കൊവിഡ് മഹാമാരിക്കാലത്ത് സ്തുത്യര്‍ഹമായ സേവനം കാഴ്ചവെച്ച വിദേശത്ത് ജനിച്ച എന്‍എച്ച്എസ് ജീവനക്കാര്‍ക്കും, ഇവരുടെ കുടുംബങ്ങള്‍ക്കും സൗജന്യമായി വിസ കാലാവധി നീട്ടിനല്‍കാന്‍ പ്രീതി പട്ടേല്‍. ഒക്ടോബറിനകം വിസ കാലാവധി അവസാനിക്കുന്ന സുപ്രധാന ജോലിക്കാര്‍ക്ക് 12 മാസത്തേക്ക് ഓട്ടോമാറ്റിക്കായി കാലാവധി നീട്ടിനല്‍കാനാണ് ഹോം സെക്രട്ടറി അധികൃതരോട് നിര്‍ദ്ദേശിക്കുക.
അവശ്യ സേവനത്തില്‍ ജോലി ചെയ്യുന്ന 14,000ഓളം നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, പാരാമെഡിക്കുകള്‍ എന്നിവര്‍ക്ക് പ്രഖ്യാപനത്തിന്റെ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷ. 'യുകെയുടെ കൊറോണാവൈറസിന് എതിരായ പോരാട്ടത്തെ നയിക്കുന്ന ആത്മാര്‍ത്ഥരായ, യോഗ്യതയുള്ള ഹെല്‍ത്ത്, കെയര്‍ വര്‍ക്കര്‍മാരുടെ സേവനം അനിര്‍വചനീയമാണ്. മഹാമാരി കാലത്ത് എണ്ണമില്ലാത്ത ജീവനുകളാണ് ആയിരങ്ങളുടെ സഹായത്താല്‍ രക്ഷിച്ചത്. വാക്‌സിനേഷന്‍ പദ്ധതിയിലും ഇവര്‍ സുപ്രധാന പങ്കുവഹിക്കുന്നു. ഈ ഹീറോസിന്റെ സംഭാവനകള്‍ക്ക് നമ്മുടെ രാജ്യം നല്‍കുന്ന മൂല്യം കാണിക്കുന്നതാണ് സൗജന്യ വിസാ എക്‌സ്റ്റന്‍ഷന്‍', പ്രീതി പട്ടേല്‍ വ്യക്തമാക്കി.
സ്വതന്ത്ര ഹെല്‍ത്ത്, കെയര്‍ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഈ സ്‌കീമിന്റെ ഗുണം ലഭിക്കും. ശാസ്ത്രജ്ഞര്‍, ഒപ്ടീഷ്യന്‍സ്, ഡെന്റിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ് എന്നിവര്‍ക്കും ഇളവിന് യോഗ്യതയുണ്ട്. ഒരു വര്‍ഷം മുന്‍പ് മഹാമാരി ആരംഭിച്ചതിന് ശേഷം മൂന്നാം തവണയാണ് വിദേശ എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് ഹോം ഓഫീസ് വിസ കാലാവധി നീട്ടിനല്‍കുന്നത്. ഇതുവരെ 10,000 പേര്‍ക്ക് സ്‌കീമിന്റെ ഗുണം ലഭിച്ചു.
വിദേശ ഹെല്‍ത്ത്, കെയര്‍ ജീവനക്കാരുടെ സംഭാവന മഹാമാരിക്ക് എതിരായ പോരാട്ടത്തില്‍ സുപ്രധാനമായെന്ന് ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹാന്‍കോക് പ്രതികരിച്ചു. നമ്മുടെ സാധാരണ ജീവിതം തിരിച്ചുനല്‍കാന്‍ വാക്‌സിനേഷന്‍ പദ്ധതിയിലും അവര്‍ സജീവമാണ്. വിദേശത്ത് നിന്നുള്ള ആ ജീവനക്കാരുടെ വിസ കാലാവധി നീട്ടി അവര്‍ക്ക് സുരക്ഷ ഒരുക്കുന്നതോടൊപ്പം വൈറസിനെതിരായ പോരാട്ടം തുടരാനും വഴിയൊരുക്കുകയാണ്, ഹാന്‍കോക് കൂട്ടിച്ചേര്‍ത്തു.