രാജ്യത്തിന്റെ പല ഭാഗങ്ങളും സ്പ്രിംഗ് സീസണിലേക്ക് പ്രവേശിച്ചതിന് പിന്നാലെ സ്ഥിഗതി മാറ്റിമറിച്ച് മഞ്ഞും, ശക്തമായ മഴയും തേടിയെത്തുമെന്ന് മുന്നറിയിപ്പ്. അപൂര്‍വ്വമായ കാലാവസ്ഥാ പ്രതിഭാസം രൂപപ്പെടുന്നുവെന്ന മുന്നറിയിപ്പാണ് മെറ്റ് ഓഫീസ് പുറപ്പെടുവിച്ചിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ മുതല്‍ സ്‌കോട്ട്‌ലണ്ടിലെ ഭൂരിഭാഗം മേഖലകളിലും മഞ്ഞുവീഴ്ച തുടങ്ങുമെന്ന് പുതിയ കാലാവസ്ഥാ മാപ്പ് വ്യക്തമാക്കുന്നു.
ആര്‍ഗില്‍, ബൂട്ട് പോലുള്ള ഇടങ്ങളില്‍ ഓരോ മണിക്കൂരിലും നാല് ഇഞ്ച് വരെ മഞ്ഞുവീഴ്ചയാണ് പ്രവചിക്കപ്പെടുന്നത്. കഴിഞ്ഞ ആഴ്ച സ്പ്രിംഗ് സീസണ്‍ വരേവറ്റതിന് പിന്നാലെയാണ് തണുപ്പ് കാലാവസ്ഥ തിരിച്ചെത്തുന്നത്. സൂര്യന്‍ ഹൃസ്വസമയത്തേക്ക് തലപുറത്തിട്ടെങ്കിലും വീക്കെന്‍ഡില്‍ തന്നെ ഒറ്റ അക്ക താപനില രേഖപ്പെടുത്തു തുടങ്ങിയിരുന്നു.
ഇംഗ്ലണ്ടില്‍ ലങ്കാഷയറിന്റെ ചില ഭാഗങ്ങള്‍, ലേക്ക് ഡിസ്ട്രിക്ട്, ഈസ്റ്റ് എയിര്‍ഷയര്‍ എന്നിവിടങ്ങളില്‍ തിങ്കളാഴ്ച വൈകുന്നേരത്തോടെ തന്നെ ശക്തമായ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ട്. ഇവിടെ താപനില -2 സെല്‍ഷ്യസിലേക്കാണ് താഴുക.
ഇതിനിടെ വെയില്‍സ്, മിഡ്‌ലാന്‍ഡ്‌സ്, ഇംഗ്ലണ്ട് സൗത്ത് കോസ്റ്റ് എന്നിവിടങ്ങളില്‍ മണിക്കൂറില്‍ 10 എംഎം വരെ മഴയാണ് പ്രവചിക്കുന്നത്. ഈ തണുത്ത കാലാവസ്ഥ മൂലം അപൂര്‍വ്വമായി കാണുന്ന 'ഫ്രീസിംഗ് മഴയ്ക്കും' സാധ്യത തെളിയും. പെയ്തിറങ്ങുന്ന മഴ ഉടനടി തണുത്തുറയുന്നതാണ് ഈ അവസ്ഥ. ബുധനാഴ്ച നോര്‍ത്ത് ഇംഗ്ലണ്ടിലും, സ്‌കോട്ട്‌ലണ്ടിലുമാണ് ഇത് നേരിടുക.