ഒരു രാജ്യത്തെ ജയിലുകളില്‍ ആവശ്യത്തിന് സ്ഥലമില്ലാതാകുന്ന അവസ്ഥയെ കുറിച്ച് ചിന്തിക്കാന്‍ കഴിയുമോ? സിനിമാക്കഥയെന്ന് തോന്നാമെങ്കിലും ബ്രിട്ടന്റെ അവസ്ഥ ഇതാണ്. ഇവിടെ ജയിലുകളില്‍ പുതിയ തടവുകാരെ പാര്‍പ്പിക്കാന്‍ സ്ഥലമില്ലാത്ത നിലയിലാണ്. കുറഞ്ഞ തോതില്‍ കുറ്റകൃത്യം ചെയ്യുന്നവരെ ജയിലിലേക്ക് വിടാന്‍ നില്‍ക്കേണ്ടെന്നാണ് ജഡ്ജിമാര്‍ക്കുള്ള നിര്‍ദ്ദേശം.
പ്രശ്‌നം പരിഹരിക്കാന്‍ ജയിലുകളില്‍ നിന്നും തടവുകാരെ മുന്‍കൂറായി വിട്ടയയ്ക്കുന്ന പദ്ധതിയും നടപ്പാക്കുന്നുണ്ട്. ഇംഗ്ലണ്ടിലും, വെയില്‍സിലും തടവിലായ ക്രിമിനലുകളുടെ എണ്ണം 88,350 എത്തിയതോടെ റെക്കോര്‍ഡ് ഉയരത്തിലായി. ഇതോടെ അയല്‍രാജ്യങ്ങളിലെ ജയിലുകളിലേക്ക് ബ്രിട്ടീഷ് തടവുകാരെ അയയ്ക്കുന്ന സാഹചര്യമാണ് നേരിടുന്നത്.
തങ്ങളുടെ പക്കല്‍ വാടകയ്ക്ക് നല്‍കാന്‍ ജയിലുകള്‍ ഉള്ളതായി നാറ്റോ സഖ്യകക്ഷിയായ എസ്‌തോണിയ ബ്രിട്ടനെ അറിയിച്ചു. സെല്ലുകള്‍ വാടകയ്ക്ക് നല്‍കാമെന്ന് എസ്‌തോണിയ ജസ്റ്റിസ് മന്ത്രി ലിസാ പക്കോസ്താ വ്യക്തമാക്കി. ഇതോടെ ചില തടവുകാരെ എസ്‌തോണിയ ജയിലുകളിലേക്ക് അയയ്ക്കുമെന്നതാണ് സ്ഥിതി. എസ്‌തോണിയയ്ക്ക് 25 മില്ല്യണ്‍ പൗണ്ട് ലഭിക്കുന്നതാണ് സ്‌കീമെന്ന് പക്കോസ്ത പറഞ്ഞു.
ബ്രിട്ടന് പുറമെ സ്വീഡനും തടവുകാരെ അയയ്ക്കാന്‍ ചര്‍ച്ച ആരംഭിച്ചതായി ഇവര്‍ വ്യക്തമാക്കി. 'ഞങ്ങളുടെ ജയിലുകളില്‍ പകുതി സ്ഥലവും ഒഴിഞ്ഞ് കിടക്കുകയാണ്. ഈ വിഷയത്തില്‍ ചര്‍ച്ച നടത്താനായി ഗവണ്‍മെന്റ് ക്യാബിനറ്റിന് മുന്നില്‍ നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ട്', പക്കോസ്ത പറയുന്നു.