നത്. അനുവിന് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.
സ്‌കൂള്‍ സമയം കഴിഞ്ഞിട്ടും കുട്ടി വീട്ടിലെത്താത്തതിനെ തുടര്‍ന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പവര്‍ ഹൗസിന് സമീപത്ത് നെഞ്ചില്‍ കുത്തേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും.