കെട്ടിടത്തിന് മുകളില്‍ നിന്ന് ദേഹത്തേക്ക് നായ വീണതിനെ തുടര്‍ന്ന് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന മൂന്ന് വയസുകാരി മരിച്ചു. മഹാരാഷ്ട്രയിലെ മുംബ്രയില്‍ മാര്‍ക്കറ്റിലൂടെ അമ്മയ്ക്കൊപ്പം നടന്നു പോകുകയായിരുന്ന മൂന്ന് വയസുകാരിയുടെ മുകളിലേക്ക് സമീപത്തെ കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്ന് നായ താഴേക്ക് വീഴുകയായിരുന്നു.മഹാരാഷ്ട്ര താനെക്ക് സമീപം അമൃതനഗറിലുള്ള മാര്‍ക്കറ്റില്‍ ചൊവ്വാഴ്ചയാണ് അപകടമുണ്ടായത്.അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നായ ദേഹത്തേക്ക് വീണതിന് പിന്നാലെ കുട്ടിയുടെ ബോധം നഷ്ടപ്പെട്ടു. പരിക്കേറ്റ കുട്ടിയെ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കില്‍ ചികിത്സക്കിടെ കുട്ടി മരിച്ചു.
സംഭവത്തില്‍ മുംബ്ര പോലീസ് അപകടമരണത്തിനു കേസെടുത്തു. നായ വീണതെന്നു കരുതുന്ന കെട്ടിടത്തിലെ താമസക്കാരനെ കേന്ദ്രീകരിച്ചാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. അഞ്ചാം നിലയില്‍ താമസിച്ചിരുന്ന ജെയ്ദ് സയ്യദ് എന്ന വ്യക്തി ഗോള്‍ഡന്‍ റിട്രീവര്‍ വിഭാഗത്തില്‍പ്പെട്ട നായയെ വളര്‍ത്തിയിരുന്നുവെന്നാണു സൂചന. നായ തനിയെ ചാടിയതാണോ, ആരെങ്കിലും താഴേക്ക് മനപ്പൂര്‍വം എടുത്ത് എറിഞ്ഞതാണോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. അപകടത്തില്‍ റിട്രീവറിനും ഗുരുതര പരിക്കുണ്ട്.