Breaking Now

ബ്രിസ്‌ക: രണ്ടാം ബ്രിസ്റോൾ കലാമേള ജൂണ്‍ 22 ന്

ബ്രിസ്‌കയുടെ അംഗങ്ങളായ 258 കുടുംബങ്ങളില്‍നിന്നുള്ള കുട്ടികളും മുതിര്‍ന്നവരും പങ്കെടുക്കുന്ന ബ്രിസ്റ്റോള്‍ കലാമേളയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നു.

വിവിധ വ്യക്തിഗത-ഗ്രൂപ്പ് ഇനങ്ങളിലായി 178 പേര്‍ ഇതിനോടൊപ്പം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഒരാള്‍ക്ക് 5 പൗണ്ടാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഗ്രൂപ്പ് മത്സരങ്ങള്‍ ബ്രിസ്‌കയുടെ അസോസിയേറ്റ് അംഗങ്ങളായ വിവിധ അയല്‍കൂട്ടങ്ങള്‍ , പ്രാദേശിക അസോസിയേഷനുകള്‍ എന്നിവയുടെ നേതൃത്വത്തിലാണ് പ്രധാനമായും അരങ്ങേറുന്നത്. ബ്രിസ്‌റ്റോളില്‍ ആദ്യമായി നടത്തുന്ന പുരുഷ കേസരി, മലയാള മങ്ക മത്സരങ്ങളായിരിക്കും ഇത്തവണത്തെ ശ്രദ്ധാകേന്ദ്രം.

ജൂണ്‍ ഇരുപത്തിരണ്ടാം തിയ്യതി രാവിലെ പത്തുമണിമുതല്‍ ഫില്‍ട്ടണ്‍ കമ്മ്യൂണിറ്റി ഹാളില്‍ മത്സരങ്ങള്‍ നടക്കും. വിവിധ സ്റ്റേജുകളിലായാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. പ്രഗത്ഭരായ വിധികര്‍ത്താക്കള്‍ മത്സരഫലം നിര്‍ണയിക്കുന്നതും സമയബന്ധിതമായി പുറത്തുവിടുന്നതുമാണ്.

കലാമേളയുടെ വിജയത്തിനായി പ്രസിഡന്റ് ജോജിമോന്‍ കുര്യാക്കോസ് (ചെയര്‍മാന്‍)),  ആര്‍ട്‌സ് സെക്രട്ടറി ബിനു ജേക്കബ് (കണ്‍വീനര്‍ ), ജനറല്‍ സെക്രട്ടറി കിഷന്‍ പയ്യന, വൈസ്പ്രസിഡന്റ് ജോണ്‍സണ്‍ തോമസ്, ട്രഷറര്‍ രാജുമോന്‍ , ആര്‍ട്‌സ് കോര്‍ഡിനേറ്റര്‍മാരായ രാജേഷ് ജോസ് , മനോജ് ഡൊമനിക്,മാനുവൽ മാത്യു, മുന് പ്രസിഡണ്ട്‌ ജോമോൻ സെബാസ്റ്റിയന്‍ , ജോസ് ജോസഫ്‌  , ബിനോയ് മാണി, സണ്ണിജോസഫ്, ജോസി, ബാബു അളിയത്ത്, ജോര്‍ജ് ലൂക്ക്, റജി ജോണ്‍ എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിച്ചു.

മെയ് മാസത്തില്‍ നടന്ന ബ്രിസ്‌ക കായികമേളയുടെ വിജയത്തിന്റെ ആവേശം കെട്ടടങ്ങുന്നതിനു മുന്‍പാണ് കലാമേള അരങ്ങേറുന്നത്. ചിട്ടയായ പ്രവർത്തനങ്ങളും അയൽക്കൂട്ടങ്ങളുടെയും അസോസിയേഷനുകളുടെയും പൂർണ്ണസഹകരണവും കലാമേള ചരിത്ര സംഭവമാക്കുമെന്ന വിശ്വാസത്തിലാണ് സംഘാടകർ.വാൻ പങ്കാളിത്തം ഉറപ്പായതിനാൽ അതനുസരിച്ചുള്ള ക്രമീകരണങ്ങളും ഉറപ്പുവരുത്തുകയാണ് സംഘാടകര്‍ .

നാല് വേദികളിലായി കൃത്യസമയത്ത് തന്നെ മത്സരങ്ങള്‍ നടക്കും. 8 വൊളന്റിയര്‍മാര്‍ അടങ്ങുന്ന ടീമാണ് ഓരോ വേദിയും നിയന്ത്രിക്കുന്നത്. കൂടാതെ ഭക്ഷണം, പാര്‍ക്കിങ്, പ്രഥമ ശുശ്രൂഷ എന്നിവയ്ക്കും പ്രത്യേക ടീമിന്റെ സേവനം ലഭ്യമാകും. മത്സരാര്‍ഥികളുടെയും മറ്റുള്ളവരുടെയും സൗകര്യം കണക്കാക്കി ബ്രിസ്‌കയുടെ സ്റ്റാളില്‍ നിന്നും ഭക്ഷണ പാനീയങ്ങള്‍ മിതമായ നിരക്കില്‍ വിതരണം ചെയ്യും.

വിവിധ പ്രദേശങ്ങളിലായി ഗ്രൂപ്പ് മത്സരങ്ങളുടെ പരിശീലനങ്ങള്‍ ഇതിനോടകം തുടങ്ങിക്കഴിഞ്ഞു. ഗുണപരമായ വീറോടെ ഗ്രൂപ്പ് മത്സരങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കാനായി അയല്‍കൂട്ടം, അസോസിയേഷന്‍ നേതൃത്വങ്ങള്‍ സജീവമായി രംഗത്തുവരുന്നത് മത്സരങ്ങളുടെ നിലവാരവും കലാമേളയുടെ വന്‍ ജനപങ്കാളിത്തവും വർദ്ധിപ്പിക്കുമെന്ന് ബ്രിസ്‌ക നേതൃത്വം വിലയിരുത്തുന്നു.
കൂടുതല്‍വാര്‍ത്തകള്‍.