കെയറര്‍മാരുടെ ജീവിതം അത്ര എളുപ്പമുള്ളതല്ല. രോഗങ്ങള്‍ ബാധിച്ചവരെയും, പ്രായമായവരെയും പരിചരിക്കാന്‍ ആദ്യം വേണ്ടത് നല്ലൊരു മനസ്സാണ്. ഇതിന് ശേഷമാണ് അവരുടെ രീതികള്‍ക്ക് അനുസരിച്ച് കാര്യങ്ങള്‍ കൃത്യമായി ചെയ്ത് കൊടുക്കാനുള്ള ഡ്യൂട്ടി നിര്‍വ്വഹിക്കേണ്ടത്. തങ്ങളുടെ ജീവിതം ദുസ്സഹമാണെന്ന് വിശ്വസിക്കുന്ന എന്‍എച്ച്എസ് കെയറര്‍മാര്‍ 32-കാരി വനേസാ റോച്ചസ്റ്ററിന്റെ ദൈനംദിന ജീവിതത്തെക്കുറിച്ച് വായിച്ച് മനസ്സിലാക്കുന്നത് തീര്‍ച്ചയായും അനിവാര്യമാകും.
യുകെയിലെ ഏറ്റവും ദുര്‍ഘടമായ യാത്ര പൂര്‍ത്തിയാക്കിയാണ് ഓരോ ദിവസവും ഈ എന്‍എച്ച്എസ് കെയറര്‍ ഡ്യൂട്ടിക്ക് എത്തുന്നത്. മല കയറ്റവും, ദുര്‍ഘടമായ പാതയും, തുഴയലും പൂര്‍ത്തിയാക്കിയാണ് വനേസയുടെ യാത്ര. മറ്റാരും താമസിക്കാത്ത വിദൂരമായ സ്‌കോട്ടിഷ് ദ്വീപിലാണ് വനേസയും, കുടുംബവും കഴിയുന്നത്. മെയിന്‍ലാന്‍ഡില്‍ നിന്നും അടിയൊഴുക്കുന്ന ടൈഡല്‍ ചാനല്‍ വേര്‍തിരിക്കുന്ന ദ്വീപില്‍ കഴിയുന്നത് കൊണ്ടൊന്നും തന്റെ സേവനം ഉപേക്ഷിക്കാന്‍ വനേസ തയ്യാറല്ല.
മെയിന്‍ലാന്‍ഡില്‍ താന്‍ പരിചരിക്കുന്ന പ്രായമായ കെയര്‍ ഹോം അന്തേവാസികളുടെ അരികിലേക്ക് കാലാവസ്ഥയൊന്നും വകവെയ്ക്കാതെ ഇവര്‍ യാത്ര ചെയ്യും. 48-കാരന്‍ ഭര്‍ത്താവ് ജെഫിനെയും, ഒരു വയസ്സുകാരന്‍ ഡ്യൂക്കിന് ഗുഡ്‌നൈറ്റും പറഞ്ഞിറങ്ങുന്ന വനേസയുടെ യാത്രയില്‍ ആദ്യം 2.4 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മലകയറ്റമാണ്. പിന്നീട് 8 അടിയുള്ള പ്ലാസ്റ്റിക് ബോട്ടില്‍ തുഴഞ്ഞ് അപകടകരമായ അടിയൊഴുക്കുകളെ തോല്‍പ്പിച്ച് ദുര്‍ഘടമായ പാതയിലെത്തും.
സാധാരണ നിലയില്‍ അഞ്ച് മിനിറ്റ് മതിയെങ്കിലും കൊടുങ്കാറ്റുള്ള സമയങ്ങളില്‍ യാത്ര ദുരിതമാകും. മറുഭാഗത്തുള്ള തന്റെ കാറിന് അരികിലെത്തിയ ശേഷം 90 മിനിറ്റ് ഡ്രൈവ് ചെയ്താണ് ഈ എന്‍എച്ച്എസ് കെയറര്‍ കെയര്‍ ഹോമില്‍ എത്തിച്ചേരുക. താന്‍ സ്‌നേഹിക്കുന്ന ജോലി ചെയ്യാന്‍ ഈ ത്യാഗമൊന്നും ഒരു പ്രശ്‌നമല്ലെന്നാണ് വനേസയുടെ പക്ഷം.