തന്റെ ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ നികുതി കുറച്ചുള്ള പ്രഖ്യാപനം ഉണ്ടാകുമെന്ന് സൂചന നല്‍കി ജെറമി ഹണ്ട്. ബിസിനസ്സുകള്‍ക്കും, കുടുംബങ്ങള്‍ക്കും മേലുള്ള നികുതി ഭാരം വളരെ ഉയര്‍ന്നതാണെന്ന് സമ്മതിച്ച ചാന്‍സലര്‍ പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തിയിട്ടുണ്ട്. ബുധനാഴ്ച സാമ്പത്തിക പാക്കേജുകള്‍ പ്രഖ്യാപിക്കുമ്പോള്‍ പ്രതീക്ഷയ്ക്ക് വകയുണ്ടെന്ന് തന്നെയാണ് സൂചന.
സമ്പദ് വ്യവസ്ഥ ഊര്‍ജ്ജസ്വലതയോടെ ഉത്പാദനപരമായി മുന്നേറ്റം നേടണമെങ്കില്‍ നികുതി കുറയ്ക്കുക തന്നെ വേണമെന്നും ചാന്‍സലര്‍ സമ്മതിക്കുന്നു. ഇന്‍ഹെറിറ്റന്‍സ് ടാക്‌സ് കുറയ്ക്കാന്‍ നടപടി സ്വീകരിക്കുന്നതിന് പുറമെ ചെറുകിട ബിസിനസ്സുകളുടെ നികുതിയും കുറയ്ക്കുമെന്നാണ് ഇപ്പോള്‍ അഭ്യൂഹം പ്രചരിക്കുന്നത്. എന്നാല്‍ ഇന്‍കം ടാക്‌സ് അല്ലെങ്കില്‍ നാഷണല്‍ ഇന്‍ഷുറന്‍സ് കുറയ്ക്കുന്ന വിഷയത്തില്‍ ചാന്‍സലറും, പ്രധാനമന്ത്രിയും അന്തിമതീരുമാനത്തിലേക്ക് എത്തിയിട്ടില്ല.
പൊതുഖജനാവിലേക്ക് മെച്ചപ്പെട്ട രീതിയില്‍ പണമെത്തിയത് ട്രഷറിക്ക് ആശ്വാസമായി മാറിയിട്ടുണ്ട്. അതുകൊണ്ട് തന്നെ 25 ബില്ല്യണ്‍ പൗണ്ടോളം ചെലവഴിക്കാന്‍ ഹണ്ടിന് ഇടം ലഭിച്ചിട്ടുണ്ട്. ഓട്ടം സ്‌റ്റേറ്റ്‌മെന്റില്‍ എന്തെല്ലാം പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്ന് സ്ഥിരീകരിക്കാന്‍ ചാന്‍സലര്‍ തയ്യാറായിട്ടില്ല. ടാക്‌സ് കട്ടിംഗ് ഒരിക്കലും നടക്കില്ലെന്ന് പറഞ്ഞ അഭിപ്രായത്തില്‍ നിന്നും ചാന്‍സലര്‍ ഭാഷ മെച്ചപ്പെടുത്തിയിട്ടുണ്ടെന്നതാണ് പ്രതീക്ഷയ്ക്ക് ഇടയാക്കുന്നത്.
ടിവി, റേഡിയോ അഭിമുഖങ്ങളില്‍ പങ്കെടുത്ത ചാന്‍സലര്‍ കുറഞ്ഞ നികുതി ഒറ്റ രാത്രി കൊണ്ട് നടക്കുന്ന കാര്യമല്ലെന്നും, റോം ഒരു ദിവസം കൊണ്ട് നിര്‍മ്മിച്ചതല്ലെന്നുമൊക്കെ അഭിപ്രായപ്പെട്ടിട്ടുണ്ട്. നികുതി നിരക്കുകള്‍ കുറയ്ക്കാന്‍ ടോറി എംപിമാര്‍ ഹണ്ടിനും, സുനാകിനും മേല്‍ കനത്ത സമ്മര്‍ദം ചെലുത്തുന്നുണ്ട്. 70 വര്‍ഷത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലാണ് നികുതി. പൊതുതെരഞ്ഞെടുപ്പ് സാധ്യതകള്‍ മെച്ചപ്പെടുത്താന്‍ ടോറികള്‍ക്ക് നികുതി കുറയ്‌ക്കേണ്ടത് അനിവാര്യവുമാണ്.