CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 39 Seconds Ago
Breaking Now

കഴുത്തില്‍ കുരുക്ക് മുറുകിയതിന്റെ പാടില്ല,കാലിട്ടടിച്ചതിന്റേയോ മടങ്ങിയതിന്റേയോ പാടുകളൊന്നുമില്ലായിരുന്നു : വിസ്മയയുടെ മരണം കൊലപാതകമെന്ന് ആവര്‍ത്തിച്ച് സഹോദരന്‍

ഇന്‍ക്വസ്റ്റ് നടപടികളുടെ ഭാഗമായി ശരീരഭാഗങ്ങളെല്ലാം പരിശോധിക്കാന്‍ പൊലീസ് പറഞ്ഞിരുന്നു.

ശാസ്താംകോട്ടയില്‍ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ മരണം കൊലപാതകമാണെന്ന് വിശ്വസിക്കുന്നുവെന്ന് ആവര്‍ത്തിച്ച് സഹോദരന്‍ വിജിത്ത്. ഇന്‍ക്വസ്റ്റ് നടപടികള്‍ നടക്കുമ്പോള്‍ വിസ്മയയുടെ ശരീരത്തില്‍ കണ്ട ചില അടയാളങ്ങളും മറ്റുള്ള കാര്യങ്ങളുമാണ് കൊലപാതകമാണെന്ന് വിശ്വസിക്കാന്‍ കാരണമെന്നും വിജിത്ത് പറഞ്ഞു. 

ഞാനാണ് പൊലീസുകാര്‍ ഇന്‍ക്വസ്റ്റ് നടത്തുമ്പോള്‍ പോയിരുന്നത്. തൂങ്ങി മരിക്കുകയാണെങ്കില്‍ കഴുത്തിന്റെ മുകള്‍ഭാഗത്തായി കയര്‍ മുറുകിയ അടയാളമുണ്ടാകും. പക്ഷെ എന്റെ കുട്ടിയുടെ കഴുത്തിന്റെ താഴ്ഭാഗത്തായാണ് മുറിവ് വന്നിരിക്കുന്നത്. വെളുത്ത കുട്ടിയാണ്, ആ പാട് കൃത്യമായി കാണാമായിരുന്നു.

ഇന്‍ക്വസ്റ്റ് നടപടികളുടെ ഭാഗമായി ശരീരഭാഗങ്ങളെല്ലാം പരിശോധിക്കാന്‍ പൊലീസ് പറഞ്ഞിരുന്നു. ശ്വാസം കിട്ടാതാകുമ്പോള്‍ തുടയുടെ ഭാഗത്തുള്ള വസ്ത്രങ്ങളെല്ലാം സ്‌ക്രാച്ച് ചെയ്യില്ലേ, മാന്തില്ലേ, അങ്ങനെ ഒരു അടയാളവും ശരീരത്തിലില്ല.

നെയില്‍ പോളിഷ് ഇട്ടിട്ടുണ്ടായിരുന്നു. അതിന് ഒന്നും സംഭവിച്ചിട്ടില്ല. പിന്നെ ഇടതു കൈയ്യില്‍ ബ്ലേഡ് കൊണ്ടുള്ള മുറിവുണ്ട്. ഇങ്ങനെ ഒരു മുറിവുണ്ടായാല്‍ നമ്മള്‍ വസ്ത്രത്തിലല്ലേ തുടയ്ക്കുക, പക്ഷെ ഈ ചോരപ്പാടുകള്‍ കണ്ടത് തുടയിലാണ്.

കാലിട്ടടിച്ചതിന്റേയോ മടങ്ങിയതിന്റേയോ പാടുകളൊന്നുമില്ലായിരുന്നു. തൂങ്ങിമരണമാണെങ്കില്‍ മലവും മൂത്രവും സ്വാഭാവികമായും പോകും.

അതുമുണ്ടായിട്ടില്ല. ഇനി ആത്മഹത്യ തന്നെയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വരുന്നതെങ്കിലും അതൊരു കൊലപാതകമാണെന്ന് തന്നെയാണ് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നത്.

രാവിലെ അഞ്ച് മണിക്കാണ് കിരണിന്റെ വീട്ടില്‍ നിന്നും കോള്‍ വരുന്നത്. വിസ്മയക്ക് സീരിയസാണെന്നും പത്മാവതി ആശുപത്രിയിലേക്ക് വരണമെന്നും പറഞ്ഞു. വിവരമറിഞ്ഞപ്പോള്‍ പത്മാവതി ആശുപത്രിയിലേക്ക് വിളിച്ചു. മരിച്ച നിലയിലാണ് വിസ്മയയെ കൊണ്ടുവന്നതെന്നും മരണം സംഭവിച്ച് രണ്ട് മണിക്കൂര്‍ കഴിഞ്ഞിരുന്നെന്നും ഡോക്ടര്‍ പറഞ്ഞത്.അവരുടെ വീട്ടില്‍ നിന്നും വെറും രണ്ടോ മൂന്നോ കിലോമീറ്റര്‍ മാത്രം ദൂരമുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ എങ്ങനെയാണ് രണ്ട് മണിക്കൂര്‍ എടുക്കുന്നത് ?,' വിജിത്ത് പറഞ്ഞു.

തിങ്കളാഴ്ചയാണ് വിസ്മയയെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവും വാഹനവകുപ്പ് ഉദ്യോഗസ്ഥനുമായ കിരണിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നേരത്തെ സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടി ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നെന്ന് വിസ്മയയുടെ ബന്ധുക്കള്‍ ആരോപിച്ചിരുന്നു.

നൂറ് പവന്‍ സ്വര്‍ണ്ണവും ഒരു ഏക്കര്‍ 25 സെന്റ് സ്ഥലവും ഇതിന് പുറമേ പത്ത് ലക്ഷം വിലവരുന്ന കാറും വിസ്മയയുടെ വീട്ടുകാര്‍ സ്ത്രീധനമായി നല്‍കിയിരുന്നത്.എന്നാല്‍ കാറ് ഇഷ്ടപ്പെടാഞ്ഞതോടെയാണ് വിസ്മയയെ ഭര്‍ത്താവ് ക്രൂരമായി പീഡിപ്പിച്ചു തുടങ്ങിയതെന്നാണ് വിസ്മയയുടെ പിതാവ് മാധ്യമങ്ങളോട് പറഞ്ഞത്.

 




കൂടുതല്‍വാര്‍ത്തകള്‍.