അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിലേക്ക് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി കമല ഹാരിസ് മത്സരത്തിനിറങ്ങിയതോടെ ഇനി വൈസ് പ്രസിഡന്റ് ആരെന്ന ചോദ്യമാണ് ഉയരുന്നത്. കമല ഹാരിസ് തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് സൂചന. നിലവില്‍ ആറ് പേരാണ് സാധ്യതാ പട്ടികയിലുള്ളത്.
പെന്‍സില്‍വേനിയ ഗവര്‍ണര്‍ ജോഷ് ഷപ്പീറോ, അരിസോണ സെനറ്ററും, മുന്‍ നാസ ബഹിരാകാശ യാത്രികനുമായ മാര്‍ക്ക് കെല്ലി, ഇല്ലിനോയ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്‌സ്‌കര്‍, ബൈഡന്‍ ക്യാബിനറ്റ് അംഗം പീറ്റ് ബൂട്ടജിജ്, മിനസോട്ട ഗവര്‍ണര്‍ ടിം വാല്‍സ്, കെന്റക്കി ഗവര്‍ണര്‍ ആന്‍ഡി ബഷീര്‍ തുടങ്ങിയവരുമായി കമല ഹാരിസിന്റെ കൂടിക്കാഴ്ചകള്‍ ഇന്ന് പൂര്‍ത്തിയാകും. ഇതിന് ശേഷമാകും ആരാകും അടുത്ത വൈസ് പ്രസിഡന്റ് എന്ന് തീരുമാനിക്കുക.
നിലവില്‍ പരിഗണനയിലുള്ള ജോഷ് ഷപ്പീറോ, മാര്‍ക്ക് കെല്ലി എന്നിവരില്‍ ഒരാള്‍ക്കാണ് സാധ്യത. ചൊവ്വാഴ്ച്ചയോടെ കമല ഹാരിസ് തന്റെ പുതിയ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായി തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കും. നവംബറിലാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. തിരഞ്ഞെടുപ്പില്‍ നിന്നും പിന്മാറിയ പ്രസിഡന്റ് ജോ ബൈഡന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസിനെ നാമനിര്‍ദേശം ചെയ്യുകയായിരുന്നു.