പങ്കാളിയെ ലൈംഗിക തൊഴിലിനു നിര്‍ബന്ധിച്ചെന്ന പരാതിയില്‍ ക്ഷേത്ര പൂജാരിക്കെതിരെ ചെന്നൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പാരീസ് കോര്‍ണറിലെ ക്ഷേത്രത്തില്‍ പൂജാരിയായ കാര്‍ത്തിക് മുനുസ്വാമിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. ലൈംഗികാതിക്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വകാര്യ ടെലിവിഷന്‍ ചാനലിലെ ജീവനക്കാരിയുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
ലൈംഗിക തൊഴില്‍ ചെയ്യുന്നതിന് വിസമ്മതിച്ചപ്പോള്‍ ശാരീരികോപദ്രവം നടത്തിയതായും പരാതിയില്‍ ഉന്നയിക്കുന്നുണ്ട്. എഞ്ചിനീയറിംഗ് ബിരുദധാരിയാണ് പരാതിക്കാരി. യുവതിയുടെ മാതാപിതാക്കള്‍ മരിച്ചിരുന്നു. യുവതി തനിച്ചായിരുന്നു താമസം. ആ സമയത്താണ് കാര്‍ത്തിക് മുനുസാമിയുമായി പരിചയപ്പെട്ടത്.
സൗഹൃദത്തില്‍ തുടരുന്നതിനിടെ ഒരു ദിവസം വീട്ടിലെത്തിയ ഇയാള്‍ മദ്യപിച്ച ശേഷം യുവതിയെ പീഡിപ്പിച്ചു. യുവതി പൊലീസില്‍ പരാതിപ്പെടുമെന്ന് പറഞ്ഞതോടെ, തനിക്ക് ഇഷ്ടമാണെന്നും വിവാഹം കഴിക്കുമെന്നും വാഗ്ദാനം നല്‍കി. തുടര്‍ന്നാണ് ഇരുവരും ഒരുമിച്ച് താമസം തുടങ്ങിയത്.
ഇതിനിടയില്‍ യുവതി ഗര്‍ഭിണിയാവുകയും പിന്നാലെ ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിതയാവുകയും ചെയ്തു. പിന്നീടാണ് ലൈംഗിക തൊഴിലിന് ഇറങ്ങാന്‍ നിര്‍ബന്ധിച്ചത്. യുവതിയുടെ പരാതിയില്‍ അന്വേഷണം തുടങ്ങി