CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
10 Hours 21 Minutes 16 Seconds Ago
Breaking Now

ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നു,ഇത് അനുവദിക്കില്ല ; നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ സീറോ മലബാര്‍ സഭ

പാലാ ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടും നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതമാണ്.

നാര്‍ക്കോട്ടിക്ക് ജിഹാദ് വിഷയത്തില്‍ പാലാ ബിഷപ്പിനെ പിന്തുണച്ച് സീറോ മലബാര്‍ സഭ. ബിഷപ്പിനെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് സഭ ആരോപിച്ചു. ഇത്തരം ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് സീറോ മലബാര്‍ സഭ ആവശ്യപ്പെട്ടു.

പാലാ ബിഷപ്പ് പറഞ്ഞതിന്റെ ഉദ്ദേശശുദ്ധി വ്യക്തമായിട്ടും നടപടി സ്വീകരിക്കണമെന്ന മുറവിളി ആസൂത്രിതമാണ്. കുറ്റപ്പെടുത്താനുള്ള നീക്കങ്ങള്‍ തുടര്‍ന്നാല്‍ ബിഷപ്പിനൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുമെന്ന് സീറോ മലബാര്‍ സഭ വ്യക്തമാക്കി. ബിഷപ്പിന്റെ പ്രസംഗം വിവാദമാക്കിയവര്‍ അദ്ദേഹം ഉന്നയിച്ച വിഷയത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തി. ബിഷപ്പ് നടത്തിയത് സഭാ വിശ്വാസികള്‍ക്ക് വേണ്ടിയുള്ള പ്രസംഗമാണെന്നും പൊതുജനങ്ങള്‍ക്ക് വേണ്ടിയുള്ളതായിരുന്നില്ലെന്നും സഭ ചൂണ്ടിക്കാണിച്ചു.

പാലാ ബിഷപ്പിന്റെ പ്രസംഗത്തെ ചില രാഷ്ട്രീയ നേതാക്കള്‍ രണ്ട് മതവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നമായി ചിത്രീകരിച്ചു. സമൂഹത്തിന്റെ നന്മയും സമാധാനവും ഇല്ലാതാക്കുന്ന സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഫലപ്രദമായ അന്വേഷണം ഇക്കാര്യത്തില്‍ വേണമെന്നും സീറോ മലബാര്‍ സഭ ആവശ്യപ്പെട്ടു.

ഇതിനിടെ പാലാ ബിഷപ്പിന്റെ നാര്‍ക്കോട്ടിക്ക് ജിഹാദ് പരാമര്‍ശവും വിവാദവും നിര്‍ഭാഗ്യകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ചില കേന്ദ്രങ്ങള്‍ ശ്രമിക്കുന്നുവെന്നും പ്രണയവും മയക്കു മരുന്നും ഏതെങ്കിലും മതത്തിന്റെ കണക്കില്‍ തള്ളേണ്ടതല്ലെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വിവാദങ്ങള്‍ക്ക് തീ കൊടുത്ത് നേട്ടം കൊയ്യാനുള്ള നീക്കം വ്യാമോഹം മാത്രമാണെന്നും ചിലര്‍ പ്രചരിപ്പിക്കുന്ന കാര്യങ്ങള്‍ക്ക് വസ്തുതയുടെ പിന്‍ബലമില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

 




കൂടുതല്‍വാര്‍ത്തകള്‍.