വ്‌ളാദിമര്‍ പുടിന്റെ സൈന്യം ഫിന്‍ലാന്‍ഡിലും, സ്വീഡനിലും അധിനിവേശം നടത്താന്‍ ശ്രമിച്ചാല്‍ എതിര്‍ത്ത് തോല്‍പ്പിക്കാന്‍ ബ്രിട്ടീഷ് സൈന്യം രംഗത്തിറങ്ങുമെന്ന് പ്രഖ്യാപിച്ച് ബോറിസ് ജോണ്‍സണ്‍.
പരമ്പരാഗതമായി നിഷ്പക്ഷ നിലപാട് സ്വീകരിച്ച് വരുന്ന സ്‌കാന്‍ഡിനേവിയന്‍ രാജ്യങ്ങളുമായി പ്രധാനമന്ത്രി ചരിത്ര പ്രാധാന്യമുള്ള സുരക്ഷാ ഉടമ്പടിയിലാണ് ഒപ്പുവെച്ചത്. റഷ്യന്‍ പ്രസിഡന്റിനുള്ള താക്കീത് എന്ന നിലയിലാണ് ഈ നീക്കത്തെ വിദഗ്ധര്‍ വ്യാഖ്യാനിക്കുന്നത്.
ഫിന്‍ലാന്‍ഡും, സ്വീഡനും നാറ്റോയില്‍ ചേരാനുള്ള ഒരുക്കം നടത്തവെയാണ് സുപ്രധാന നീക്കം. ഇരുരാജ്യങ്ങളിലും സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നതിന് പുറമെ ഇന്റലിജന്‍സ് സഹകരണവും യുകെ മെച്ചപ്പെടുത്തും.
സംയുക്ത സൈബര്‍ അക്രമ പ്രതിരോധത്തെയും ബ്രിട്ടന്‍ പിന്തുണയ്ക്കുമെന്ന് ധാരണയായിട്ടുണ്ട്. യുദ്ധമുണ്ടായാല്‍ പരസ്പരം സഹായിക്കുമെന്നും ഉടമ്പടി സ്ഥിരീകരിക്കുന്നു. സ്വീഡിഷ്, ഫിന്നിഷ് തലസ്ഥാനങ്ങളായ സ്റ്റോക്ക്‌ഹോമിലും, ഹെല്‍സിങ്കിയിലും പറന്നിറങ്ങിയ ശേഷമാണ് ബോറിസ് കരാറുകളില്‍ ഒപ്പുവെച്ചത്.
'ഉക്രെയിനിലെ കൃഷിയിടങ്ങളിലും, തെരുവുകളിലും റഷ്യന്‍ ടാങ്കുകളുടെ അവശിഷ്ടങ്ങള്‍ ചിതറിക്കിടക്കുന്നുണ്ട്. സ്വീഡന്‍ വികസിപ്പിച്ച്, ബ്രിട്ടന്‍ നിര്‍മ്മിച്ച എന്‍എല്‍എഡബ്യുഎസിനാണ് ഇതിന് നന്ദി പറയേണഅടത്. സഹകരണത്തിന്റെ ഗുണം ഇതില്‍ നിന്നും വ്യക്തമാണ്', ബോറിസ് ജോണ്‍സണ്‍ വ്യക്തമാക്കി.
ചെറിയ ജനസംഖ്യ മാത്രമുള്ള ഫിന്‍ലാന്‍ഡ് റഷ്യയുമായി നീളമേറിയ അതിര്‍ത്തി പങ്കിടുന്നുണ്ട്. നാറ്റോയില്‍ ചേരുന്ന വിഷയം ചര്‍ച്ചയായതോടെ സ്വീഡിഷ് വ്യോമാതിര്‍ത്തിയില്‍ റഷ്യന്‍ യുദ്ധവിമാനങ്ങള്‍ അലോസരം സൃഷ്ടിച്ചിരുന്നു.