അടുത്ത ബജറ്റില്‍ പരിധിയില്ലാതെ നികുതികള്‍ വര്‍ദ്ധിപ്പിക്കാനുള്ള അവകാശം അനുവദിക്കണമെന്ന് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സിനോട് കേണപേക്ഷിച്ച് കൗണ്‍സിലുകള്‍. സിംഗിള്‍ പേഴ്‌സണ്‍ ഡിസ്‌കൗണ്ട് ഇല്ലാതാക്കാനുള്ള ഓപ്ഷനും അനുവദിച്ച് നല്‍കണമെന്നാണ് കൗണ്‍സിലുകളുടെ ആവശ്യം.
വര്‍ഷത്തില്‍ അഞ്ച് ശതമാനം നികുതി വര്‍ദ്ധനയ്ക്കുള്ള ക്യാപ്പ് ഒഴിവാക്കാനാണ് ലോക്കല്‍ ഗവണ്‍മെന്റ് അസോസിയേഷന്‍ ചാന്‍സലറോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുമൂലം കൗണ്‍സില്‍ ടാക്‌സ് വര്‍ദ്ധനയ്ക്ക് പരിധികളുണ്ട്. ഇതില്‍ കൂടുതല്‍ നികുതി ഉയര്‍ത്താന്‍ ഹിതപരിശോധന ആവശ്യമാണ്.
എന്നാല്‍ സംഘടനയുടെ പ്രതീക്ഷയ്‌ക്കൊത്ത് സഞ്ചരിക്കാന്‍ ഗവണ്‍മെന്റ് തയ്യാറായേക്കില്ലെന്ന് മുതിര്‍ന്ന ശ്രോതസ്സുകള്‍ ടെലിഗ്രാഫിനോട് പറഞ്ഞു. 6 ബില്ല്യണ്‍ പൗണ്ടിന്റെ ഫണ്ടിംഗ് വിടവ് നേരിടാന്‍ കൗണ്‍സിലുകള്‍ക്ക് ഈ ശക്തമായ നടപടി അനിവാര്യമാണെന്ന് അസോസിയേഷന്‍ വാദിക്കുന്നു.
സിംഗിള്‍ പേഴ്‌സണ്‍ ഡിസ്‌കൗണ്ടിലൂടെ ഒറ്റയ്ക്ക് താമസിക്കുന്നവര്‍ക്ക് കൗണ്‍സില്‍ ടാക്‌സ് ബില്ലില്‍ 25% ഡിസ്‌കൗണ്ട് ലഭിക്കുന്നുണ്ട്. ഇതില്‍ നിന്ന് മാത്രം പ്രതിവര്‍ഷം 3 ബില്ല്യണ്‍ പൗണ്ട് കണ്ടെത്താമെന്ന് ലോക്കല്‍ അതോറിറ്റികള്‍ പറയുന്നു. മറ്റ് നികുതികള്‍ വര്‍ദ്ധിപ്പിക്കാന്‍ തെരഞ്ഞെടുത്ത ഗവണ്‍മെന്റിന് അധികാരം ലഭിക്കുമ്പോള്‍ കൗണ്‍സില്‍ ടാക്‌സിലും ഈ അധികാരം നല്‍കണമെന്നാണ് അസോസിയേഷന്റെ വാദം.