വളരെ ചുരുങ്ങിയ കാലയളവില്‍ തന്നെ പ്രവാസി മലയാളി സമൂഹത്തിനിടയിലും യുകെയിലെ പൊതുപ്രവര്‍ത്തനരംഗത്തും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അകാലത്തില്‍ നമ്മെ വിട്ടു പിരിഞ്ഞ കൈരളി യുകെ ദേശീയ സമിതി അംഗവും കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റുമായിരുന്ന പ്രതിഭ കേശവന്റെ അനുസ്മരണം, 'ഓര്‍മ്മക്കൂട്ടം' കേംബ്രിഡ്ജില്‍ നടന്നു. കൈരളി യുകെ കേംബ്രിഡ്ജ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംഗമത്തില്‍ പ്രതിഭയുടെ ഇംഗ്ലണ്ടിലുള്ള കുടുംബാംഗങ്ങളും, സഹപ്രവര്‍ത്തകരും സുഹൃത്തുക്കളും പങ്കെടുത്തു.
കൈരളി യുകെ ദേശീയ പ്രസിഡന്റ് പ്രിയ രാജന്‍, സെക്രട്ടറി കുര്യന്‍ ജേക്കബ്, പ്രതിഭയുടെ സഹപ്രവര്‍ത്തക ലിസ്, SNDS കേംബ്രിഡ്ജ് യൂണിയന്‍ അദ്ധ്യക്ഷന്‍ കിഷോര്‍ രാജ്, സ്വാസ്റ്റണ്‍ മലയാളി അസോസിയേഷന്‍ പ്രതിനിധി ജോസഫ്, കേംബ്രിഡ്ജ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജോജി ജോസഫ്, കേംബ്രിഡ്ജ് കേരള കള്‍ച്ചറല്‍ അസോസിയേഷന്‍ പ്രസിഡന്റ് റോബിന്‍ കുര്യാക്കോസ്, കൈരളി യുകെ ദേശീയ കമ്മിറ്റി അംഗം ഐശ്വര്യ അലന്‍ , കേംബ്രിഡ്ജ് യൂണിറ്റ് പ്രസിഡന്റ് ജെറി വല്യാറ, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ശ്രീജു പുരുഷോത്തമന്‍ , രഞ്ജിനി ചെല്ലപ്പന്‍ എന്നിവര്‍ ചടങ്ങില്‍ ഓര്‍മ്മകള്‍ പങ്കുവെച്ചു.
ഒരു ജ്യേഷ്ഠ സഹോദരിയുടെ കരുതലും സ്‌നേഹവും നല്‍കിയ പ്രതിഭയുടെ മരണവാര്‍ത്തയുടെ ആഘാതത്തില്‍ നിന്നും പ്രിയപ്പെട്ടവര്‍ക്ക് ഇപ്പോഴും മുക്തി നേടാനായിട്ടില്ല എന്ന് കൈരളി യുകെ ദേശീയ അദ്ധ്യക്ഷ പ്രിയ രാജന്‍ അനുസ്മരണ പ്രഭാഷണ വേളയില്‍ പറയുകയുണ്ടായി. കൈരളിയുടെ രൂപീകരണം മുതല്‍ സംഘടനയ്ക്ക് ദിശാബോധം നല്‍കി നേതൃത്വപരമായ പങ്കു വഹിച്ചവരില്‍ പ്രധാനിയായിരുന്നു പ്രതിഭ എന്ന് മുഖ്യപ്രഭാഷണ വേളയില്‍ കൈരളി യുകെ ദേശീയ ജനറല്‍ സെക്രട്ടറി കുര്യന്‍ ജേക്കബ്ബ് സ്മരിച്ചു. ഒരാണ്ട് ഒരു വ്യക്തിയുടെ വിയോഗത്തില്‍ ശൂന്യതയുടെ എത്ര വലിയൊരു കാലയളവാകുന്നുവെന്ന് പ്രതിഭയെ അറിയുന്ന ഏവര്‍ക്കും അനുഭവപെട്ടിട്ടുണ്ടാകും എന്ന് പ്രതിഭയുടെ മാനേജരായി ജോലി ചെയ്തിരുന്ന ലിസ് പ്രഭാഷണമദ്ധ്യേ അഭിപ്രായപ്പെട്ടു. SNDS ന്റെ ഏറ്റവും മികച്ച പ്രവര്‍ത്തകരില്‍ ഒരാളും SNDS ഏരിയ കമ്മിറ്റി ഭാരവാഹിയും ആയിരുന്ന പ്രതിഭയുടെ പെട്ടന്നുള്ള വേര്‍പാട് സംഘടനയ്ക്ക് നികത്താനാവാത്ത തീരാനഷ്ടം തന്നെയാണ് ഏല്‍പ്പിച്ചത് എന്ന് SNDS കേംബ്രിഡ്ജ് യൂണിയന്‍ അദ്ധ്യക്ഷന്‍ കിഷോര്‍ പ്രസംഗമദ്ധ്യേ പറയുകയുണ്ടായി. ഇതാദ്യമായാണ് ബ്രിട്ടണില്‍ വച്ച് ഒരു മലയാളി മരിച്ച് ഒരു വര്‍ഷത്തിന് ശേഷം നടക്കുന്ന ഒരു അനുസ്മരണ സംഗമത്തില്‍ പങ്കെടുക്കുന്നതെന്നും അതില്‍ ഇത്രയും ജനപങ്കാളിത്തം ഉണ്ടായത് തന്നെ പ്രതിഭയുടെ ആശയങ്ങളുടെയും ബന്ധങ്ങളുടെയും ശക്തി കൊണ്ടാണെന്നും സ്വാസ്റ്റണ്‍ മലയാളി അസോസിയേഷന്‍ പ്രതിനിധി ജോസഫ് അനുസ്മണ സന്ദേശത്തില്‍ പറഞ്ഞു.
പ്രിയപ്പെട്ട പ്രതിഭയെ സ്മരിച്ചു കൊണ്ട്, അവരുമൊത്തുള്ള ഓര്‍മ്മകള്‍ പങ്കുവക്കുമ്പോള്‍ വിമാനയാത്രയില്‍ ഒപ്പമുണ്ടായിരുന്ന സഹയാത്രികയുടെ പ്രസവം ധീരമായി അഭിമുഖീകരിച്ചതും, നേടിയിരുന്നു.സാമ്പത്തികമായ് പിന്നോക്കം നിന്ന രണ്ട് കുട്ടികളെ അവര്‍ സഹായിച്ചിരുന്നതും ഉള്‍പ്പെടെ പ്രതിഭ തന്റെ പരിമിതമായ സാഹചര്യങ്ങളിലും ചെയ്തു പോന്ന ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ എല്ലാവരും സ്മരിച്ചു. പ്രതിഭയുടെ സുഹൃത്തുക്കള്‍ വീടുകളില്‍ നിന്ന് തയ്യാറാക്കി കൊണ്ടു വന്ന പലഹാരങ്ങള്‍ പങ്കു വച്ചു കൊണ്ടുള്ള ലഘു ചായ സല്‍ക്കാരത്തോടെ അനുസ്മരണ സംഗമം അവസാനിച്ചു.
കൈരളി കേംബ്രിഡ്ജ് ഫുഡ് ബാങ്കിന്റെ പ്രവര്‍ത്തനാരംഭവും അതിലേക്കുള്ള വിഭവങ്ങളുടെ സമാഹരണവും തദവസരത്തില്‍ നടത്തുകയുണ്ടായി. പ്രതിഭയുടെ സുഹൃത്തുക്കള്‍ വീടുകളില്‍ നിന്ന് തയ്യാറാക്കി കൊണ്ടു വന്ന പലഹാരങ്ങള്‍ പങ്കു വച്ചു കൊണ്ടുള്ള ലഘു ചായ സല്‍ക്കാരത്തോടെ അനുസ്മരണ സംഗമം അവസാനിച്ചു