ഒണ്‍ലി ഫാന്‍സ് വെബ്‌സൈറ്റിലെ നീലച്ചിത്ര കണ്ടന്റുകള്‍ പതിവായി വീക്ഷിച്ച് അടിമകളായി മാറുന്നതിനെ തുടര്‍ന്ന് സഹായം തേടുന്നവരുടെ എണ്ണം റെക്കോര്‍ഡില്‍. അശ്ലീല ലോകത്ത് നിന്നും രക്ഷപ്പെടാനായി സഹായം തേടുന്നവരുടെ എണ്ണത്തില്‍ 25% വര്‍ദ്ധനവ് ഉണ്ടായെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇംഗ്ലണ്ടില്‍ മാത്രം ഈ വിധത്തില്‍ സഹായം തേടിയവരുടെ എണ്ണം 15% വര്‍ദ്ധിച്ച് 9840-ലേക്കാണ് ഉയര്‍ന്നത്. വെയില്‍സില്‍ ഇതേ കാലയളവില്‍ 339 പേരാണ് സഹായം തേടിയത്. നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ 66 വര്‍ദ്ധനവ് രേഖപ്പെടുത്തി 2022-ലെ 168ല്‍ നിന്നും 280 പേരും സഹായം അഭ്യര്‍ത്ഥിച്ചതായി യുകെ അഡിക്ഷന്‍ ട്രീറ്റ്‌മെന്റ് ഗ്രൂപ്പ് പറഞ്ഞു.
എന്നാല്‍ സ്‌കോട്ട്‌ലണ്ടില്‍ സ്ഥിതി വളരെ രൂക്ഷമാണ്. നീലച്ചിത്ര അടിമത്തം ഇവിടെ 170 ശതമാനമാണ് കുതിച്ചുയര്‍ന്നത്. ഒരു വര്‍ഷം മുന്‍പ് 584 പേരാണ് ചികിത്സ തേടിയതെങ്കില്‍ ഈ വര്‍ഷം ഇത് 1582 ആയാണ് വര്‍ദ്ധിച്ചത്. ആര്‍ക്ക് വേണമെങ്കിലും അശ്ലീല കണ്ടന്റ് പങ്കുവെയ്ക്കാന്‍ കഴിയുന്ന ഒണ്‍ലിഫാന്‍സ് വെബ്‌സൈറ്റ് ജനമനസ്സുകളെ വിഷലിപ്തമാക്കുന്നുവെന്നാണ് ഈ കഥകള്‍ വ്യക്തമാക്കുന്നത്.
മഹാമാരിയാണ് ആളുകളെ കൂടുതല്‍ ഓണ്‍ലൈന്‍ അശ്ലീലതയുടെ ഉപയോഗത്തിലേക്ക് തള്ളിവിട്ടതെന്ന് യുകെ അഡിക്ഷന്‍ ട്രീറ്റ്‌മെന്റ് ഗ്രൂപ്പ് ചൂണ്ടിക്കാണിക്കുന്നു. കണ്ടന്റ് പങ്കിടുന്നവരുമായി നേരിട്ട് ആശയവിനിമയത്തില്‍ വരുന്നതാണ് ഒണ്‍ലിഫാന്‍സ് പോലുള്ള സൈറ്റുകളിലേക്ക് ഉപയോക്താക്കളെ എത്തിക്കുന്നത്.