ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ ലോകം അല്‍പ്പം ഭയപ്പാടോടെയാണ് കാണുന്നത്. ഇതിന് പ്രത്യേക കാരണം ആളുകളുടെ ജോലി നഷ്ടമാകുമെന്ന ഭീതിയാണ്. എന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റ് കുതിച്ചുയര്‍ന്ന് സമ്മര്‍ദത്തിലായ എന്‍എച്ച്എസിനെ സംബന്ധിച്ച് എഐ ഉപയോഗം അനുഗ്രഹമായി മാറുമെന്നാണ് കരുതുന്നത്.
എന്‍എച്ച്എസില്‍ ആയിരക്കണക്കിന് ബ്രിട്ടീഷ് സ്ത്രീകള്‍ക്ക് മാമോഗ്രാം ചെയ്യാനായി എഐ ഡോക്ടറെ നിയോഗിക്കുന്ന ട്രയല്‍സിനെ പ്രശംസിച്ച് പ്രധാനമന്ത്രി ഋഷി സുനാകും രംഗത്തെത്തി. കൂടുതല്‍ കൃത്യമായിട്ടുള്ള പരിശോധനാഫലങ്ങളിലേക്ക് നീങ്ങുകയും, മറ്റ് ജോലികളുടെ തിരക്കിലുള്ള ജീവനക്കാര്‍ക്ക് വെയ്റ്റിംഗ് ലിസ്റ്റ് കുറയ്ക്കാനുള്ള യത്‌നത്തില്‍ മുന്നോട്ട് പോകാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ എഐ ഉപയോഗം ഏറെ ഗുണം ചെയ്യുമെന്ന അനുമാനത്തിലേക്ക് എത്തുന്നത് ഇതില്‍ നിന്നുമാണ്. സൗത്ത് കൊറിയയില്‍ നടന്ന എഐ സമ്മേളനത്തില്‍ പങ്കെടുത്ത പ്രധാനമന്ത്രി ഈ ഗുണങ്ങള്‍ ഉയര്‍ത്തിക്കാണിക്കുകയും ചെയ്തു. എന്‍എച്ച്എസും, കൊറിയന്‍ സ്ഥാപനമായ ലൂണിറ്റും ചേര്‍ന്ന് സ്തനാര്‍ബുദ പരിശോധന വേഗത്തിലും, കൃത്യവുമായും നടപ്പാക്കാന്‍ എഐ ഉപയോഗിക്കുന്നതിനെയും പ്രധാനമന്ത്രി പ്രശംസിച്ചു.
ലീഡ്‌സ് ടീച്ചിംഗ് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റിലാണ് എഐ ഉപയോഗിച്ച് മാമോഗ്രാം പരിശോധന ട്രയല്‍സ് നടന്നത്. ക്യാന്‍സര്‍ സൂചനകള്‍ കാണാതെ പോകുന്നത് ഒഴിവാക്കാന്‍ രണ്ട് റേഡിയോളജിസ്റ്റുകള്‍ ചെയ്യുന്ന പരിശോധനയാണ് എഐയെ ഏല്‍പ്പിച്ചത്. ഈ ട്രയല്‍സിന്റെ ഫലങ്ങള്‍ വര്‍ഷാവസാനം പുറത്തുവിടും. എഐ പരിശോധനകളില്‍ 94 ശതമാനം വിജയനിരക്ക് ഉണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.